നാളെ മുതല്‍ കൊച്ചിയില്‍ നിന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍; വിവരങ്ങളറിയാം

Update: 2019-10-26 05:43 GMT

വിമാന സര്‍വീസുകളുടെ ശൈത്യകാല സമയക്രമം നാളെ നിലവില്‍ വരാനിരിക്കെ കൊച്ചിയില്‍ നിന്നും കൂടുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. മാലദ്വീപ്, സൗദിയിലെ ദമാം എന്നിവിടങ്ങളിലേക്കുള്ള പുതിയ സര്‍വീസുകളാണ് ശൈത്യകാല പട്ടികയിലെ മുഖ്യ ആകര്‍ഷണം. ഫ്‌ളൈനാസ് എന്ന പുതിയ വിമാനകമ്പനിയാണ് ദമാമിലേക്ക് സര്‍വീസുകളാരംഭിക്കുന്നത്. ജിദ്ദയ്ക്കു പുറമെ ദമാമിലേക്ക് കൂടി ഇന്‍ഡിഗോ സര്‍വീസ് വികസിപ്പിച്ചിട്ടുണ്ട്. മലയാളികള്‍ കൂടുതല്‍ സഞ്ചരിക്കുന്ന സൗദി സെക്ടറുകളിലേക്ക് സൗദിയ, എയര്‍ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സപ്രസ് എന്നിവരും നിലവില്‍ സര്‍വീസുകള്‍ നല്‍കുന്നുണ്ട്.

ഹനിമാധു രാജ്യാന്തര വിമാനത്താവളത്തിലേക്കാണ് പുതിയ മാലദ്വീപ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. മാലദ്വീപ് സര്‍ക്കാരിന്റെ ഐലന്‍ഡ് ഏവിയേഷനാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. നിലവില്‍ ഇന്‍ഡിഗോയുടെ മാലദ്വീപ് സര്‍വീസ് ആണ് കൊച്ചിയില്‍ നിന്നുള്ളത്. രാജ്യാന്തര സര്‍വീസുകള്‍ക്ക് പുറമെ ആഭ്യന്തര സെക്ടറിലേക്കുള്ള സര്‍വീസുകളും കൂട്ടിയിട്ടുണ്ട്.

ഡല്‍ഹിയിലേക്ക് ഗോ എയറും ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് എയര്‍ ഏഷ്യയും കൊല്‍ക്കത്ത, ചെന്നൈ, തിരുപ്പതി എന്നിവിടങ്ങളിലേക്ക് സ്‌പൈസ്‌ജെറ്റും സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്. നവംബര്‍ 20 മുതല്‍ മാര്‍ച്ച് 28 വരെയുള്ള സിയാല്‍ റണ്‍വേ നവീകരണം കൂടെ കണക്കിലെടുത്താണ് സര്‍വീസുകളുടെ ക്രമീകരണം. ഈ ദിവസങ്ങളിലുള്ള വിമാന സര്‍വീസ് നിയന്ത്രണങ്ങള്‍ ഉടനറിയിക്കും. നിലവിലുള്ള വിവരങ്ങളനുസരിച്ച് ആ സമയത്ത് രാവിലെ പത്തുമുതല്‍ വൈകിട്ട് ആറുവരെ സര്‍വീസ് നിയന്ത്രണങ്ങളുണ്ടാകും.

Similar News