കംപ്യൂട്ടറിനു മുന്നില്‍ ജോലി ചെയ്യുന്നവരാണോ? ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

Update:2019-09-06 18:00 IST

പലര്‍ക്കും ജോലികളെല്ലാം ചെയ്തു തീര്‍ക്കേണ്ടത് കംപ്യൂട്ടറില്‍ ആണെന്നതിനാല്‍ കംപ്യൂട്ടറുമായുള്ള തുടര്‍ച്ചയായ സമ്പര്‍ക്കം ഒഴിവാക്കാനാകില്ല. എന്നാല്‍ കുറേ നേരം തുടര്‍ച്ചയായി കംപ്യൂട്ടറിനു മുന്നില്‍ ഇരിക്കുന്നതു കണ്ണുകള്‍ക്കു ദോഷം ചെയ്യും. ഭാവിയില്‍ കാഴ്ചയെയും ബാധിക്കും. ഏറെ നേരം തുറിച്ചു നോക്കുന്നതിനാല്‍ കണ്ണിലെ ഈര്‍പ്പം കുറയും. കണ്ണീര്‍ ഉത്പാദനം കുറയ്ക്കും. രോഗാണു ബാധയ്ക്കും ഇടയാകും. ചിലര്‍ക്കു പോളയില്‍ കുരുക്കളും പ്രത്യക്ഷപ്പെടാം. ഇതാ ഏറെ നേരം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ അറിയാം.

  • കംപ്യൂട്ടര്‍ ഉപയോഗവുമായി ബന്ധപ്പെട്ട് കണ്ണുകള്‍ക്കുണ്ടാവുന്ന രോഗങ്ങളെ കംപ്യൂട്ടര്‍ വിഷന്‍ സിണ്‍ഡ്രോം എന്നാണു നേത്രരോഗ വിദഗ്ധര്‍ പറയുന്നത്. ഇതു പലതരത്തിലുണ്ട്. കൃഷ്ണമണിക്കു ചുറ്റും കുത്തുകള്‍ വരുന്ന സൂപ്പര്‍ ഫിഷ്യല്‍ പങ്ക്‌ട്രേറ്റ് കെററ്റൈറ്റിസ് ആണ് ഇതില്‍ ഏറെ മാരകമായത്. ആന്റിഗ്ലെയര്‍ ഗ്ലാസുകള്‍ ഉപയോഗിക്കുന്നതു ഒരു പരിധിവരെ കംപ്യൂട്ടറില്‍ നിന്നുള്ള രശ്മികളുടെ ആഘാതം കുറയ്ക്കാന്‍ സഹായിക്കും. ആര്‍ട്ടിഫിഷ്യല്‍ ടിയേഴ്‌സ് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഉപയോഗിക്കാം.

  • ഒറ്റയിരിപ്പ് ഒഴിവാക്കുക. ചെറിയ ഇടവേളകളും വലിയ ഇടവേളകളും എടുക്കുക. ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ 10 മിനിറ്റ് വിശ്രമമെടുക്കുക. അല്ലെങ്കില്‍ ഓരോ മുപ്പതു മിനിറ്റ് കഴിയുമ്പോഴും മുപ്പത് മീറ്ററിലധികം ദൂരത്തുള്ള വസ്തുവിനെ നോക്കുക.

  • തുറിച്ചു നോക്കരുത്. ഇടയ്ക്കു കണ്ണ് ചിമ്മണം. സ്‌ക്രീനില്‍ മാത്രം നോക്കുന്നത് ഒഴിവാക്കണം. ദൂരെയുള്ള മറ്റു വസ്തുക്കളിലേക്കു നോക്കുന്നത് ആയാസം കുറയ്ക്കും. ഇടയ്ക്ക് എഴുന്നേറ്റു നടക്കുക. മുഖം കഴുകുക.

  • കംപ്യൂട്ടര്‍ വച്ച മുറിയില്‍ ചെടിച്ചട്ടികള്‍ വയ്ക്കുന്നത് കണ്ണിന് ആയാസം കുറയ്ക്കാന്‍ സഹായിക്കും. മോണിട്ടറിന്റെ മേല്‍ഭാഗം കണ്ണിന്റെ നേരേ വരുന്ന രീതിയില്‍ ഉയരം ക്രമീകരിക്കണം.

  • മോണിറ്ററുമായി മൂന്ന് മൂന്നര അടി അകലമെങ്കിലും സൂക്ഷിക്കുക. കംപ്യൂട്ടറിലേക്ക് തുറിച്ചു നോക്കരുത്. ആന്റി ഗ്ലെയര്‍ ഗ്ലാസുകള്‍ ഉപയോഗിക്കുകയാണ് ഒരു പോംവഴി. ഇതുവഴി 80% വരെ റേഡിയേഷന്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമെന്നാണു കരുതുന്നത്.

  • കംപ്യൂട്ടര്‍ വച്ച മുറിയില്‍ സുഗമമായി അങ്ങോട്ടുമിങ്ങോട്ടും ചലിക്കാനുള്ള സ്ഥലം ഉണ്ടാകണം. പൊടി, ചൂട്, തണുപ്പ്, ശബ്ദം എന്നിവ അധികമാകാതിരിക്കാന്‍ ശ്രമിക്കണം.

  • കംപ്യൂട്ടറിനെക്കാള്‍ ഉയരം ഇരിപ്പിടത്തിനുണ്ടായാല്‍ നേത്രരോഗങ്ങളില്‍ നിന്നും മറ്റ് ശാരീരിക അസ്വസ്ഥതകളില്‍ നിന്നും ഒരു പരിധി വരെ രക്ഷപ്പെടാനാകുമെന്ന് നേത്ര രോഗവിദഗ്ധര്‍. കംപ്യൂട്ടറിനെക്കാള്‍ 30 മുതല്‍ 40 ഡിഗ്രി വരെ ഉയരത്തിലാകണം ഉപയോഗിക്കുന്ന യാളുടെ ഇരിപ്പിടം ക്രമീകരിക്കേണ്ടതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൌസ് പാഡ് കൈക്കുഴയുടെ അടുത്തായിട്ടാണ് വയ്‌ക്കേണ്ടത്. മോണിറ്ററുമായി ഒരു കയ്യകലമെങ്കിലും ദൂരമുണ്ടാകണം.

Similar News