ആനവണ്ടിക്കാര്‍ക്ക് ആശ്വാസം; ഇനി ശമ്പളം ഒന്നാം തീയതി തന്നെ, ₹ 230 കോടി അനുവദിക്കും
രജിസ്ട്രേഷൻ ഇനത്തിൽ 9.62 കോടി രൂപ ഒഴിവാക്കിയാണ് കേരളാ ബാങ്കിനെ കൺസോർഷ്യത്തിൽ ഉൾപ്പെടുത്തുന്നത്
മറ്റ് സർക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നതു പോലെ എല്ലാ മാസവും ഒന്നാം തീയതി കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികൾ അവസാന ഘട്ടത്തില്‍. 2025 ജനുവരി 1 മുതൽ പുതിയ ക്രമീകരണം പ്രാബല്യത്തിൽ കൊണ്ടു വരാനാണ് ലക്ഷ്യമിടുന്നത്.
ശമ്പള വിതരണത്തിനായി കേരള ബാങ്ക് 150 കോടി രൂപ വരെ വായ്പയും 80 കോടി രൂപ അധിക ഓവർ ഡ്രാഫ്റ്റും കെ.എസ്.ആർ.ടി,സി ക്ക് അനുവദിക്കും. സംസ്ഥാന സർക്കാർ രണ്ട് ഗഡുക്കളായി നൽകുന്ന 50 കോടി രൂപയും കോര്‍പ്പറേഷന്റെ മറ്റ് വരുമാനങ്ങളും ഉപയോഗിച്ച് കേരള ബാങ്കിലേക്ക് തുക തിരിച്ചടയ്ക്കുന്നതാണ്.
ബാങ്ക് കൺസോർഷ്യം
ബാങ്ക് കൺസോർഷ്യത്തിൽ കെ.ടി.ഡി.എഫ്.സി ക്ക് (കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെൻ്റ് ഫിനാൻസ് കോർപ്പറേഷന്‍) പകരം കേരള ബാങ്കിനെ ഉൾപ്പെടുത്താന്‍ തീരുമാനത്തില്‍ എത്തിയതോടെയാണ് തുക അനുവദിക്കാന്‍ സാധിച്ചത്. രജിസ്ട്രേഷൻ, സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 9.62 കോടി രൂപ ഒഴിവാക്കിയാണ് സര്‍ക്കാര്‍ കേരളാ ബാങ്കിനെ കൺസോർഷ്യത്തിൽ ഉൾപ്പെടുത്തുന്നത്. എസ്.ബി.ഐ, പി.എൻ.ബി, കാനറ ബാങ്ക് എന്നിവയാണ് കൺസോർഷ്യത്തിലെ മറ്റ് അംഗങ്ങള്‍.
ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍, കെ.എസ്.ആർ.ടി.സി സി.എം.ഡി, കേരള ബാങ്ക് പ്രതിനിധികൾ, ബാങ്ക് കൺസോർഷ്യത്തിലെ അംഗങ്ങള്‍ തുടങ്ങിയവരുള്‍പ്പെട്ട യോഗത്തിലാണ് ശമ്പളത്തിനായി തുക അനുവദിക്കാനുളള തീരുമാനത്തിലെത്തിയത്.
കൺസോർഷ്യത്തിൽ ഉള്‍പ്പെടുത്തുന്നതിന് നബാർഡിൻ്റെ അനുമതി മാത്രം മതിയെന്ന തരത്തില്‍ നടപടികള്‍ ലഘൂകരിച്ചാണ് കേരള ബാങ്കിനെ അംഗമാക്കിയിരിക്കുന്നത്. നബാർഡിൻ്റെ അനുമതി ലഭിച്ച ശേഷം ഡിസംബർ പകുതിയോടെ കേരള ബാങ്കിന് കൺസോർഷ്യത്തില്‍ അംഗമാകാന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.