വരുന്നൂ ഹൈഡ്രജനിലോടുന്ന ട്രെയിനും; 'പ്രായോഗിക' റൂട്ടുകളിൽ ആദ്യം സർവീസ്
സ്വന്തം ടെക്‌നോളജിയുമായി പുതിയ കുതിപ്പിന് റെയില്‍വേ; ആദ്യമെത്തുക 'ഡെമു' ഹ്രൈഡ്രജന്‍ ട്രെയിനുകള്‍
വന്ദേഭാരത്, വന്ദേ മെട്രോ തുടങ്ങിയ ട്രെയിനുകളിലൂടെ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കിയ ഇന്ത്യന്‍ റെയില്‍വേ ഇതാ ഹൈഡ്രജന്‍ ഇന്ധനമായി ഓടുന്ന ട്രെയിനുകളും അവതരിപ്പിക്കാനൊരുങ്ങുന്നു. നിലവിലെ ഡീസല്‍ എന്‍ജിനുകളുമായി (ഡീസല്‍ ലോക്കോമോട്ടീവ്) താരതമ്യം ചെയ്യുമ്പോള്‍ ഹൈഡ്രജന്‍ ലോക്കോമോട്ടീവിന് 12 മടങ്ങ് ചെലവ് കൂടുതലാണ്.
എന്നാല്‍, സ്വന്തം ടെക്‌നോളജിയിലൂടെ ചെലവ് കുറഞ്ഞ ഹൈഡ്രജന്‍ ലോക്കോമോട്ടീവുകള്‍ വികസിപ്പിക്കാനാണ് റെയില്‍വേയുടെ ശ്രമം. ഇതിനായി ലോക്കോമോട്ടീവിന്റെ രൂപകല്‍പനയില്‍ മാറ്റംവരുത്തുന്നതും ആലോചിക്കുന്നു.
ഹൈഡ്രജന്‍ ലോക്കോമോട്ടീവിനുള്ള സുപ്രധാനഘടകമായ ഫ്യുവല്‍ സെല്ലുകള്‍ വികസിപ്പിക്കാനുള്ള പരിശ്രമത്തിലാണ് റെയില്‍വേ. ഈ ഫ്യുവല്‍ സെല്ലുകളാകും ഹൈഡ്രജനുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുക. ഇത് ഇന്ധനമാക്കിയാകും ട്രെയിന്‍ ഓടുക. അന്തരീക്ഷ മലിനീകരണവും ഇന്ധനച്ചെലവും തീരെക്കുറവാണെന്നതാണ്, പരിസ്ഥിതിസൗഹൃദമായ ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്നത് കൊണ്ടുള്ള സുപ്രധാന നേട്ടം.
ആദ്യഘട്ടത്തില്‍ ഡെമു (DEMU) അഥവാ ഡീസല്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്‌സ് ട്രെയിനുകളിലാകും ഹൈഡ്രജന്‍ ലോക്കോമോട്ടീവ് ഉപയോഗിക്കുകയെന്ന് ഒരു ദേശീയ മാധ്യമം പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കി. പുതിയ ലോക്കോമോട്ടീവ് നിര്‍മ്മിക്കാനുള്ള ശ്രമവും റെയില്‍വേ നടത്തുന്നുണ്ട്.
ആദ്യലക്ഷ്യം സമ്പൂര്‍ണ വൈദ്യുതീകരണം
നിലവില്‍ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും വൈദ്യുതീകരിക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ. നടപ്പ് സാമ്പത്തിക വര്‍ഷം (2024-25) തന്നെ ഈ ലക്ഷ്യം കാണാനാകുമെന്നാണ് പ്രതീക്ഷ.
തുടര്‍ന്ന്, ഹൈഡ്രജന്‍ ഇന്ധനമായുള്ള ട്രെയിനുകളിലേക്കും കടക്കും. പ്രായോഗികത നോക്കി, തിരഞ്ഞെടുത്ത റൂട്ടുകളിലായിരിക്കും ആദ്യ സര്‍വീസുകള്‍.
ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലായിരിക്കും (ICF) ഹൈഡ്രജന്‍ ലോക്കോമോട്ടീവിന്റെ നിര്‍മ്മാണമെന്നാണ് സൂചനകള്‍. നിലവില്‍ അമേരിക്ക, ചൈന, ഇറ്റലി, സൗദി അറേബ്യ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളും ഹൈഡ്രജന്‍ ലോക്കോമോട്ടീവ് വികസിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.