അതിസമ്പന്നനാകാന്‍ ഒരു അടിപൊളി പ്ലാന്‍

ഓരോ വ്യക്തിയെയും അതിസമ്പന്നനാക്കുന്ന, സന്തോഷിപ്പിക്കുന്ന, സംതൃപ്തി നല്‍കുന്ന ഒരു നിക്ഷേപത്തെ കുറിച്ച് മനസിലാക്കാം

Update:2024-02-25 11:15 IST

Image by Canva

കോവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷം ഹോളിഡേ ആഘോഷിക്കുന്നതിന്റെ ഭാഗമായി 2022ല്‍ ഞങ്ങള്‍ കേപ് ടൗണ്‍ (Cape Town) വിമാനത്താവളത്തില്‍ ചെന്നിറങ്ങി. അറൈവല്‍ ഹാളിലേക്ക് കടക്കുന്ന പ്രധാന കവാടത്തില്‍ അവര്‍ ഈ ഉദ്ധരണി എഴുതിവെച്ചിരുന്നു:'Travel is the only thing you buy that makes you richer'.

രണ്ടു ദശകങ്ങളായി ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന എനിക്ക് ഇത് വളരെ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ സാധിച്ചു. യാത്രകളോട് അടങ്ങാത്ത അഭിനിവേശം ഉണ്ടായിരുന്ന ഞാന്‍ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്യുമായിരുന്നു. ഇത്തരം യാത്രകള്‍ പോകാന്‍ നമുക്ക് അത്യാവശ്യം വേണ്ടത് സമയം, പണം, ആരോഗ്യം, അല്‍പ്പം ചങ്കൂറ്റം എന്നിവയൊക്കെയാണ്. ഇതില്‍ (എന്റെ മുപ്പതുകളുടെ ആദ്യം) ചെലവാക്കാനുള്ള പണത്തിന്റെ കുറവ് മാത്രമാണുണ്ടായിരുന്നത്.
ഞാനും എന്റെ സഹോദരനും ചേര്‍ന്ന് 2005ലാണ് Navion Wealth എന്ന ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി സ്ഥാപനം ആരംഭിക്കുന്നത്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിക്ഷേപ രംഗത്ത് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കലായിരുന്നു ഞങ്ങള്‍ ചെയ്തിരുന്നത്. എന്റെ ഒരു ക്ലെയിന്റും അടുത്ത സുഹൃത്തുമായിരുന്ന ഒരാള്‍ക്ക് വേണ്ടി ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിംഗ് ചര്‍ച്ച ചെയ്യുന്നതിനിടെ അദ്ദേഹം ബാങ്കുകള്‍ നല്‍കുന്ന കുറഞ്ഞ പലിശയെക്കുറിച്ച് അസംതൃപ്തിയോടെ എന്നോട് സംസാരിച്ചു. ഇതിനൊരു പരിഹാരം എന്നോണം ഞങ്ങള്‍ ഒരു നിര്‍ദേശം മുന്നോട്ടുവെച്ചു.
ലോകം കാണാനായി ഒരു പ്ലാന്‍

ബാങ്കിന്റെ സ്ഥിരനിക്ഷേപ പലിശയേക്കാള്‍ മൂന്നു ശതമാനം അധിക നിരക്കിന് ഒരു തുക ഞങ്ങള്‍ക്ക് കടമായി നല്‍കാന്‍ ആവശ്യപ്പെട്ടു. മൂന്നുവര്‍ഷമാണ് പണം തിരിച്ചുനല്‍കാന്‍ അന്ന് ഞങ്ങള്‍ ആവശ്യപ്പെട്ട കാലാവധി. ഇങ്ങനെ കടമെടുക്കുന്ന തുക നല്ല മ്യൂച്ച്വല്‍ ഫണ്ട് ഇക്വിറ്റി സ്‌കീമുകളില്‍ നിക്ഷേപിച്ച്, അതില്‍നിന്ന് ലഭിക്കുന്ന ലാഭം ലോകം കാണാനായി ചെലവഴിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാന്‍. അദ്ദേഹം ഈ നിര്‍ദേശം സ്വീകരിക്കുകയും ഞങ്ങള്‍ ഈ പണം പ്ലാന്‍ പ്രകാരം നിക്ഷേപിക്കുകയും ചെയ്തു. ഒരു വര്‍ഷത്തിനു ശേഷം പലിശയായി കൊടുക്കാനുള്ള തുക മാറ്റിവെച്ചിട്ടും ഒരു ലക്ഷത്തോളം രൂപ നീക്കിയിരിപ്പ് ഉണ്ടായിരുന്നു.
ഈ പണംകൊണ്ട് ഒരാഴ്ച മലേഷ്യയില്‍ പോയി അവധിക്കാലം ചെലവഴിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. മാര്‍ക്കറ്റ് അനുകൂലമായതിനാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ സിംഗപ്പൂരിലേക്കും പാരീസിലേക്കും യാത്ര പോകാനുള്ള ഭാഗ്യമുണ്ടായി. സമയം നീട്ടിനല്‍കാന്‍ എന്റെ പ്രിയ സുഹൃത്ത് തയാറായിരുന്നെങ്കിലും മാര്‍ക്കറ്റ് റിസ്‌ക് കണക്കിലെടുത്ത് ഞങ്ങള്‍ പണം തിരിച്ചുനല്‍കി.
ഷെയര്‍ മാര്‍ക്കറ്റിലെ 2008-09ല്‍ തകര്‍ച്ചയ്ക്കിടെ ലോകം കാണുക എന്ന ലക്ഷ്യത്തിനായി ഒരു തുക ഞങ്ങള്‍ നിക്ഷേപിച്ചു. വിമാന ടിക്കറ്റും മറ്റു യാത്രാനുബന്ധ ചെലവുകളും വര്‍ഷങ്ങള്‍ കഴിയുന്തോറും ക്രമാനുഗതമായി വര്‍ധിക്കുന്നതായാണ് നാം കാണുന്നത്. നിരക്കുകളുടെ വര്‍ധനയ്ക്കപ്പുറം നമ്മുടെ തന്നെ വര്‍ധിക്കുന്ന അഭിലാഷങ്ങളും നിലവാരങ്ങളും ഇതിനൊരു കാരണമാകുന്നുണ്ട്.

മാറുന്ന യുവതലമുറ

യുവതലമുറയെ ശ്രദ്ധിച്ചാല്‍ പരമ്പരാഗതമായ ആസ്തികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാലം കൊണ്ട് നേട്ടം ഉണ്ടാക്കുന്നതിനപ്പുറം അനുഭവങ്ങള്‍ക്കായി പണം ചെലവഴിക്കുന്നതിനാണ് താല്‍പ്പര്യപ്പെടുന്നത്.
യുവതലമുറയുടെ മനോഭാവത്തില്‍ വന്ന ഈ മാറ്റം പതുക്കെ മറ്റ് പ്രായക്കാരിലേക്ക് കൂടി പടര്‍ന്നു. ഭൗതികമായ സ്വത്ത്വകകള്‍ കുന്നുകൂട്ടി വെയ്ക്കുന്നതിനു പകരം അത് ജീവിതകാലത്ത് പുതിയ കുറേ അനുഭവങ്ങള്‍ കൂടി സ്വന്തമാക്കുന്നതിനുള്ള നിക്ഷേപമെന്ന ചിന്താഗതിക്ക് ആക്കംകൂട്ടി. നീക്കിയിരിപ്പിന്റെ നല്ലൊരു ഭാഗം ഓഹരി അധിഷ്ഠിത മ്യൂച്ച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ച് നേട്ടങ്ങള്‍ കൊയ്യുന്നതിനും  മിടുക്കരാണ്.
ഉദ്ദേശം എണ്‍പതിനോട് അടുത്ത് പ്രായമുള്ള ഒരു ക്ലയിന്റ് കുടുംബം ഞങ്ങള്‍ക്കുണ്ട്. എന്റെ ആദ്യകാല നിക്ഷേപകരില്‍ ഒരാളാണ് അദ്ദേഹം. വിദേശ യാത്രയെക്കുറിച്ചൊക്കെ ചിന്തിക്കാമെന്ന് വളരെ ഭദ്രമായ സാമ്പത്തികസ്ഥിതി ഉണ്ടായിരുന്ന അദ്ദേഹത്തോട് ഞങ്ങള്‍ പറഞ്ഞു. പ്രായവും ആരോഗ്യവും ഭക്ഷണ രീതികളും എല്ലാം ചേര്‍ത്ത് ആലോചിക്കുമ്പോള്‍ യാത്രാനുഭവം അവര്‍ എങ്ങനെ ഉള്‍ക്കൊള്ളുമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഞങ്ങളെ തന്നെ അമ്പരപ്പിച്ചുകൊണ്ട് അവര്‍ യാത്ര ആഘോഷമാക്കിയെന്നു മാത്രമല്ല, വര്‍ഷത്തില്‍ രണ്ട് വിദേശയാത്രകള്‍ എന്നത് അവരുടെ ജീവിതത്തിന്റെ ഭാഗമാകുകയും ചെയ്തു.
ഞങ്ങള്‍ അവരോട് യാത്രയ്ക്കായൊരു നീക്കിയിരിപ്പ് വേണമെന്ന് നിര്‍ദേശിക്കുകയും അത് ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. മൂന്നോ നാലോ അംഗങ്ങളുള്ള ഒരു കുടുംബത്തിന് യാത്രകള്‍ക്കായി ഏതാണ്ട് 20-25 ലക്ഷം രൂപ വകയിരുത്തിയാല്‍ മതി. വീട്, കുട്ടികളുടെ ആവശ്യങ്ങള്‍, റിട്ടയര്‍മെന്റ് എന്നിവയാണല്ലോ സാധാരണയായി നിക്ഷേപങ്ങള്‍ക്കുള്ള ലക്ഷ്യങ്ങളായി നാം തിരഞ്ഞെടുക്കുന്നത്. ഇവയോടൊപ്പം യാത്രയും കൂടി ചേര്‍ത്താല്‍ ഈ സ്വപ്നം ഏവര്‍ക്കും യാഥാര്‍ത്ഥ്യമാക്കാനാവും.
വിജയേട്ടനും മോഹന ചേച്ചിയും
വലിയൊരു തുക ഒറ്റയടിക്ക് മാറ്റിവെയ്ക്കാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. അതുകൊണ്ട് ഈ ലക്ഷ്യത്തിനായി പ്രതിമാസം നിശ്ചിത തുക അച്ചടക്കത്തോടെ നിക്ഷേപിക്കാന്‍ സാധിക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (SIP വ്യവസ്ഥാപിത നിക്ഷേപ പദ്ധതി) ഞങ്ങള്‍ നിര്‍ദേശിക്കാറുണ്ട്. ഒരു ചായക്കട നടത്തി അതിന്റെ ലാഭം കൊണ്ട് വിജയേട്ടനും മോഹന ചേച്ചിക്കും 25 രാജ്യങ്ങള്‍ സന്ദര്‍ശിക്കാമെങ്കില്‍ നമുക്കും എന്തുകൊണ്ട് ആയിക്കൂടാ?
ലോകത്തിന്റെ വൈവിധ്യമാര്‍ന്ന കാഴ്ചകളിലേക്കും സംസ്‌കാരങ്ങളിലേക്കും ഞാന്‍ നടത്തിയ യാത്രകള്‍ എന്നെ കാഴ്ചപ്പാടുകളിലും സൗന്ദര്യബോധത്തിലും തികച്ചും സമ്പന്നനാക്കി എന്നതാണ് സത്യം. യാത്രകള്‍ക്കായി നിങ്ങള്‍ ചെലവഴിക്കുന്നതൊക്കെയും അനുഭവങ്ങളായും ഓര്‍മകളായും ഉള്ളില്‍ സ്വരുക്കൂട്ടിവെയ്ക്കും. കാലങ്ങള്‍ കഴിയുമ്പോള്‍ മറ്റെന്തിനേക്കാളും ഇതായിരിക്കും നിങ്ങളെ സമ്പന്നനാക്കുക.
'I love to travel, but hate to arrive' - Albert Eitnsein.
ശുഭയാത്ര നേരുന്നു!
(ഹാന്‍ഹോള്‍ഡ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്റ്ററാണ് ലേഖകന്‍. ഇ-മെയ്ല്‍: reachus@hanhold.com, വെബ്സൈറ്റ്: www.hanhold.com, ഫോണ്‍: 62386 01079)
Tags:    

Similar News