സംരംഭകരേ, കൂടുതല്‍ പ്രൊഡക്റ്റീവ് ആകാം ജോലിയിലും ജീവിതത്തിലും; വഴികളിതാ
ബിസിനസും ജോലിയും സമ്മര്‍ദ്ദത്തിലൂടെ മുന്നോട്ട് പോകുന്ന ഈ കാലഘട്ടത്തില്‍ നിങ്ങള്‍ നിങ്ങളില്‍ തന്നെ ഇന്‍വെസ്റ്റ്‌മെന്റ് നടത്തൂ, ജീവിതം മാറിമറിയും.
കോവിഡ് തരംഗങ്ങള്‍ മാറി മാറിവരികയാണ്. എന്നാണ് ഈ അരക്ഷിതാവസ്ഥ പരിഹരിക്കപ്പെടുക എന്നതിനെക്കുറിച്ച് യാതൊരു ഉറപ്പുമില്ല. വാക്‌സിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെങ്കിലും ബിസിനസും ജീവിതവുമെല്ലാം പഴയ പടിയാകാന്‍ സമയമെടുക്കും. തിരക്കുകള്‍ കുറഞ്ഞെങ്കിലും സമ്മര്‍ദ്ദത്തിന് ഒരു കുറവുമില്ല. എങ്ങനെയാണ് ഈ സാഹചര്യത്തില്‍ നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുക. ബിസിനസിനപ്പുറം നിങ്ങളുടെ കഴിവുകളിലും ജീവിതത്തിലും ഇന്‍വെസ്റ്റ് ചെയ്യേണ്ട കാലം തന്നെയാണിത്. എങ്ങനെയാണ് നിങ്ങളില്‍ തന്നെ ഇന്‍വെസ്റ്റ്‌മെന്റ് നടത്തേണ്ടത്. ഇതാ ജീവിതം കൂടുതല്‍ പ്രൊഡക്റ്റീവ് ആക്കാം. ഈ പ്രായോഗിക വഴികള്‍ നോക്കൂ.
നന്നായി ശ്വസിക്കൂ
എല്ലാ ദിവസവും എല്ലാ നേരവും നമ്മള്‍ ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതെങ്ങനെ ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു നിങ്ങളുടെ മാനസിക സൗഖ്യം. കുറച്ചു നേരം മനസു നിറയും വിധത്തില്‍ ആഴത്തില്‍ ശ്വാസമെടുക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നമ്മള്‍ വളരെ സമ്മര്‍ദത്തിലായിരിക്കുമ്പോഴും ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും വളരെ ലഘുവായ ശ്വാസമാണ് എടുക്കുന്നത്. ഇത് നിങ്ങള്‍ക്ക് വേണ്ട ഓക്‌സിജന്‍ തരുമെന്നു മാത്രം. അതേസമയം വയറു നിറയും വിധത്തില്‍ ദീര്‍ഘശ്വാസം എടുക്കുമ്പോള്‍ നിങ്ങളുടെ ഹൃദയം മന്ദഗതിയിലാവുകയും രക്തസമ്മര്‍ദം സ്ഥിരത പ്രാപിക്കുകയും ചെയ്യും. ഇത് നിങ്ങളെ ഊര്‍ജ്ജസ്വലരാക്കും.
ആഴ്ചയിലെ 150 മിനിറ്റ്
ബിസിനസ് നടത്തുന്നത് ഒരു സ്പിരിച്ച്വലും ഇമോഷണലുമായ വര്‍ക്കൗട്ടാണ് എന്നാണ് പറയാറുള്ളത്. എന്നാല്‍ നിങ്ങള്‍ ആരോഗ്യത്തോടെയിരിക്കാന്‍ വേണ്ട ശാരീരികമായ ഒരു എക്‌സര്‍സൈസ് ഇതില്‍ ലഭിക്കില്ല. ഓരോ ആഴ്ചയിലും ഒരാള്‍ 150 മിനിറ്റ് എക്‌സര്‍സൈസ് ചെയ്യണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഈ 150 മിനിറ്റുകളും നിങ്ങള്‍ നിങ്ങളെ സ്നേഹിക്കുകയാണ്. ഒറ്റത്തവണ ഇത്രയും നേരം എക്‌സര്‍സൈസ് ചെയ്യുക പലപ്പോഴും പ്രായോഗികമായിരിക്കില്ല. അപ്പോള്‍ 10-20 മിനിറ്റ് ദൈര്‍ഘ്യമുള്ള സെഷനുകളായി ഇതിനെ മാറ്റാം. ആദ്യദിവസം പട്ടിക്കുട്ടിക്കൊപ്പം നടത്തം ആകാം. അടുത്ത ദിവസം മറ്റെന്തെങ്കിലും. അങ്ങനെ ഒരാഴ്ച ഈ പറഞ്ഞത്രയും സമയം എക്‌സര്‍സൈസ് ചെയ്‌തെന്ന് ഉറപ്പാക്കുക.
ആരോഗ്യകരമായ ഭക്ഷണം കഴിക്കൂ
ആരോഗ്യകരമായ, ന്യൂട്രീഷ്യസായ ഭക്ഷണം രുചികരമായിരിക്കണമെന്നില്ല. ഒരു ദിവസത്തെ നിങ്ങളുടെ പ്രവൃത്തികള്‍ക്ക് ഊര്‍ജ്ജം പകരുന്നതാകണം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം. സമയക്കുറവു മൂലം എന്തെങ്കിലും ഫാസ്റ്റ് ഫുഡില്‍ ഭക്ഷണം ഒതുക്കുന്നത് ഒഴിവാക്കി ദിവസം മുഴുവന്‍ ഊര്‍ജം നല്‍കുന്ന ഹൈ ന്യൂട്രീഷ്യസ് ഭക്ഷണം തന്നെ കഴിക്കുക.
ആരോഗ്യം ക്ലയന്റിനെ പോലെയാണ് !
സ്വന്തമായി ബിസിനസ് നടത്തുമ്പോള്‍ പല സംരംഭകരും ആരോഗ്യത്തിനായി സമയം ചെലവഴിക്കില്ല. അത്തരം സംരംഭകര്‍ ചെയ്യേണ്ടത് നിങ്ങളുടെ ശരീരത്തെ ഒരു കസ്റ്റമറായി കാണുക എന്നതാണ്. നിങ്ങളുടെ മനസിനും ശരീരത്തിനും മനസിനും വേണ്ട പരിപാലനം നല്‍കാന്‍ കലണ്ടറില്‍ റിമൈന്‍ഡര്‍ സെറ്റ് ചെയ്യുക. കസ്റ്റമര്‍ക്ക് അപ്പോയന്റ്‌മെന്റ് കൊടുക്കും പോലെ പ്രാധാന്യം ഇതിനും കൊടുക്കുക.
പ്രകൃതിയിലേക്കിറങ്ങൂ
വീട്ടിലെ ഒരു മുറിയിലിരുന്നു തന്നെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്‍ക്കാന്‍ സാധിക്കുന്നവെന്നതിനാല്‍ പല ആളുകളും ഇന്ന് കമ്പനികള്‍ നടത്തുന്നത് ഒറ്റപ്പെട്ടിരുന്നാണ്. എന്നാല്‍ പ്രകൃതിയോടിണങ്ങിയ പ്രദേശങ്ങളില്‍ സുരക്ഷിതമായി സമയം ചെലവഴിക്കുന്നതിനും സമയം കണ്ടെത്തണം. നിങ്ങളുടെ ജോലിക്ക് ഊര്‍ജം പകരാന്‍ ഇത് സഹായിക്കും.
ഉറങ്ങൂ, സ്വസ്ഥമായി
ഒരു മണിക്കൂര്‍ കൂടുതല്‍ ഉറങ്ങിയാല്‍ സമയം മുഴുവന്‍ തീര്‍ന്നെന്നു വിചാരിക്കുന്നയാളാണോ നിങ്ങള്‍? ഓഫീസില്‍ നേരത്തെ എത്താന്‍ എന്നും അലാം സമയം നേരത്തെ ആക്കി സെറ്റ് ചെയ്യാറുണ്ടോ? എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചോളു നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വിശ്രമം കിട്ടുന്നില്ല. എല്ലാ ദിവസവും ഏഴു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങിയിരിക്കണം. മാത്രമല്ല ആ ഉറക്കം സുഖകരവുമായിരിക്കണം. അതായത് ഇടയ്ക്ക് ഫോണ്‍ എടുക്കാനോ മെസേജ് ചെക്ക് ചെയ്യാനോ ഒന്നും ശ്രമിക്കരുത്.
സ്വയം സ്നേഹിക്കൂ
സാധാരണ ഉദ്യോഗതലത്തിലുള്ളവരെ അപേക്ഷിച്ച് സംരംഭകര്‍ക്ക് മാനസിക സമ്മര്‍ദ്ദം കൂടുതലാണ്. അതുകൊണ്ട് ഈ സ്‌ട്രെസ് അതിജീവിക്കാന്‍ വേണ്ട വഴികള്‍ കൂടി സ്വന്തമായി കണ്ടെത്തണം. കൂട്ടുകാര്‍ക്കും ഫാമിലിക്കുമൊപ്പം ചെലവഴിക്കാന്‍ സമയം നീക്കി വയ്ക്കുന്നതു പോലെ സ്വന്തം ഇഷ്ടങ്ങള്‍ക്കു വേണ്ടിയും അല്‍പ്പ സമയം മാറ്റിവയ്ക്കണം. സെല്‍ഫ് ലവ് എന്നത് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വരും. യോഗ, കുക്കിംഗ് അങ്ങനെ പുതിയ ഹോബികള്‍ കണ്ടെത്താം. 'എന്റെ സമയം' എന്ന് കലണ്ടറില്‍ നോട്ട് ചെയ്തു വയ്ക്കുകയും അത് പിന്തുടരുകയും ചെയ്യുക.
പഠിക്കാം പുതുകാര്യങ്ങള്‍
എല്ലാ ആഴ്ചയും ഒരു സമയം വായിക്കാനും പഠിക്കാനും മാറ്റിവയ്ക്കാം. ബിസിനസിലും ജീവിതത്തിലും കൂടുതല്‍ ആവശ്യമായ ചില സ്‌കില്ലുകള്‍, സോഫ്റ്റ് വെയറുകള്‍ എന്നിവ ഓണ്‍ലൈനില്‍ പഠിക്കാം. ഉഡെമി പോലെ കോഴ്സെറ പോലെ നിരവധി ഓണ്‍ലൈന്‍ അക്കാദമികളിലേക്ക് ഒറ്റ ക്ലിക്കില്‍ എത്താമെന്നിരിക്കെ എന്തിനാണ് മടിച്ചു നില്‍ക്കുന്നത്. പ്രാദേശികഭാഷ നാവിന്‍തുമ്പില്‍ നിന്നും വിട്ടുമാറാത്ത സംരംഭകരെങ്കില്‍, നിങ്ങള്‍ ഭാഷാജ്ഞാനം വര്‍ധിപ്പിക്കാനും ആഴ്ചയില്‍ ഒരു 30 മിനിട്ട് മാറ്റിവയ്ക്കുക.