ലോക്ഡൗണ്‍ ദിനങ്ങള്‍ ഉന്മേഷഭരിതമാക്കാം; പരിശീലിക്കാം മ്യൂസിക് തെറാപ്പി

Update: 2020-04-17 02:30 GMT

ലോക്ഡൗണ്‍ ദിനങ്ങളില്‍ കൊറോണയെക്കുറിച്ചു ചിന്തിച്ച് ഭയന്നിരിക്കുന്നവര്‍ ഒരു വശത്ത്. ലോകം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി തങ്ങളെയും ബാധിക്കുമോ എന്നു ഭയന്നിരിക്കുന്ന, തൊഴില്‍ നഷ്ടമാകുമോ എന്ന് കരുതി ഭയപ്പെടുന്നവര്‍ മറ്റൊരു വശത്ത്. സംരംഭങ്ങള്‍ എങ്ങനെ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഭയന്നിരിക്കുന്നവരും ഇക്കൂട്ടത്തില്‍ പെടുന്നു. എല്ലാ മേഖലയിലുമുള്ള ജനവിഭാഗങ്ങളെ ബാധിക്കുന്ന ഒരു മഹാവിപത്തിനെയാണ് നാം നേരിട്ടു കൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ പോസിറ്റീവ് ആകുക പ്രയാസകരമാണ്. എന്നാല്‍ നല്ലൊരു നാളേക്കായ് പോസിറ്റീവ് ചിന്താഗതി നിറയ്ക്കുകയേ വഴിയുള്ളൂ. കാരണം നമ്മുടെ ജോലി , ജീവിതം, സംരംഭം എന്നിവ മെല്ലെ സ്വാഭാവികതയിലേക്ക് വരുമ്പോള്‍ അതിനൊപ്പം അതിനെ നയിക്കാന്‍ ഊര്‍ജസ്വലനായ നേതാവിന്റെ മനോഭാവത്തോടെ നമ്മള്‍ ഉണ്ടായേ മതിയാകൂ.

കഴിഞ്ഞ ദിവസങ്ങളില്‍ പല ചിന്തകരും മാനസികാരോഗ്യ വിദഗ്ധരും ലോക്ഡൗണ്‍ ദിനങ്ങളെ പോസിറ്റീവ് മനോഭാവത്തോടെയെടുക്കാന്‍ വേണ്ട നിര്‍ദേശങ്ങളൊക്കെ നമ്മോട് പങ്കുവച്ചിരുന്നു. ഈ ലോക്ഡൗണ്‍ ദിനങ്ങളില്‍ നിങ്ങള്‍ പോലും അറിയാതെ നിങ്ങള്‍ സ്‌ട്രെസ് അനുഭവിക്കാനിടയുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വര്‍ക്ക് ഫ്രം ഹോം, സാമൂഹിക ജീവിതത്തില്‍ നിന്നും വിട്ടു നില്‍ക്കല്‍, സാലറി കട്ട്, പ്രിയപ്പെട്ടവരെ ഓര്‍ത്തുള്ള ആധി അങ്ങനെ മാനസിക ശാന്തി ഇല്ലാതാക്കുന്ന പല സാഹചര്യം വന്നേക്കാം.

യോഗയോ വ്യായാമമോ ചെയ്യാത്തവര്‍ക്കു പോലും സ്‌ട്രെസ് അകറ്റാന്‍ ഒരു എളുപ്പവഴിയാണ് ഇവിടെ പറയുന്നത്. വ്യായാമം ദിവസത്തില്‍ 30 മിനിട്ടെങ്കിലും ചെയ്യുന്നത് നല്ലതാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അത് അല്‍പ്പം സന്തോഷം നല്‍കുന്ന രീതിയിലാക്കണമെന്ന് മാത്രം.

ഇന്‍ഡോര്‍ വ്യായാമങ്ങള്‍ക്ക് ആസ്വദിച്ച് ചെയ്യാന്‍ ചില യൂട്യൂബ് വിഡിയോകളെ ആശ്രയിക്കാം. https://www.youtube.com/watch?v=sdoNOB6w1fY സൂമ്പ പഠനം ചെറിയ രീതിയില്‍ തുടങ്ങാം. ഇതിലെല്ലാം സംഗീതം പ്രാധാന്യമര്‍ഹിക്കുന്നു. നിങ്ങളുടെ ചലനങ്ങള്‍ക്ക് ചടുലത പകരാന്‍ സംഗീതത്തിന് കഴിയും, ഒപ്പം മനസ്സിന് ഉന്മേഷം നല്‍കാനും ഇത് സഹായിക്കും. മ്യൂസിക് തെറാപ്പിയുടെ മറ്റൊരു പതിപ്പാണിത്.

കാതില്‍ സംഗീതം നിറയുമ്പോള്‍

ഇനി മറ്റൊന്ന് , സമയമില്ലാത്തതിനാല്‍ പിന്നീട് ആസ്വദിച്ചു കേള്‍ക്കാം എന്നു കരുതി മാറ്റിവച്ചിരിക്കുന്ന പ്രിയപ്പെട്ട പാട്ടുകളുടെ ലിസ്റ്റ് തപ്പിയെടുത്തോളൂ. ലോക്ഡൗണ്‍ ദിനങ്ങളില്‍ കാതില്‍ സംഗീതം നിറയുമ്പോള്‍ മനസ്സില്‍ പ്രത്യാശയും വിടരും. മനസ്സ് പ്രക്ഷുബ്ധമായിരിക്കുമ്പോള്‍ ഒരു പാട്ടുകേട്ടാല്‍ എത്ര വലിയ മാറ്റമാണ് വരുന്നതെന്ന് ആരോടും പ്രത്യേകിച്ചു പറയേണ്ടതില്ല. https://www.youtube.com/watch?v=iyE7iks44y8

മുറ്റമുള്ള വീടുള്ളവര്‍ പാട്ട് കേട്ട് നടത്തം ശീലിക്കുന്നത് നല്ലതാണ്. ഇന്‍ഡോറുകളിലുള്ളവര്‍ക്ക് ബാല്‍ക്കണിയോ ടെറസോ തെരഞ്ഞെടുക്കാം, ഒപ്പം ഇഷ്ടഗാനത്തിന്റെ ഈണം ചെവികളില്‍.

സംഗീതം പോലെ ഇത്രയധികം നമ്മുടെ മൂഡിനെ മാറ്റിമറിക്കുന്ന മറ്റൊരു സാന്ത്വനസ്പര്‍ശം ഉണ്ടോ? ഇത്രയധികം മനസ്സു തണുപ്പിക്കുന്ന ഒരിളംതെന്നലുണ്ടോ? നമ്മുടെ തലച്ചോറിലെ നിരവധി രാസപ്രതിപ്രവര്‍ത്തനങ്ങളെ ട്രിഗര്‍ ചെയ്തു റിലാക്‌സേഷന്‍ എന്ന വിശ്രാന്തിയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാന്‍ സംഗീതത്തിനു കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. '

സ്‌ട്രെസ് വര്‍ധിപ്പിക്കുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കറുച്ച് ആനന്ദത്തിന്റെ പുതുധാരകളെ നമ്മിലേക്ക് ഒഴുക്കിവിടാന്‍ സംഗീതത്തിനാകുമെന്ന് വിവിധ ജേണലുകളില്‍ വ്യക്തമാക്കുന്നു.

ഈ ടെക്‌നിക്കിലൂടെ പിരിമുറുക്കത്തിന്റെ കെട്ടുകളൊക്കെ അഴിഞ്ഞുപോകും. ഉത്കണ്ഠയുടെ, ആകുലതയുടെ വലിയ ഭാരങ്ങള്‍ അലിഞ്ഞുപോകും. രോഗാതുരതകള്‍ പോയ്മറയും. നല്ല ആരോഗ്യവും സ്വസ്ഥതയും കൂട്ടായ് വരും. ആനന്ദം മനസ്സിലും ശരീരത്തിലും നിറയും.

കുളി കഴിഞ്ഞ് അല്‍പ്പം ശാന്തമായ സംഗീതം ആസ്വദിച്ചതിന് ശേഷം ജോലികള്‍ തുടങ്ങി നോക്കൂ, സ്‌ട്രെസ് ഇല്ലാത്ത അവസ്ഥ നിങ്ങള്‍ക്ക് തീര്‍ച്ചയായും അനുഭവപ്പെടും. ഇനിയെന്തിനാണ് മടിച്ചു നില്‍ക്കുന്നത്, മ്യൂസിക് തെറാപ്പി സ്വയം ചെയ്യൂ. ലോക്ഡൗണിലെ സ്‌ട്രെസ് ഒഴിവാക്കൂ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News