കേരളത്തിലെ കുടുംബ ബിസിനസുകളെ കോവിഡ് കാലം പഠിപ്പിച്ചതെന്ത്? കുടുംബ ബിസിനസ് സാരഥികള്‍ പറയുന്നത് കേള്‍ക്കാം
കോവിഡ് കാലത്ത് കേരളത്തിലെ കുടുംബ ബിസിനസുകള്‍ നേരിട്ട വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു? എങ്ങനെ മറികടന്നു? പുതിയ കാലത്ത് അവരെടുക്കുന്ന പുതിയ തീരുമാനങ്ങളെന്ത്? അറിയാം.
കേരളത്തിലെ ഏതാണ്ടെല്ലാ രംഗത്തും കുടുംബ ബിസിനസുകളുടെ ശക്തമായ സാന്നിധ്യമുണ്ട്. മാത്രമല്ല സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ സജീവവും നിര്‍ണായകവുമായ ഇടപെടലാണ് കുടുംബ ബിസിനസുകള്‍ നടത്തുന്നതും. കോവിഡ് കാലം എങ്ങനെയാണ് കേരളത്തിലെ കുടുംബ ബിസിനസുകളെ സ്വാധീനിച്ചത്? അവയുടെ പ്രവര്‍ത്തന ശൈലിയില്‍ കോവിഡ് മഹാമാരി മാറ്റം വല്ലതും വരുത്തിയിട്ടുണ്ടോ? ഫാമിലി ബിസിനസ് അഡൈ്വസറി സ്ഥാപനമായ ഗേറ്റ്‌വെയ്‌സ് ഗ്ലോബല്‍ ഹ്യൂമണ്‍ കാപ്പിറ്റല്‍ സൊലൂഷന്‍സ് എല്‍എല്‍പി ഐഐഎം അഹമ്മദാബാദിലെ ഫാക്കല്‍ട്ടി പ്രൊഫ. ബിജു വര്‍ക്കിയുമായി നടത്തുന്ന സര്‍വെയുടെ ഇടക്കാല സര്‍വെ റിപ്പോര്‍ട്ടില്‍ തെളിയുന്നത് കുടുംബ ബിസിനസുകളുടെ പ്രവര്‍ത്തന ശൈലിയില്‍ വരുന്ന മാറ്റങ്ങളുടെ സൂചനകളാണ്.
കുടുംബ ബിസിനസുകള്‍ ഇനി പഴയതുപോലെയാകില്ല!
''പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വേണമെന്ന തിരിച്ചറിവ് കേരളത്തിലെ കുടുംബ ബിസിനസുകള്‍ക്ക് കോവിഡ് കാലം സമ്മാനിച്ചിട്ടുണ്ട്. പഴയതുപോലെ ഇനി മുന്നോട്ട് പോകാനാവില്ലെന്ന ബോധ്യവും അവയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്,'' ഇടക്കാല സര്‍വെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് ഗേറ്റ്‌വെയ്‌സ് ഗ്ലോബല്‍ ഹ്യൂമണ്‍ കാപ്പിറ്റല്‍ സൊലുഷന്‍സ് എല്‍എല്‍പി ലീഡ് പാര്‍ട്ണര്‍ എം ആര്‍ രാജേഷ് കുമാര്‍ പറയുന്നു. സംസ്ഥാനത്തെമ്പാടുമുള്ള വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 50 ഓളം കുടുംബ ബിസിനസ് സാരഥികളുമായി വിശദമായി സംസാരിച്ച് നടത്തിയ സര്‍വെയിലെ ചില കണ്ടെത്തലുകള്‍ ഇതാണ്.
$ ലോക്ക്ഡൗണ്‍ മൂലം പരമ്പരാഗതമായ വിധത്തിലുള്ള കുടുംബ ബിസിനസ് സാരഥികളുടെ കൂടിക്കാഴ്ചകളും മറ്റും തടസ്സപ്പെട്ടപ്പോള്‍ വ്യാപകമായി ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉപയോഗിച്ചു തുടങ്ങി.
$ കുടുംബ ബിസിനസുകളില്‍ പലതിലും പിന്തുടര്‍ച്ചാക്രമം ഇല്ലായിരുന്നു. എന്നാല്‍ കോവിഡ് വന്നതോ സംരംഭത്തിലെ ടോപ് മാനേജ്‌മെന്റിന് കുറേക്കൂടി ഉത്തരവാദിത്തം നല്‍കി ശാക്തീകരിക്കപ്പെട്ടു.
$ കുടുംബത്തിലെ മുതിര്‍ന്നവര്‍ക്ക് ലോക്ക്ഡൗണ്‍ മറ്റും മൂലം യാത്രകള്‍ പരിമിതമാക്കപ്പെട്ടതോടെ യുവതലമുറയിലേക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ വന്നു.
$ ബിസിനസ് വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ വിപണികളിലേക്ക് കടന്നു
$ സംഘടിതവും പ്രൊഫഷണലുമായ സമീപനത്തിന്റെ അപര്യാപ്ത പല കുടുംബ ബിസിനസുകളിലും ഉണ്ടായിരുന്നു. അത് മറികടക്കാന്‍ നിലവിലുള്ള ബിസിനസ്, മാനേജ്‌മെന്റ് പ്രാക്ടീസുകള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കി.
$ പ്രവര്‍ത്തനങ്ങള്‍ സാധ്യമായത്ര വികേന്ദ്രീകരിച്ചു.
$ പ്രൊഫഷണല്‍ കണ്‍സള്‍ട്ടേഷന്‍ സേവനങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്തി തുടങ്ങി. കുടുംബ ബിസിനസുകള്‍ റീ ഓറിയന്റ് ചെയ്യുന്നതിനും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും വിപുലപ്പെടുത്തുന്നതിനും വേണ്ടി കണ്‍സള്‍ട്ടന്റുമാരുടെയും വിവിധ മേഖലകളില്‍ വൈദ്ഗധ്യമുള്ളവരുടെയും സേവനം ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.
$ കോവിഡ് കാലത്ത് കുടുംബ ബിസിനസുകളില്‍ കണ്ട മറ്റൊരു പ്രത്യേകത, അവര്‍ തങ്ങളുടെ ജീവനക്കാരെയും കുടുംബാംഗങ്ങളായി പരിഗണിക്കുകയും മറ്റ് കോര്‍പ്പറേറ്റുകളേത് പോലെ വന്‍തോതില്‍ ശമ്പളം വെട്ടിക്കുറയ്ക്കാതെ, ലോക്ക്ഡൗണ്‍ കാലത്ത് കുറച്ച വേതനം പിന്നീട് ഘട്ടംഘട്ടമായി തിരിച്ചുകൊടുക്കുകയായിരുന്നു. മാത്രമല്ല, പല കുടുംബ ബിസിനസ് സാരഥികളും ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉപയോഗിച്ച് ജീവനക്കാരുമായി സംവദിച്ചു. ചുരുക്കം ചില കുടുംബ ബിസിനസ് സാരഥികള്‍ റിസ്‌കെടുത്ത് തന്നെ വിദൂരമായ പ്ലാന്റുകള്‍ നേരിട്ട് സന്ദര്‍ശിക്കുകയും ജീവനക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്തു.
$ ചില കുടുംബ ബിസിനസ് സാരഥികള്‍ അവരുടെ ജീവനക്കാര്‍ക്കിടയില്‍ സര്‍വെ നടത്തി അവരുടെ ആവശ്യങ്ങളും പ്രതീക്ഷകളും കൃത്യമായി മനസ്സിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തി.
$ ഭൂരിഭാഗം പേരും വന്‍തോതില്‍ ജീവനക്കാരെ വെട്ടിക്കുറച്ചില്ല. കാരണം, കേരളത്തിലെ കുടുംബ ബിസിനസുകളില്‍ പുറത്തുനിന്നുള്ള ഫണ്ടിംഗോ അല്ലെങ്കില്‍ കൂടുതല്‍ ഇക്വിറ്റി നിക്ഷേപകരോ അത്ര വ്യാപകമല്ല. അതുകൊണ്ട് തന്നെ ലാഭം കാണിക്കാനുള്ള സമ്മര്‍ദ്ദവും ഇവരില്‍ കുറവാണ്. മാത്രമല്ല, പല കുടുംബ ബിസിനസുകളും ജീവനക്കാര്‍ക്ക് കോവിഡ് കാലത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുകയും ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാന്‍ വേണ്ട കാര്യങ്ങള്‍ പ്രൊഫഷണല്‍ സേവനം തേടിക്കൊണ്ടു തന്നെ നടപ്പാക്കുകയും ചെയ്തുവരുന്നു.
$ സര്‍വെയില്‍ കണ്ടെത്തിയ മറ്റൊരു സുപ്രധാന വസ്തുത, അഭിമുഖം നടത്തിയ കുടുംബ ബിസിനസുകളില്‍ 72 ശതമാനവും നയിക്കപ്പെടുന്നത് രണ്ടാം അല്ലെങ്കില്‍ മൂന്നാം തലമുറ സാരഥികളാലാണ്. വെറും 18 ശതമാനം കുടുംബ ബിസിനസുകളുടെ തലപ്പത്ത് മാത്രമാണ് നാലും അഞ്ചും തലമുറയില്‍ പെട്ടവരുള്ളത്.
$ സര്‍വെ നടത്തിയ കുടുംബ ബിസിനസുകളില്‍ 80 ശതമാനത്തിനും സുസംഘടിതമായ കുടുംബ ബിസിനസ് ഭരണഘടനയോ പിന്തുടര്‍ച്ചാക്രമമോ ഇല്ല. ഇത് പ്രൊഫഷണല്‍ ഓര്‍ഗനൈസേഷനായി വളരാനും അത്തരം സമീപനം സ്വീകരിക്കാനുമുള്ള നീക്കത്തിന് തടസ്സമാകുന്നുമുണ്ട്. കോവിഡ് വന്നതോടെ കുടുംബ ബിസിനസുകളുടെ നടത്തിപ്പിന് ഒരു ചട്ടക്കൂട് വേണമെന്ന കാഴ്ചപ്പാട് 41 ശതമാനം കുടുംബ ബിസിനസുകള്‍ക്ക് തോന്നിയിട്ടുമുണ്ട്.