പോള്‍ ഗൗഗിന്റെ ചിത്രം ലേലത്തില്‍ നേടിയത് 75 കോടിയിലേറെ രൂപ

Update: 2019-12-04 15:30 GMT

പ്രശസ്ത ഫ്രഞ്ച് ചിത്രകാരന്‍ പോള്‍ ഗൗഗിന്‍ 1897 ല്‍ വരച്ച അപൂര്‍വചിത്രം ലേലത്തില്‍ നേടിയത് 9.5 മില്യണ്‍ യൂറോ (ഏകദേശം 75 കോടിയിലധികം രൂപ). ലേലത്തില്‍ ലഭിക്കുമെന്ന് മുന്‍കൂട്ടി വിദഗ്ധര്‍ കണക്കാക്കിയത് ഇതിന്റെ പകുതിയോളം മാത്രം വരുന്ന തുകയായിരുന്നു.

ദക്ഷിണ പസഫിക്കിലെ തന്റെ ജന്മനാടായ താഹിതി ദ്വീപില്‍ ഗൗഗിന്‍ താമസിക്കുന്ന കാലത്ത് പൂര്‍ത്തിയാക്കിയ ചിത്രത്തിന് പ്രാദേശിക ഭാഷയില്‍ 'മരം' എന്ന പേരാണദ്ദേഹം നല്‍കിയത്. മഹാചിത്രകാരന് താഹിതി യുവതികളുമായുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് സമീപകാലത്തുണ്ടായ ചര്‍ച്ചകളും പഠനങ്ങളും പെയിന്റിങ്ങിന്റെ ലേലത്തുക ഉയരാന്‍ കാരണമായി. ഒരു കലാപ്രേമി ചിത്രം ലേലത്തില്‍ വാങ്ങിയെന്നതിനപ്പുറമായി ആളെപ്പറ്റിയുള്ള വിവരങ്ങള്‍ പാരീസില്‍ ലേലം നടത്തിയവര്‍ പ്രസിദ്ധീകരിച്ചിട്ടില്ല.

പോസ്റ്റ്-ഇംപ്രഷനിസ്റ്റ് കാലഘട്ടത്തിലെ പ്രമുഖകലാകാരനായാണ് ഗൗഗിന്‍ അറിയപ്പെടുന്നത്. മരണശേഷമാണ് ഇദ്ദേഹത്തിന്റെ രചനകള്‍ കൂടുതല്‍ ശ്രദ്ധ നേടിയത്.  ഗൗഗിന്‍ 1892ല്‍ വരച്ച 'എപ്പോഴാണ് നിങ്ങള്‍ വിവാഹിതരാകുന്നത്?' എന്ന ചിത്രം 30 കോടി ഡോളറിനാണ് (ഏകദേശം 1862 കോടി രൂപ) 2105 ല്‍ വിറ്റുപോയത്.

തഹിതി ദ്വീപിലെ രണ്ട് പെണ്‍കുട്ടികളെയാണ് ഗൗഗിന്‍ ആ ചിത്രത്തില്‍ വരച്ചിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസലില്‍നിന്നുള്ള സ്റ്റാഷെലിന്‍ എന്നയാളുടെ പക്കലുണ്ടായിരുന്ന ചിത്രമാണ് അന്ന് റെക്കോഡ് തുകയ്ക്ക് വിറ്റുപോയത്. ബാസലിലെ കന്‍സ്ത് മ്യൂസിയത്തില്‍ പതിറ്റാണ്ടുകളായി പ്രദര്‍ശിപ്പിച്ചിരിക്കുകയായിരുന്നു ഈ ചിത്രം.ഖത്തറില്‍നിന്നുള്ളയാളാണ് ചിത്രം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News