രാത്രിയില്‍ ഫോണ്‍ വേണ്ടേ വേണ്ട…

Update:2019-02-05 12:13 IST

സ്മാര്‍ട്ട്‌ഫോണ്‍ സുഖകരമായ ഉറക്കത്തിന് തടസമുണ്ടാക്കും എന്ന് നമുക്കറിയാം. എന്നാല്‍ ആ വാദത്തിന്റെ ശാസ്ത്രീയവശം ഇതാണ്. സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് വരുന്ന നീലവെളിച്ചം രാവിലെയായി എന്ന തെറ്റായ സന്ദേശം നിങ്ങള്‍ പോലും അറിയാതെ തലച്ചോറിന് തരുന്നു. ഇത് കണ്ണ് തുറക്കാന്‍ നിങ്ങളെ നിര്‍ബന്ധിതരാക്കുന്നു. അങ്ങനെ സുഖകരമായ ഉറക്കത്തിന് ഭംഗമുണ്ടാകുന്നു.

അതുകൊണ്ട് ഫോണോ ടാബോ രാത്രിയില്‍ സ്വിച്ച് ഓഫ് ചെയ്തു വെക്കാന്‍ വിദഗ്ധര്‍ ഉപദേശിക്കുന്നു. അല്ലെങ്കില്‍ സ്മാര്‍ട്ടഫോണ്‍ കിടപ്പുമുറിയില്‍ വെക്കാതിരിക്കുക.

നമ്മുടെയുള്ളില്‍ ഒരു ജൈവ ഘടികാരമുണ്ട്. അതാണ് നമ്മെ അലാം വെച്ചില്ലെങ്കിലും വിളിച്ച് ഉണര്‍ത്തുന്നത്. എന്നാല്‍ സ്മാര്‍ട്ട്‌ഫോണിന്റെ നീലവെളിച്ചം ഇതിന്റെ സ്വാഭാവികമായ പ്രവര്‍ത്തനത്തിന് തടസമുണ്ടാക്കുന്നു. ഇത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഇന്ന് കാണുന്ന പല ജീവിതശൈലി രോഗങ്ങള്‍ക്കും കാരണം നല്ല ഉറക്കം കിട്ടാത്തത് ആയതിനാല്‍ ഇക്കാര്യത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

രാവിലെ പുറത്തുനിന്ന് വരുന്നത് നീല കലര്‍ന്ന വെളിച്ചവും വൈകുന്നേരത്തേത് ചുവപ്പു കലര്‍ന്ന വെളിച്ചവുമാണ്. വൈകുന്നേരത്തെ ചുവപ്പു കലര്‍ന്ന വെളിച്ചമാണ് ഉറക്കത്തിനായി തയാറാകാന്‍ നിങ്ങള്‍ക്ക് സന്ദേശം നല്‍കുന്നത്. കണ്ണുകളിലുള്ള കോശങ്ങളിലെ മെലാനോപ്‌സിന്‍ എന്ന പ്രോട്ടീന്‍ ചുവന്ന വെളിച്ചവുമായി ആശയവിനിമയം നടത്തിയാണ് ഇത് സാധ്യമാക്കുന്നത്. ഈ പ്രോട്ടീനില്‍ വെളിച്ചം തട്ടുന്നതാണ് ഉറക്കമുണരാനും ഉറക്കത്തിലേക്ക് പോകാനുമൊക്കെ നമ്മെ സഹായിക്കുന്നത്. നീലവെളിച്ചം തരുന്നത് ഉറക്കം വിട്ട് എഴുന്നേല്‍ക്കാനുള്ള സന്ദേശമാണ്. അതുകൊണ്ട് രാത്രിയില്‍ ഫോണ്‍ അകറ്റിവെക്കുക.

Similar News