''ലോക്ഡൗണ്‍ കാലത്ത് ചെയ്യേണ്ട 4 കാര്യങ്ങള്‍''; ബിസിനസ് കോച്ച് ഡോ.പിപി വിജയന്‍

Update:2020-04-01 08:30 IST

ഒരു കാലത്ത് ഭൂമിയെ അടക്കിഭരിച്ചിരുന്ന ഡൈനോസറുകള്‍ പിന്നീട് നാമാവിശേഷമായി. എന്നാല്‍ ബിസിനസ് ലോകത്തെ ചില ഡൈനോസറുകള്‍ക്ക് എന്ത് സംഭവിച്ചെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ആകാശത്തോളം വളര്‍ന്നശേഷം അഗാധത്തിലേക്കുള്ള പതിച്ച എത്രയോ കമ്പനികളുണ്ട്. കൊറോണയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ദുരന്തമോ ആയിരുന്നോ ഈ കമ്പനികളെ പ്രതിസന്ധിയിലാക്കിയത്? ഇപ്പോഴത്തെ ഈ പ്രതിസന്ധിയെയല്ല നാം നേരിടേണ്ടത്, പകരം നാം കരുതിയിരിക്കേണ്ടത് ലോകത്ത് വരാനിരിക്കുന്ന മാറ്റങ്ങളെയാണ്. ഡിസ്രപ്ഷന്‍ അഥവാ കീഴ്‌മേല്‍ മറിക്കലുകള്‍ എല്ലാ മേഖലകളിലും നടന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ കോവിഡ് 19 പ്രതിസന്ധിയും ബിസിനസ് ലോകത്ത് കാലാകാലങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഡിസ്രപ്ഷന് ഒരു കാരണം മാത്രമാണ്. നിങ്ങളെ മാറാന്‍ നിര്‍ബന്ധിക്കുന്ന ഇതല്ലെങ്കില്‍ മറ്റ് കാരണങ്ങള്‍ എപ്പോഴും വന്നുകൊണ്ടിരിക്കും. അത് പ്രപഞ്ച നിയമമാണ്. അതനുസരിച്ച് മാറുന്നവര്‍ മാത്രം നിലനില്‍ക്കും.

മാറാന്‍ ഇതിലും നല്ല സമയമില്ല

ജീവിതത്തില്‍ ഒരു വലിയ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് ഇതിലും മികച്ചൊരു സമയമില്ലെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. ഈ പ്രതിസന്ധിയെ സ്വയം മാറാനുള്ള അവസരമായി കാണുക. നിങ്ങളുടെ കഴിവുകള്‍ തിരിച്ചറിയാനുള്ള അവസരമാക്കുക. ഇതുവരെ തിരക്കുകളില്‍പ്പെട്ട് ചിന്തിക്കാന്‍ കഴിയാതിരുന്ന പല കാര്യങ്ങളും നിങ്ങള്‍ക്കിപ്പോള്‍ ചിന്തിക്കാനും ആസൂത്രണം ചെയ്യാനും സാധിക്കും. പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കുക.

നിങ്ങളൊരു സംരംഭകനാണെങ്കില്‍ സ്ഥാപനത്തെ ഡിജിറ്റലായി പരിവര്‍ത്തനം ചെയ്യാനുള്ള അവസരമാണിതെന്ന് മനസിലാക്കുക. നമുക്കറിയാം ഇന്റര്‍നെറ്റ് വ്യാപകമാകുന്നതിന് മുമ്പ് രൂപം കൊണ്ട് സ്ഥാപനങ്ങള്‍ ഇന്ന് വലിയ വെല്ലുവിളി നേരിടുന്നു. പ്രിഡിജിറ്റല്‍ യുഗത്തില്‍ അവരുടെ ബിസിനസിനെ വളര്‍ത്തിയ അടിസ്ഥാനതത്വങ്ങളും നിയമങ്ങളും ഇന്ന് അപ്രസക്തമായി മാറി. ഈ ലോക്ഡൗണ്‍ കാലഘട്ടം ടെക്‌നോളജിയിലേക്ക് സമൂഹത്തെ കൂടുതല്‍ അടുപ്പിച്ചിരിക്കുകയാണ്. ഈ അവസരം കമ്പനികള്‍ പരമാവധി പ്രയോജനപ്പെടുത്തുക.

വിജയിക്കാന്‍ നിങ്ങള്‍ ശക്തമായി ആഗ്രഹിക്കുന്നുവെങ്കില്‍ അഞ്ച് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ലോകത്തിലെ ബഹുഭൂരിപക്ഷം വിജയികളും തങ്ങളുടെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിച്ചത് ഈ മാര്‍ഗങ്ങളിലൂടെയാണ്. ലോക്ഡൗണ്‍ തീരാന്‍ ഇനിയുള്ള ദിവസത്തെ വിഭജിച്ച് ഇതിലെ ആക്ഷന്‍ ഒഴിച്ചുള്ള നാല് കാര്യങ്ങള്‍ ചെയ്യുക:

1. ഏറ്റവും വലിയ സ്വപ്‌നം നിങ്ങള്‍ക്കുണ്ടാവുക
2. ആ സ്വപ്‌നം ദൃശ്യവല്‍ക്കരിക്കുക (വിഷ്വലൈസേഷന്‍)
3. ആ സ്വപ്‌നത്തിലുള്ള നിരുപാധികമായ വിശ്വാസം (ബിലീഫ്)
4. വ്യക്തമായ ആസൂത്രണം (പ്ലാനിംഗ്)
5. സ്വപ്‌നസാഫല്യത്തിന് വേണ്ടിയുള്ള മാസീവ് ആക്ഷന്‍.

പ്രതിസന്ധിയിലെ അവസരങ്ങള്‍ കണ്ടെത്തുക

പ്രതിസന്ധിയെ മാറ്റാന്‍ നമ്മേക്കൊണ്ടാകില്ല. പക്ഷെ പ്രതിസന്ധിയില്‍ ഒരുപാട് അവസരങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ട്. കോവിഡ് 19 ലോകത്ത് വരുത്തുന്നത് ഇതുവരെ നാം കാണാത്ത രീതിയിലുള്ള ഒരു മാറ്റമായിരിക്കും. ലോക്ഡൗണ്‍ കഴിഞ്ഞ് നാം പുറത്തിറങ്ങുന്നത് പുതിയൊരു ലോകത്തേക്കായിരിക്കും. മുന്‍കാലങ്ങളിലെ അവസരങ്ങളായിരിക്കില്ല അവിടെയുണ്ടാവുക. ഇതുവരെ നേരിട്ടിട്ടില്ലാത്ത ചില പുതിയ വെല്ലുവിളികളാകാം മനുഷ്യന് പുതിയ ലോകത്ത് നേരിടേണ്ടിവരുന്നത്. ഈ സാഹചര്യത്തില്‍ സമൂഹത്തിന്റെ വേദന അല്ലെങ്കില്‍ ആവശ്യം അതിന് പരിഹാരം കണ്ടെത്താന്‍ നിങ്ങളുടെയുള്ളിലെ സംരംഭകന് സാധിക്കുമോ?

ഒരു ഉദ്ദാഹരണം പറയാം. വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ വന്‍കിട നഗരങ്ങളിലും ഏറെ പോപ്പുലറായിവരുന്ന ഒരു കാര്യമാണ് ഹോം സ്‌കൂളിംഗ്. കുട്ടികള്‍ സ്‌കൂളില്‍ പോകാതെ വിദേശസിലബസ് അനുസരിച്ച് വീട്ടിലിരുന്ന് ഓണ്‍ലൈനിലൂടെ പഠിക്കുന്നു. കോറോണ കഴിഞ്ഞാലും ഇതിലും വലിയ പകര്‍ച്ചവ്യാധികള്‍ ലോകത്ത് പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകളെക്കുറിച്ച് പുതിയ പഠനങ്ങള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എന്നത് എക്കാലവും ആവശ്യമായി വരുന്ന കാലം വിദൂരത്തായിരിക്കില്ല.

ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ കോഴ്‌സുകളും ഹോംസ്‌കൂളിംഗും റിമോട്ട് വര്‍ക്കിംഗുമൊക്കെ കൂടുതല്‍ ജനകീയമായേക്കും. വ്യക്തിശുചിത്വം, പരിസരശുചിത്വം, മാലിന്യനിര്‍മ്മാര്‍ജ്ജനം തുടങ്ങിയവയ്‌ക്കെല്ലാം കൂടുതല്‍ പ്രാധാന്യം കൈവരും. ഇത്തരത്തില്‍ ലോകം മാറുമ്പോള്‍ സമൂഹത്തിന് ഉപകാരമാകുന്ന സാങ്കേതികവിദ്യയോ സേവനമോ നല്‍കാന്‍ നിങ്ങള്‍ക്കാവുമെങ്കില്‍ നിങ്ങള്‍ വിജയിക്കും. സമൂഹത്തിന്റെ യഥാര്‍ത്ഥ ആവശ്യം കണ്ടെത്തി അത് നിറവേറ്റുന്നവനാണല്ലോ വിജയിയായ സംരംഭകന്‍. ഈ ലോക്ഡൗണ്‍ കാലം അത്തരം അവസരങ്ങള്‍ കണ്ടെത്താനുള്ളതാകട്ടെ

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News