കൂട്ടുകാരുമായി സമയം ചെലവഴിച്ചോളൂ, കാര്യമുണ്ട്!

Update: 2019-06-28 02:55 GMT

ആരോഗ്യത്തിന് വേണ്ടി നാം പല കാര്യങ്ങളും ചെയ്യാറുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരുന്നു, പുതിയ വര്‍കൗട്ട് രീതികള്‍ പരീക്ഷിക്കുന്നു, കൂടുതല്‍ വെള്ളം കുടിക്കുന്നു, ആവശ്യത്തിന് ഉറങ്ങുന്നു... ഇതെല്ലാം ഭൗതീകമായ ആരോഗ്യത്തിന് സഹായിക്കുന്നു. എന്നാല്‍ മൊത്തത്തിലുള്ള ആരോഗ്യത്തിന് സോഷ്യല്‍ ഹെല്‍ത്ത് കൂടി ആവശ്യമാണെന്ന് ഗവേഷകര്‍. പ്ലസ് വണ്‍ എന്ന ജേണല്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം പുതിയ മേഖലകളിലേക്ക് വെളിച്ചം വീശുന്നു.

ഇനി കൂട്ടുകാരുടെ കൂടെ നടക്കുന്നതിന് നിങ്ങളുടെ കുടുംബാംഗങ്ങളെ കുറ്റപ്പെടുത്തേണ്ട. പുതിയ പഠനമനുസരിച്ച് നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരുടെ കൂടെ സമയം ചെലവഴിക്കുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം.ഒരാള്‍ക്ക് ലഭിക്കുന്ന സോഷ്യല്‍ സപ്പോര്‍ട്ട് അയാളുടെ ഭൗതീകവും മാനസികവുമായ ആരോഗ്യത്തെ വളരെ സ്വാധീനിക്കുന്നു. ഈ പിന്തുണ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, ജീവിതപങ്കാളി തുടങ്ങിയ ആരില്‍ നിന്നുമാകാം.

നല്ലൊരു സാമൂഹ്യജീവിതം ഉള്ളവര്‍ക്ക് മാനസികസമ്മര്‍ദ്ദം വളരെ കുറവായിരിക്കും, ഹൃദയാരോഗ്യം മെച്ചപ്പെട്ടിരിക്കും, അസുഖങ്ങളില്‍ നിന്നുള്ള തിരിച്ചുവരവ് വേഗത്തിലായിരിക്കും... തുടങ്ങി അനേകം ഗുണങ്ങളുണ്ട്.

എന്നാല്‍ സമൂഹത്തില്‍ നിന്ന് അകന്നുനില്‍ക്കുന്നവര്‍ക്ക് മാരകരോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലായിരിക്കും. കൂടാതെ മാനസികപ്രശ്‌നങ്ങളും അലട്ടിയേക്കാം. ഒറ്റപ്പെടല്‍ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒരു ദിവസം 15 സിഗരറ്റുകള്‍ വലിക്കുന്നതിന് തുല്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും പഠനം പറയുന്നു. ഇത് അമേരിക്കയിലെ ഏറ്റവും വലിയ ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണത്രെ. അടുത്തിടെ നടന്ന സര്‍വേ അനുസരിച്ച് പകുതിയോളം അമേരിക്കക്കാരുടെ ജീവിതം ഒറ്റയ്ക്കാണ്.

എന്നാല്‍ സോഷ്യല്‍ മീഡിയ ഈ പ്രശ്‌നം കൂട്ടുകയാണ് ചെയ്യുന്നത്. കൂടുതല്‍ നേരം ഇവ ഉപയോഗിക്കുന്നതിലൂടെ നേരിട്ടുള്ള ഇടപഴകലിനുള്ള അവസരങ്ങള്‍ ഇല്ലാതാകുന്നു.

Similar News