ഇപ്പോള്‍, ഈ നിമിഷം പ്രവര്‍ത്തിക്കൂ! ഈ പുസ്തകം നിങ്ങളുടെ ജീവിതം മാറ്റിയേക്കാം

SAY YES TO YOUR POTENTIAL എന്ന പുസ്തകത്തെക്കുറിച്ച് പറയുന്നു, മുരളി രാമകൃഷ്ണന്‍, മാനേജിംഗ് ഡയറക്റ്റര്‍ & ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, തൃശൂര്‍

Update: 2021-02-13 05:00 GMT

മുരളി രാമകൃഷ്ണൻ, എം.ഡി ആൻഡ് സി.ഇ.ഒ,​ സൗത്ത് ഇന്ത്യൻ ബാങ്ക്

1990കളുടെ അവസാനത്തില്‍ ഒരു സെമിനാറില്‍ സംബന്ധിക്കുന്നതിനിടെയാണ് ഞാന്‍ പുസ്തകത്തെ കുറിച്ച് അറിയുന്നത്. Say Yes to Your Potential. Carole C. Carlson നുമായി ചേര്‍ന്ന് Skip Ross രചിച്ച ആ പുസ്തകം എന്നില്‍ ഏറെ സ്വാധീനം ചെലുത്തിയിരിക്കുന്ന ഒന്നാണ്.

പുസ്തകം സമ്മാനിച്ച സന്ദേശങ്ങള്‍: മൂല്യവത്തായ നാല് സന്ദേശങ്ങളാണ് എനിക്കാ പുസ്തകത്തില്‍ നിന്ന് ലഭിച്ചത്. അതെന്റെ ജീവിതയാത്രയിലെ സംഭവവികാസങ്ങളെയെല്ലാം ആസ്വദിക്കാനും പ്രതിസന്ധികളെ മറികടന്ന് മുന്നേറാനുമെല്ലാം സഹായിച്ചു. അവ
$ നിങ്ങല്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഇന്നു തന്നെ തുടങ്ങാന്‍ സമയം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം.
$ ഡൈനാമിക് ലിവിംഗ് എന്ന ആശയത്തെ പരിചയപ്പെട്ടു. അതെങ്ങനെ ജീവിതത്തെ സംതൃപ്തമാക്കുമെന്നും അറിഞ്ഞു.
$ എന്താണ് യഥാര്‍ത്ഥത്തില്‍ വിജയം?
$ വിജയത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ എന്തൊക്കെ?
രണ്ട് കാര്യങ്ങള്‍ നമുക്ക് ഒരിക്കലും തിരിച്ച് പിടിക്കാനാവില്ല. ഒന്ന് സമയം, മറ്റൊന്ന് നമ്മുടെ വാക്കുകള്‍. സമയത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഭൂരിഭാഗം പേരും ബോധവാന്മാരല്ല. നമ്മള്‍ പലപ്പോഴും പലരും സമയം കൊല്ലാനുള്ള വഴികളെ കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്. അല്ലെങ്കില്‍ പലരും എന്തെങ്കിലും ചെയ്ത് സമയം കളയാന്‍ വേണ്ടി മണിക്കൂറുകള്‍ ടെലിവിഷന് മുന്നില്‍ ചെലവിടുന്നതും കണ്ടിട്ടുണ്ട്. സമയം എന്ന അമൂല്യമായ പാരിതോഷികത്തിന്റെ പ്രാധാന്യമറിയാന്‍ അതിന്റെ ഏറ്റവും സൂക്ഷ്മതല വൈവിധ്യം നമുക്ക് അനുഭവവേദ്യമാകണം.
സമയം ഫലപ്രദമായി വിനിയോഗിച്ചാല്‍ ജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങളിലേക്കാണ് ഈ പുസ്തകം നമ്മെ ക്ഷണിക്കുന്നത്. ''നമുക്ക് ചെയ്യാനുള്ള കാര്യങ്ങളുടെ സമയദൈര്‍ഘ്യമല്ല ജീവിതം. മറിച്ച് നമുക്ക് ലഭ്യമായ സമയത്തിനുള്ളില്‍ നമുക്കുള്ള കഴിവുകള്‍ പരമാവധി വിനിയോഗിച്ചുകൊണ്ട് നമ്മള്‍ ചെയ്യുന്ന കാര്യങ്ങളാണ്.'' നമ്മുടെ ജീവിതത്തിലെ വിഭവങ്ങള്‍ പരിമിതമാണ്. അതുകൊണ്ട് ചെയ്യാനുള്ള കാര്യങ്ങള്‍ ഇന്നുമുതല്‍ ചെയ്തു തുടങ്ങുക.
ഇക്കാര്യത്തില്‍ എന്നെ സ്വാധീനിച്ച ചില കാര്യങ്ങള്‍ വിശദമായി പറയാം. മറ്റുള്ളവര്‍ക്കെല്ലാം തുല്യമായി വീതിച്ചിരിക്കുന്നതുപോലെ തന്നെ അതേ സെക്കന്റുകളും മിനിറ്റുകളും മണിക്കൂറുകളുമാണ് എനിക്കും ലഭിച്ചിരിക്കുന്നത്. നാളെ എന്ത് സംഭവിക്കും എന്നോര്‍ത്ത് ആശങ്കപ്പെടാതെ, സമയം പാഴാക്കാതെ എനിക്ക് ഇന്ന് ലഭിച്ചിരിക്കുന്ന സമയത്തില്‍ എനിക്ക് ചെയ്യാനുള്ളത്, സാധിക്കുന്നതെല്ലാം ചെയ്യുക. ഞാന്‍ മറ്റാരെങ്കിലുമായിരുന്നുവെങ്കില്‍ എന്തെല്ലാം ചെയ്യാന്‍ പറ്റുമായിരുന്നുവെന്ന് ചിന്തിക്കാറില്ല. കാരണം ഞാന്‍ മറ്റൊരാളല്ല. എനിക്കെന്താണോ സാധിക്കുന്നത് അത് ചെയ്യുക. ഞാന്‍ ഒരിക്കലും '' എനിക്ക് സമയമുണ്ടായിരുന്നുവെങ്കില്‍... '' എന്ന് പറയില്ല. എനിക്ക് സമയം വേണമെങ്കില്‍ അത് കണ്ടെത്തിയിരിക്കണം. ആവശ്യമായത് ചെയ്യുക. അനാവശ്യമായത് ചെയ്യാതിരിക്കുക. ഇന്നത്ത ദിവസം പൂര്‍ണമായും തന്നെ ജീവിക്കുക; ഭൂമിയിലെ എന്റെ അവസാന ദിവസമാണ് ഇതെന്ന് കരുതി തന്നെ. നാളെ എന്ന ഒരിക്കലും വരാത്ത ദിവസത്തെ കാത്തിരിക്കരുത്.
ഡൈനാമിക് ലിവിംഗിനെ കുറിച്ചുള്ള അമൂല്യമായ സന്ദേശമാണ് ഈ പുസ്തകത്തില്‍ നിന്ന് ലഭിച്ച മറ്റൊന്ന്. ഇത്, ജീവിതത്തില്‍ നിന്ന് നമുക്ക് എന്താണ് വേണ്ടതെന്ന അടിസ്ഥാന സങ്കല്‍പ്പത്തിലേക്ക് കൊണ്ടുപോകാന്‍ സഹായിച്ചു. എന്താണ് വിജയം? വ്യത്യസ്തരായ ആളുകള്‍ക്ക് വിജയത്തെ കുറിച്ചുള്ള ധാരണയും വ്യത്യസ്തമായിരിക്കും. ചിലര്‍ ജീവിതത്തില്‍ സമ്പാദിക്കുന്ന പണത്തെയാകും വിജയമായി കണക്കാക്കുന്നത്. ചിലര്‍ക്ക് പ്രശസ്തിയാകും. മറ്റു ചിലര്‍ക്ക് ലഭിക്കുന് അധികാരമാകും. എന്നാല്‍ ഈ പുസ്തകം ഡൈനാമിക് ലിവിംഗ് എന്ന ആശയത്തിന്റെ നിര്‍വചനത്തിലൂടെ വിജയത്തിന്റെ അടിസ്ഥാന സ്വഭാവത്തെ അനാവരണം ചെയ്യുന്നു.
ഡൈനാമിക് ലിവിംഗ് എന്നാല്‍ സന്തോഷവും സംതൃപ്തിയും സദാ നിറഞ്ഞൊരു ജീവിതമാണ്. ഭയരഹിതമായ ജീവിതം, ആശങ്കകളില്ലാത്ത ജീവിതം, അര്‍ത്ഥപൂര്‍ണമായ ലക്ഷ്യത്തിലെത്താന്‍ നിരന്തരം പരിശ്രമിക്കുന്ന ജീവിതം. ജീവിതത്തിന്റെ ആറ് തലങ്ങളുമായി; ബിസിനസ്, വീട്, സാമൂഹ്യം, ഫിസിക്കല്‍, മെന്റല്‍, സ്പിരിച്വല്‍, എന്നിവയുമായി അങ്ങേയറ്റം താദാത്മ്യം പ്രാപിച്ചിട്ടുള്ളതാണിത്.
ഈ നിര്‍വചനം ഭയം, ആശങ്ക, ലക്ഷ്യങ്ങള്‍, ജീവിതത്തിന്റെ തലങ്ങള്‍ എന്നിവയിലേക്ക് ശ്രദ്ധ നയിക്കാനും സഹായിച്ചു.
വിജയത്തിന്റെ പത്ത് അടിസ്ഥാനങ്ങളാണ് ഈ പുസ്തകത്തിലെ മറ്റൊരു സുപ്രധാന കാര്യം. യൂണിവേഴ്‌സല്‍ ലോ ഓഫ് സക്‌സസ് എന്ന് ഇതിനെ വിശേ്ഷിപ്പിക്കുകയും ചെയ്യാം. ഏത് സമയത്തും ലോകത്തിന്റെ ഏത് കോണിലും ഇത് ഫലപ്രദമാണുതാനും. ഇക്കാര്യം ഞാന്‍ മനസ്സിലാക്കിയതിനുശേഷം എന്റെ വ്യക്തി ജീവിതത്തിലും കരിയറിലുമെല്ലാം അതിന്റെ വ്യത്യസ്ത തലങ്ങള്‍ പ്രായോഗിക പഥത്തിലെത്തിക്കുകയും ചെയ്തു. അവയെല്ലാം അങ്ങേയറ്റം പവര്‍ഫുള്ളായ കാര്യങ്ങളാണ്.
Principle #1: Give and you receive: നാം എപ്പോഴും എന്തെങ്കിലും നല്‍കണം. എന്നാല്‍ എന്തെങ്കിലുമല്ല നാം നല്‍കേണ്ടതെന്ന് അടിവരയിട്ട് പറയുന്നുണ്ട്. നാം മനസ്സില്‍ ലക്ഷ്യമിടുന്നതെന്തും നേടിയെടുക്കാന്‍ കഴിവുള്ള സുന്ദരവും അനന്യവും അത്ഭുതകരവുമായ സൃഷ്ടിയാണ്. അതുകൊണ്ട് നാം എപ്പോഴും എന്തെങ്കിലും നല്‍കികൊണ്ടേയിരിക്കുക. നാം നല്‍കുന്നതിന്റെ പകരം നമ്മിലേക്ക് എന്ത് എപ്പോള്‍ എങ്ങനെ എത്തുമെന്ന കാര്യത്തെ കുറിച്ച് അധികം ചിന്തിക്കേണ്ടതില്ല. നമുക്ക് പലതും ലഭിക്കും. അത് എന്തായാലും ഇരുകൈയും നീട്ടി സ്വീകരിക്കുക.
Principle #2: The Principle of Exclusion:
നമുക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി അനാവശ്യകാര്യങ്ങള്‍ ചെയ്യുന്നത് ഒഴിവാക്കുക. നമുക്ക് എല്ലാവര്‍ക്കും ഒരു മനോഭാവമുണ്ട്. അത് നമ്മുടെ ശീലങ്ങളുടെ ഭാഗമാണ്. ചില മനോഭാവങ്ങള്‍ അങ്ങേയറ്റം നെഗറ്റീവാകും. അതു നമ്മുടെ ജീവിതവും കരിയറും നശിപ്പിക്കും. നമ്മില്‍ ഒരു മനോഭാവം അടിയുറച്ചുപോയാല്‍ അതിനോട് അനുകൂലമായ കാര്യങ്ങളാണ് നമ്മിലേക്ക് ആകര്‍ഷിക്കപ്പെടുക. അതുകൊണ്ട് നെഗറ്റീവ് മനോഭാവങ്ങളെ തുടച്ചുമാറ്റുക. സന്തോഷവും പ്രചോദനവും പോസിറ്റീവ് ചിന്തകളും പകരുന്നവരെ ആകര്‍ഷിക്കാന്‍ വിധത്തിലുള്ള മനോഭാവം വളര്‍ത്തുക. ഈ ബുക്കില്‍ പറഞ്ഞതുപോലെ വിജയികളായ ആളുകള്‍ മറ്റുള്ളവരുമായി കൂടുതല്‍ സംസാരിക്കാനും അറിവുകള്‍ പങ്കുവെയ്ക്കാനും ഇഷ്ടപ്പെടുന്നവരാണെന്ന് ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ മറ്റുള്ളവരെ നല്ല രീതിയില്‍ കെയര്‍ ചെയ്യും.
Principle #3: People of creation: ''നിങ്ങള്‍ക്കെന്താണ് ശരിക്കും വേണ്ടത്. അത് കൃത്യമായി നിര്‍വചിക്കുക. അത് എഴുതിയിടുക,'' പുതിയ കാര്യം സൃഷ്ടിക്കുക എന്നാല്‍ അതേ കുറിച്ച് വെറുതെ ചിന്തിക്കുക, ദിവാസ്വപ്‌നം കാണുക എന്നതൊന്നുമല്ല, ഉള്ളില്‍ ആളിക്കത്തുന്ന അദമ്യമായ ആഗ്രഹമാകണമത്. അത് നമ്മില്‍, ചുറ്റിലും എന്തെങ്കിലുമാകട്ടേ ഞാനത് ചെയ്തിരിക്കും എന്ന മനോഭാവം ഉടലെടുക്കാന്‍ സഹായിക്കും.
ഇതുപോലെ മറ്റ് ഏഴ് തത്വങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. യഥാര്‍ത്ഥത്തില്‍ ആ പുസ്തകം എന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയെന്ന് ചുരുക്കി പറയാം.
ഈ കുറിപ്പ് അവസാനിപ്പിക്കും മുമ്പ് ഒരു കാര്യം കൂടി പറയാം. ഈ പുസ്തകം വായിക്കുകയും നിരവധി സെമിനാറുകളില്‍ സംബന്ധിക്കുകയും ചെയ്ത ശേഷം 2000ത്തിന്റെ തുടക്കകാലത്ത് ഞാനൊരു കാസറ്റ് ഉണ്ടാക്കി. അക്കാലത്ത് അതൊരു പോപ്പുലറായിരുന്നു. അതില്‍ എന്തെ കരിയറിലും വ്യക്തി ജീവിതത്തിലും നേടേണ്ട കാര്യങ്ങള്‍ ലിസ്റ്റ് ചെയ്തിരുന്നു. അതു നേടാന്‍ സിസ്റ്റമാറ്റിക്കായി ഞാന്‍ പ്രവര്‍ത്തിക്കുകയും മുന്‍ തീരുമാനിച്ച സമയക്രമത്തില്‍ നിന്ന് അല്‍പ്പം മാറിയെങ്കിലും അവ നേടിയെടുക്കാന്‍ സാധിച്ചുവെന്നതും എന്നെ ആവേശം കൊള്ളിക്കുന്ന കാര്യമാണ്.
അതുകൊണ്ട്, ഞാന്‍ ഏവരോടും പറയുന്നു. ഈ പുസ്തകം തീര്‍ച്ചയായും വായിക്കണം. ഒരിക്കല്‍ മാത്രമല്ല, വീണ്ടും വീണ്ടും. നിങ്ങളെ മോഹിപ്പിക്കുന്ന, അര്‍ത്ഥവത്തായ ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ച് പ്രവര്‍ത്തിക്കണം.
ഈ പുസ്തകത്തില്‍ പറയുന്നതുപോലെ Do it Now.


Tags:    

Similar News