സന്തോഷത്തിനായി തുടങ്ങാം MEDS ലൈഫ്

Update: 2019-11-23 03:30 GMT

നിങ്ങള്‍ 'മെഡ്‌സ്' എടുക്കുന്നുണ്ടോ? സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ഗൂഗ്‌ളിന്റെ ആസ്ഥാന ഓഫീസില്‍ ഇങ്ങനെ ചോദിച്ചാണ് ജീവനക്കാര്‍ പരസ്പരം സുഖ വിവരങ്ങള്‍ അന്വേഷിക്കുന്നത്. ഇത് എന്തെങ്കിലും മരുന്നാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇതാണ് ആരോഗ്യകരവും സമാധാനപരവുമായ ജീവിതത്തിന്റെ ഫോര്‍മുല! ഇനി മെഡ്‌സ് എന്താണെന്ന് പറയാം. MEDS എന്നാല്‍ M മെഡിറ്റേഷന്‍, E എക്‌സര്‍സൈസ്,
D ഡയറ്റ്, S - സ്ലീപ്. ജീവിതത്തില്‍ സന്തോഷവാനായിരിക്കാന്‍ ഈ സിംപിള്‍ ഫോര്‍മുല നിങ്ങളുമായി പങ്കുവയ്ക്കുകയാണ് ഗൂഗ്ള്‍ ഇവാഞ്ചലിസ്റ്റും മോട്ടിവേഷണല്‍ സ്പീക്കറും യോഗ ട്രെയ്‌നറുമായ ഗോപി കല്ലായില്‍.

മെഡിറ്റേഷന്‍

ഇന്നത്തെ ജീവിതം പഴയതിനെ അപേക്ഷിച്ച് ടെന്‍ഷനും സ്ട്രെസുമെല്ലാം നിറഞ്ഞതാണ്. ടെക്നോളജിയും സൗകര്യങ്ങളും കൂടുന്തോറും ജീവിതത്തിന്റെ പിരിമുറുക്കങ്ങളും വര്‍ധിച്ചു വരുന്നു. ഇത്തരമൊരു കാലഘട്ടത്തില്‍ ജീവിക്കുമ്പോള്‍ മെഡിറ്റേഷന്‍, യോഗ തുടങ്ങിയവയ്ക്ക് പ്രാധാന്യം ഏറെയാണ്. മെഡിറ്റേഷന്‍ അഥവാ ധ്യാനം യോഗയില്‍ നിന്നും അല്‍പ്പം വ്യത്യസ്തമാണ്. വീട്ടില്‍ നിങ്ങള്‍ക്കു തന്നെ മെഡിറ്റേഷന്‍ പരിശീലിക്കാവുന്നതാണ്. ആരോഗ്യമുള്ള മനസിനും ശരീരത്തിനും വളരെ ഫലപ്രദമാണെന്നിരിക്കെ ദിവസവും മെഡിറ്റേഷനായി അല്‍പ്പം സമയം മാറ്റിവയ്ക്കാം. ഒരു ട്രെയ്‌നറുടെ അടുത്തു നിന്ന് മെഡിറ്റേഷന്റെ ശരിയായ വശങ്ങള്‍ മനസിലാക്കി മാത്രം ചെയ്തു തുടങ്ങുക. പിന്നീട് 'ഡെയിലി ഡോസ് ഓഫ് മെഡിറ്റേഷന്‍' പതിയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക.

വ്യായാമം

നമ്മുടെ മൊത്തത്തില്‍ ഉള്ള ഉന്മേഷത്തില്‍ വൈകാരിക ആരോഗ്യത്തിന്റെയും സാമൂഹിക മനഃശാസ്ത്രത്തിന്റെയും പ്രാധാന്യം വളരെ കുറച്ചുപേര്‍ മാത്രമേ മനസിലാക്കിയിട്ടുള്ളൂ. വ്യായാമവും കായിക പ്രവര്‍ത്തനങ്ങളും നമ്മുടെ ശരീരത്തിലുണ്ടാക്കുന്ന നല്ല ഗുണങ്ങളെക്കുറിച്ച് നമുക്ക് അറിവുണ്ടെങ്കിലും ഇവ നമ്മുടെ മനസിന് ഉണ്ടാക്കുന്ന നല്ല സ്വാധീനത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ? മസ്തിഷ്‌ക രാസവസ്തുക്കളായ സെറോട്ടോനിന്റേയും ഡൊപ്പമിന്റെയും വര്‍ധിച്ച അളവുകള്‍ നിങ്ങളിലെ വിദ്വേഷത്തെ കുറച്ച് മനോഭാവത്തെ മെച്ചപ്പെടുത്തി (ഉത്തേജിപ്പിച്ച്) നിങ്ങളെ കൂടുതല്‍ സാമൂഹികമായി സജീവമാക്കുന്നു. നിങ്ങളുടെ വിശപ്പ്, ഓര്‍മശക്തി, വൈകാരിക മോഹങ്ങള്‍, പ്രവൃത്തികള്‍ എന്നിവയെ മൊത്തത്തില്‍ മെച്ചപ്പെടുത്തുന്നു. നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കുന്നതിനും മറ്റു കര്‍ത്തവ്യങ്ങള്‍ നിറവേറ്റുമ്പോള്‍ കൂടുതല്‍ ഏകാഗ്രത കേന്ദ്രീകരിക്കാനും കഴിയുന്നു.

അതാകട്ടെ നിങ്ങളുടെ നിശ്ചയബോധത്തേയും വ്യക്തിമൂല്യത്തേയും ഉയര്‍ത്തി ആത്മാഭിമാനം വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു. നല്ല വ്യായാമശീലം ആരോഗ്യവാനായിരിക്കുവാന്‍ സഹായിക്കുന്നു എന്ന് നിങ്ങള്‍ക്കറിയാം. കൂടാതെ അത് നിങ്ങളുടെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു. എന്നാല്‍, സ്ഥിരവ്യായാമം നിങ്ങളുടെ ദൈനംദിന പിരിമുറുക്കങ്ങളെ മറികടക്കാന്‍ സഹായിക്കുന്നു.

ഡയറ്റ്

കൃത്യമായ ഡയറ്റ് പിന്തുടരുക എന്നത് തിരക്കു നിറഞ്ഞ ജീവിതത്തിനിടയില്‍ ചിലപ്പോള്‍ സാധ്യമാകണമെന്നില്ല. തൂക്കം നോക്കി ഭക്ഷണം കഴിക്കുന്നതോ കൊഴുപ്പോ മാംസാഹാരമോ ഒഴിവാക്കുന്നതോ ആണ് ഡയറ്റ് എന്ന ചിന്ത തെറ്റാണ്. ആരോഗ്യകരമായ ഭക്ഷണ രീതിയാണ് ഡയറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണരീതിക്ക് വളരെ ലളിതമായ മാര്‍ഗമുണ്ട്. ഒന്ന്, ഭക്ഷണം എത്ര 'പച്ച'-യായിരിക്കുന്നുവോ അഥവാ പാകം ചെയ്യാതെ കഴിക്കാന്‍ കഴിയുന്നുവോ അത്രയും നല്ലത്. രണ്ടാമത്തേത് സസ്യാഹാരങ്ങള്‍ കൂടുതല്‍ കഴിക്കുക. മൂന്നാമത്തേത് വീണ്ടും വീണ്ടും ചൂടാക്കി കഴിക്കരുത്. ഫ്രിഡ്ജില്‍ വച്ച ഭക്ഷണം വീണ്ടും ചൂടാക്കികഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. ഓരോ കാലത്തും ലഭ്യമായ ചില ഫലങ്ങളും പച്ചക്കറികളും കഴിക്കാന്‍ ശ്രദ്ധിക്കുക. മനസിനെ അല്ല ശരീരമെന്ന ഊര്‍ജ സ്രോതസിനെ തൃപ്തിപ്പെടുത്തുന്നതരം ഭക്ഷണം വേണം കഴിക്കാന്‍.

ഉറക്കം

MEDS ഫോര്‍മുലയിലെ അവസാനത്തേതും സുപ്രധാനവുമായ ഘടകമാണ് സ്ലീപ് അഥവാ ക്വാളിറ്റി സ്ലീപ്. അതായത് നല്ല ഉറക്കം. ഒമ്പത് മണിക്കൂര്‍ ഉറങ്ങുന്നയാള്‍ സന്തോഷവാന്‍, എട്ട് മണിക്കൂര്‍ ഉറങ്ങാന്‍ കഴിഞ്ഞാല്‍ ഭാഗ്യവാന്‍ ഇനി അതുമല്ല ഏഴ് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ കഴിഞ്ഞാല്‍ ആരോഗ്യവാന്‍ എന്നാണ്. ജോലികള്‍ക്കിടയില്‍ ഉറക്കം ഒഴിവാക്കുന്നവരെ കണ്ടിട്ടുണ്ട്. എന്നാല്‍ ആരോഗ്യമുള്ള മനസിനും ശരീരത്തിനും ഉറക്കം കൂടിയേ തീരൂ. ഉറങ്ങാന്‍ സമയം കണ്ടെത്തുക എന്നത് നിങ്ങള്‍ നിങ്ങളോട് ചെയ്യുന്ന ഉത്തരവാദിത്തമായി കരുതുക. നിങ്ങള്‍ക്ക് സന്തോഷവാനായിരിക്കാം!

ഗോപി കല്ലായില്‍ ('ദി ഇന്റര്‍നെറ്റ് റ്റു ദി ഇന്നര്‍നെറ്റ്, ദി ഹാപ്പി ഹ്യൂമന്‍' എന്നീ പുസ്തകങ്ങളുടെ രചയിതാവാണ് )

ഡെയ്‌ലി

ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ

ലഭിക്കാൻ join Dhanam

Telegram Channel – https://t.me/dhanamonline

Similar News