ടെക്‌നോളജി നിങ്ങളെ രോഗിയാക്കുന്നത് ഇങ്ങനെ!

Update:2019-06-06 14:41 IST

അടുപ്പമുള്ളവരുടെയെല്ലാം ഫോണ്‍ നമ്പറും ജന്മദിനവുമെല്ലാം കാണാതെ പറയാനായിരുന്ന നാളുകള്‍ ഓര്‍ക്കുന്നുണ്ടോ? എന്നാലിന്ന് സ്വന്തം കുടുംബാംഗങ്ങളുടെ ഫോണ്‍ നമ്പറുകളോ വിശേഷദിവസങ്ങളോ പോലും നാം മറന്നുപോകുന്നു.

ഫോണ്‍ ഓര്‍മ്മിപ്പിച്ചില്ലെങ്കില്‍ അതൊക്കെ അറിയാതെ പോകാം. പുതുസാങ്കേതികവിദ്യ നമ്മുടെ തലച്ചോറിന്റെ രീതികളെ തന്നെ മാറ്റിയിട്ടുണ്ടെന്ന പഠനങ്ങള്‍ ആശങ്കയുണര്‍ത്തുന്നതാണ്. സാങ്കേതികവിദ്യയുടെ അമിത ഉപയോഗം ഓര്‍മ്മയെ ബാധിക്കുന്നു. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറയ്ക്കുന്നു. സ്ലീപ്പ് സൈക്കിളില്‍ മാറ്റം വരുന്നു.

ദൈനംദിന ജീവിതത്തില്‍ ഓര്‍മ്മക്കുറവ് നിങ്ങളെ അലട്ടാറുണ്ടോ? നിങ്ങളുടെ മറവിയെക്കുറിച്ച് കൂടെയുള്ളവര്‍ പരാതിപ്പെടാറുണ്ടോ? ടെക്‌നോളജിയാകാം ഇവിടെ വില്ലന്‍. അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ നേരത്തെ വരാന്‍ ഇതും കാരണമായേക്കാം എന്ന് മെല്‍ബണ്‍ യൂണിവേഴ്‌സിറ്റിയിലെ ന്യൂറോസൈക്കോളജിസ്റ്റായ പ്രൊഫസര്‍ മൈക്കിള്‍ സെയ്‌ലിംഗ് സൂചിപ്പിക്കുന്നു.

സ്ഥിരമായി കാറിന്റെ താക്കോല്‍ മറന്നുവെക്കുക, കുട്ടികളെ സ്‌കൂളില്‍ നിന്ന് കൂട്ടാന്‍ മറക്കുക തുടങ്ങിയ പ്രശ്‌നങ്ങളുമായി സ്ഥിരമായി തന്നെ കാണാന്‍ രോഗികള്‍ എത്തുന്നുവെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ പലരും അതിന് ഗൗരവം കൊടുക്കുന്നില്ല.

ഫോണ്ട്‌ബോണ്‍ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി പ്രൊഫസറായ ഡോ.ജെയ്‌സണ്‍ ആര്‍ ഫിന്‍ലി തന്റെ ഗവേഷണത്തിലൂടെ കണ്ടെത്തിയത് ടെക്‌നോളജി മനുഷ്യന്റെ ഓര്‍മ്മശക്തിയെ ബാധിക്കുന്നുണ്ടെന്നാണ്.

പുതുസാങ്കേതികവിദ്യ ആവശ്യമുള്ളതും ഇല്ലാത്തതുമായ നിരവധി വിവരങ്ങള്‍ നമ്മുടെ തലച്ചോറിലേക്ക് തരുന്നു. പല കാര്യങ്ങളില്‍പ്പെട്ട് ആവശ്യമുള്ളവ മറക്കുന്നു. കൂടുതലായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ തലച്ചോറിന്റെ പ്രിഫ്രണ്ടല്‍ കോര്‍ട്ടക്‌സില്‍ ഇന്റര്‍നെറ്റ് മിതമായി മാത്രം ഉപയോഗിക്കുന്നവരെക്കാള്‍ രണ്ടിരട്ടി ആക്റ്റിവിറ്റി ഉണ്ടാകുന്നതായി പഠനത്തില്‍ കണ്ടെത്തി.

തലച്ചോറിന്റെ ഈ ഭാഗമാണ് പെട്ടെന്നുള്ള തീരുമാനം എടുക്കുന്നതിനും ഹൃസ്വകാല ഓര്‍മ്മയ്ക്കുമായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം മൂലം ആവശ്യമുള്ളതും ഇല്ലാത്തതുമായ നിരവധി വിവരങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത് ആവശ്യമുള്ള കാര്യങ്ങള്‍ ഓര്‍മിച്ചുവെക്കുന്നതിനും ആഴത്തിലുള്ള ചിന്തകള്‍ക്കുമൊക്കെ തടസമായേക്കാം.

തലച്ചോര്‍ വികാസം പ്രാപിച്ചുവരുന്ന കുട്ടികളില്‍ അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം അവരുടെ ചിന്തിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിക്കാനും ഉള്ള കഴിവിനെ ദോഷകരമായി ബാധിക്കുന്നു. അത് അവരുടെ ക്രിയാത്മകത കുറയ്ക്കുന്നു. തീരുമാനമെടുക്കാനുള്ള കഴിവിനെ ബാധിക്കുന്നു. ഈ സ്ഥിതിവിശേഷത്തെ ഗൗരവത്തോടെ കാണണമെന്ന് ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.

Similar News