യൂബര്‍ ഡ്രൈവര്‍മാരായി ബി-ടെക്കുകാരുമുണ്ട്, ഒരു മാസം എത്ര രൂപക്ക് ഓടിയാല്‍ 'ജീവിച്ചു' പോകാം?

യൂബര്‍ ടാക്‌സികള്‍ നിരത്തില്‍ നിറയുമ്പോള്‍ ഈ തൊഴിലിടത്തെക്കുറിച്ച് ഒരു അന്വേഷണം

വിദ്യാഭ്യാസ യോഗ്യത: ബി.ടെക്, ജോലി: യൂബര്‍ ഡ്രൈവര്‍.
ബംഗളൂരുവില്‍ നിന്ന് 2007-08ലാണ് കോഴിക്കോട് സ്വദേശി ഷാബു കമ്പ്യൂട്ടര്‍ സയന്‍സ് ബി.ടെക് എടുത്തത്. എട്ട് വര്‍ഷം ദുബൈയില്‍. ഐ.ടി കാണുന്നവര്‍ക്ക് വൈറ്റ് കോളര്‍ ജോലിയാണ്. എന്നാല്‍ വല്ലാത്ത സമ്മര്‍ദം നല്‍കുന്ന ജോലിയാണെന്ന തിരിച്ചറിവാണ് എട്ടു വര്‍ഷം കൊണ്ട് കിട്ടിയത്. അതിനൊടുവില്‍ ജോലി വിട്ടു. ഇനി എന്തു ചെയ്യണം? ചെറുപ്പം മുതല്‍ ഡ്രൈവിംഗ് വലിയ പാഷനാണ്. ചെറിയൊരു ആശ്വാസം എന്ന നിലയില്‍ ആ മേഖല തിരഞ്ഞെടുത്തു. എറണാകുളത്തെ യൂബര്‍ ടാക്‌സി ഡ്രൈവറാണ് ഇന്ന് ഷാബു.
''അധ്വാനിച്ചാല്‍ അതിനനുസരിച്ചുളള വരുമാനം ഈ ജോലിയില്‍ നിന്ന് ലഭിക്കും. രണ്ടു വര്‍ഷമായി ഈ ജോലി ചെയ്യുന്നു. ഒരു ദിവസം 10-12 മണിക്കൂര്‍ പണിയെടുക്കണം. അതു കഴിഞ്ഞാല്‍ പിന്നെ ക്ഷീണമാണ്. അതു ജോലിയുടെ ഭാഗമായി കരുതണം. ശരാശരി ഒരു ദിവസം 2,500-3,000 രൂപയുടെ ഓട്ടം കിട്ടും. കാര്‍ വാടകയും ഇന്ധനച്ചെലവും ഭക്ഷണത്തിനുളളതും ഇതില്‍ നിന്നു വേണം. സ്വന്തം വണ്ടിയാണെങ്കില്‍ മെച്ചമാണ്, ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു ഓപ്ഷനാണ്. മറ്റുളളവരുടെ ചെലവില്‍ ചുറ്റി നടക്കാനും കൂടുതല്‍ സ്ഥലങ്ങള്‍ കാണാനും കൂടുതല്‍ പേരെ പരിചയപ്പെടാനുമൊക്കെ സാധിക്കും'' -ഷാബു പറയുന്നു.

ടാക്‌സി വാടകയ്ക്ക് നല്‍കുന്നത് ഇങ്ങനെ

യൂബര്‍ ആപ്പില്‍ ആവശ്യമുളള രേഖകള്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് അക്കൗണ്ട് തുറക്കുകയാണ് ടാക്‌സി ഡ്രൈവറാകാന്‍ ആദ്യം വേണ്ടത്. സ്വന്തം വാഹനം ഉപയോഗിച്ചോ കാറുകള്‍ വാടകയ്ക്ക് നല്‍കുന്നവരെ സമീപിച്ചോ ടാക്‌സി സേവനം തുടങ്ങാം. കാര്‍ വാടകയ്ക്ക് നല്‍കുന്നവരെ സമീപിച്ചാല്‍ മുദ്രപത്രത്തില്‍ ഒരു കരാര്‍ വേണ്ടിവരും. 15 ദിവസത്തേക്കോ ഒരു മാസത്തേക്കോ സെക്യൂരിറ്റി ഡെപോസിറ്റ് വാങ്ങും. 1,000 രൂപയാണ് കാറിന്റെ ദിവസ വാടകയെങ്കില്‍ 15,000 രൂപ മുതല്‍ 30,000 രൂപ വരെയാണ് ഡെപോസിറ്റ്. വണ്ടിയുടെ പഴക്കം അനുസരിച്ച് വാടകയില്‍ കുറവ് വരാം.
ദിവസവും നിശ്ചിത കിലോമീറ്ററിനാണ് വാടക. കൂടുതല്‍ കിലോമീറ്ററിന് 2 മുതല്‍ 5 രൂപ വരെ വാടക ഈടാക്കും. ദിവസം ശരാശരി 220 കിലോമീറ്റര്‍ മുതല്‍ 250 കിലോമീറ്റര്‍ വരെ എന്ന തരത്തിലാണ് വാടകയ്ക്ക് കാറുകള്‍ നല്‍കുന്നത്. 10 മുതല്‍ 20 കിലോമീറ്റര്‍ വരെ വണ്ടി മാറ്റിയിടാനും മറ്റും ഓടേണ്ടി വരും. 250 കിലോമീറ്റര്‍ വരെ ഒരു ദിവസം വണ്ടി ഓടിക്കഴിഞ്ഞാല്‍ 3,000 രൂപയോളം ഡ്രൈവര്‍ക്ക് ലഭിക്കും. സെഡാന് 1,000 രൂപ നിരക്കിലായിരിക്കും ദിവസ വാടക. പഴക്കമുളള വണ്ടി (2017 മോഡല്‍ പോലുളള വാഹനങ്ങള്‍) 800 രൂപ മുതല്‍ 900 രൂപ വരെയായിരിക്കും വാടക. ഹാച്ച്ബാക്കുകള്‍, എം.യു.വി കള്‍ (എര്‍ട്ടിഗ പോലുളള വാഹനങ്ങള്‍) തുടങ്ങിയവയ്ക്ക് ദിവസ വാടക വ്യത്യാസപ്പെട്ടിരിക്കും. ഡീസല്‍ വാഹനങ്ങള്‍ ആണെങ്കില്‍ 500 രൂപ മുതല്‍ കാറുകള്‍ വാടകയ്ക്ക് ലഭ്യമാകും.
ഓട്ടം കുറവാണെന്ന് ഡ്രൈവര്‍മാര്‍ സമൂഹ മാധ്യമങ്ങളിലടക്കം അഭിപ്രായപ്പെടുന്നതിനോട് യോജിക്കുന്നില്ലെന്ന് നാല് വര്‍ഷമായി യൂബര്‍ ടാക്‌സികള്‍ വാടകയ്ക്ക് നല്‍കുന്ന നിഥിന്‍ രാജ് പറയുന്നു. ഓട്ടമില്ല എന്ന പരാതിപ്പെടുന്നവരില്‍ ഭൂരിഭാഗം പേരും യഥാര്‍ത്ഥത്തില്‍ ഓടാന്‍ തയാറാകാത്തതുകൊണ്ടാണെന്ന് കാണാം. പരമാവധി രണ്ടു ദിവസം മാത്രമാണ് ഡ്രൈവര്‍മാരില്ലാതെ വണ്ടി ഓട്ടം പോകാതിരിക്കുന്ന അവസ്ഥയുണ്ടാകുന്നത്. കൂടുതല്‍ സമയം കണ്ടെത്തി ജോലി ചെയ്താല്‍ തീര്‍ച്ചയായും ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് നിന്ന് ഭേദപ്പെട്ട വരുമാനം ഉണ്ടാക്കാന്‍ സാധിക്കും. രാവിലെ 6 മുതല്‍ ചിലപ്പോള്‍ രാത്രി 8 മണി വരെ ജോലി ചെയ്യേണ്ടി വന്നേക്കാം.
കിട്ടുന്ന ഓട്ടവും എറണാകുളം പോലുളള നഗരങ്ങളിലെ ഗതാഗത തിരിക്കും അനുസരിച്ച് വരുമാനത്തില്‍ വ്യത്യാസം ഉണ്ടാകാം. 80,000-90,000 രൂപക്ക് ഒരു മാസം യൂബറില്‍ ഓടിയാല്‍ മാത്രമാണ് ഡ്രൈവറുടെ കാശ് കളയാതെ എന്തെങ്കിലും വരുമാനം ഉണ്ടാക്കാന്‍ സാധിക്കുക. 30,000 രൂപ വണ്ടിയുടെ വാടക ഇനത്തില്‍ ചെലവാക്കേണ്ടി വരും. 25,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയില്‍ ഇന്ധന ചെലവിനും ഭക്ഷണത്തിനും ചേര്‍ത്താകും. ഇത്തരത്തില്‍ ഏകദേശം 90,000 രൂപയുടെ അടുത്തെങ്കിലും യൂബറില്‍ ഓടാന്‍ തയാറായാല്‍ മാത്രമാണ് ഡ്രൈവര്‍ക്ക് മാസം വരുമാനം എന്ന നിലയില്‍ 30,000 രൂപയെങ്കിലും ഉണ്ടാക്കാന്‍ സാധിക്കുക.

പാര്‍ട്ട്‌ടൈം ജോലിയുമാണ്

പാര്‍ട്ട്‌ടൈം ആയി യൂബര്‍ ടാക്‌സി ഓടിക്കുന്ന യുവാക്കളുമുണ്ട്. ദിവസം രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമുളള പ്രത്യേക കോഴ്‌സിന് ചേരുന്ന ദൂര സ്ഥലങ്ങളില്‍ നിന്നുളള യുവാക്കള്‍ അധിക വരുമാന മാര്‍ഗമെന്ന നിലയ്ക്കും യൂബര്‍ ഡ്രൈവര്‍മാരായി വരുന്നുണ്ട്. 250 കിലോമീറ്റര്‍ ഒരു ദിവസം യൂബര്‍ ഓടിയാല്‍ 1,200 രൂപയോളം ഡ്രൈവര്‍ക്ക് വരുമാനം.
ആദ്യമായി യൂബര്‍ അക്കൗണ്ട് എടുക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ധാരാളം ഓട്ടം ലഭിക്കുക സ്വാഭാവികമാണ്. ഒരു മാസം കഴിയുമ്പോള്‍ മറ്റു ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുന്ന ഓട്ടത്തിനനുസരിച്ച് പുതിയ ഡ്രൈവര്‍മാരുടെ ഓട്ടവും പൂള്‍ ചെയ്ത് പോകും. ജോലി ചെയ്യുന്നതിന് അനുസരിച്ചാണ് യൂബര്‍ ഡ്രൈവിംഗ് പ്രൊഫഷനില്‍ ശമ്പളം ലഭിക്കുന്നത്. ദിവസവും ഒരു നിശ്ചിത തുക എന്ന നിലയില്‍ ഈ മേഖലയില്‍ വരുമാനം ലഭിക്കില്ല.
ടാക്‌സി പെര്‍മിറ്റ് വാഹനങ്ങളില്‍ ജി.പി.എസും സ്പീഡ് ബ്രേക്കറും നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജി.പി.എസ് സംവിധാനമുളളതു കൊണ്ട് കാറിന്റെ ഉടമയ്ക്ക് വണ്ടിയുടെ ചലനങ്ങള്‍ കൃത്യമായി മനസിലാക്കാനും സാധിക്കും. 80 കിലോമീറ്റര്‍ വേഗ പരിധിയില്‍ കൂടുതല്‍ സഞ്ചരിച്ചാല്‍ സ്പീഡ് ലോക്കര്‍ പ്രവര്‍ത്തനക്ഷമമാകും. യൂബര്‍, ഓല, യാത്രി തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സികള്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്നുണ്ട്. ഡ്രൈവര്‍ ഒരു ഓണ്‍ലൈന്‍ ടാക്‌സി സേവനത്തിന്റെ ഓട്ടമാണ് പോകുന്നതെങ്കില്‍ മറ്റ് ടാക്‌സി സേവനങ്ങള്‍ ഓഫ് ലൈനില്‍ ഇടേണ്ടതുണ്ട്.
ബാംഗ്ലൂരില്‍ യൂബര്‍ ടാക്‌സി രംഗത്ത് നിന്ന് 60,000 രൂപയ്ക്ക് മുകളില്‍ സമ്പാദിക്കാമെന്ന ഒരു പ്രചാരണം അടുത്തിടെ നടന്നിരുന്നു. കേരളത്തേക്കാള്‍ രണ്ടിരട്ടിയില്‍ കൂടുതല്‍ ട്രാഫിക് ആണ് ബാംഗ്ലൂരില്‍ ഉളളത്. അതുകൊണ്ടു തന്നെ എറണാകുളം പോലുളള നഗരത്തില്‍ ഓടി നേടുന്ന വരുമാനം ബാംഗ്ലൂരില്‍ നിന്ന് ലഭിക്കില്ല. ഓട്ടം കുറവാകുന്നതിനാല്‍ ബാംഗ്ലൂര്‍ പോലുളള നഗരങ്ങളില്‍ ഡ്രൈവര്‍മാര്‍ ഓട്ടം നിര്‍ത്തുകയാണ് എന്ന പറഞ്ഞാല്‍ ടാക്‌സി കാറുകള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ അഡ്വാന്‍സ് തുക പിടിച്ചുവെക്കുന്ന പ്രവണതയും വര്‍ധിക്കുന്നുണ്ട്. ചിലര്‍ക്ക് അഡ്വാന്‍സ് തുക നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നു. ഇത്തരത്തിലുളള സാമ്പത്തിക തട്ടിപ്പുകളും ഈ മേഖലയില്‍ സംഭവിക്കുന്നുണ്ട്. ഭാഷയും സ്ഥലപരിചയവും കുറവായത് മൂലം മലയാളി ഡ്രൈവര്‍മാര്‍ പറ്റിക്കപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നു.

പ്രതിഷേധങ്ങള്‍

യൂബര്‍ തുടങ്ങിയ സമയത്ത് ഓട്ടോ ഡ്രൈവര്‍മാര്‍ പ്രതിഷേധം ഉയര്‍ത്തുന്ന സാഹചര്യങ്ങള്‍ രൂപപ്പെട്ടിരുന്നു. ഓട്ടോ നിരക്കിനേക്കാള്‍ ഏകദേശം 10 രൂപയില്‍ കൂടുതലാണ് യൂബര്‍ ടാക്‌സിക്ക് ഉളളത് എന്നതിനാല്‍ യാത്രക്കാര്‍ സ്വാഭാവികമായും യൂബര്‍ തിരഞ്ഞെടുക്കുന്നു. എറണാകുളത്ത് നിന്ന് ഒരു ഓട്ടം ആലപ്പുഴയിലേക്ക് ലഭിച്ചാല്‍, ഓട്ടം പൂര്‍ത്തിയാക്കിയ ശേഷം ആലപ്പുഴയില്‍ അടുത്ത ഓട്ടത്തിനായി കാത്തു നിന്നാല്‍ പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാര്‍ ഇവര്‍ക്കെതിരെ പ്രതിഷേധിച്ചെന്നു വരും. പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാരും യൂബര്‍ ഡ്രൈവര്‍മാരും സര്‍വീസിന് സര്‍ക്കാരിന് ടാക്‌സ് നല്‍കുന്നുണ്ടെന്നും ഏതെങ്കിലും ഒരു പ്രദേശത്ത് നിന്ന് മാത്രമാണ് ഓടാന്‍ പാടുളളൂ എന്ന് വാശി പിടിക്കുന്നത് ശരിയല്ലെന്നും യൂബര്‍ ഡ്രൈവര്‍മാര്‍ പറയുന്നു.
ഓണ്‍ലൈന്‍ ടാക്‌സിയാണ് ഓടുന്നതെങ്കില്‍ ആ കമ്പനിക്ക് കമ്മീഷന്‍ കൊടുക്കണം, എന്നാല്‍ പരമ്പരാഗത ടാക്‌സി സേവനമാണ് നടത്തുന്നതെങ്കില്‍ കമ്പനിക്ക് കമ്മീഷന്‍ കൊടുക്കേണ്ടി വരില്ല എന്ന വ്യത്യാസം മാത്രമാണ് ഉളളതെന്ന് ഡ്രൈവറായ മര്‍സൂദ് പറയുന്നു. എന്നാല്‍ കൂടുതല്‍ ഓട്ടം കിട്ടുന്നത് യൂബറില്‍ നിന്നാണ്, കൂടുതല്‍ ആളുകള്‍ ഇതാണ് ഉപയോഗിക്കുന്നത് എന്നതിനാലാണ് അത്.
പരിചയത്തിന്റെ പേരിലാണ് തനിക്ക് കൂടുതലായും ഓട്ടം ലഭിക്കുന്നതെന്ന് പരമ്പരാഗത ടാക്‌സി സേവനം നടത്തുന്ന തൃശൂര്‍ സ്വദേശിയായ വൈശാഖ് പറയുന്നു. യൂബര്‍ എന്നത് പ്രധാനമായും യാത്രക്കാരെ ഡ്രോപ് ചെയ്യുന്നതിനും പിക്ക് അപ്പ് ചെയ്യുന്നതിനുമാണ് ഉപയോഗിക്കുന്നത്. പരമ്പരാഗത ടാക്‌സിക്കാര്‍ ആവശ്യമാണെങ്കില്‍ കാത്തു നില്‍ക്കുന്നതിനും യാത്രക്കാരുടെ എല്ലാ കാര്യത്തിനും കൂടെ നില്‍ക്കുന്നതിനും തയാറാകും. ഇതുവരെ താന്‍ ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളിലേക്ക് മാറാന്‍ നോക്കിയിട്ടില്ല. ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ അവരുടെ ബിസിനസ് ചെയ്യുന്നു, ഞങ്ങള്‍ പരിചയക്കാരുടെയും ബന്ധങ്ങളുടെയും പേരിലാണ് പരമാവധി ഓടുന്നതെന്നും വൈശാഖ് പറഞ്ഞു.
വ്യത്യസ്ത അനുഭവങ്ങളായിരിക്കും ഓരോ യാത്രക്കാരനില്‍ നിന്നും കിട്ടുകയെന്ന് മൂന്നര വര്‍ഷമായി എറണാകുളത്ത് യൂബര്‍ ടാക്‌സി ഓടുന്ന വയനാട് സ്വദേശിയായ ഷാനു പറയുന്നു. യു.എ.ഇ യില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്നു. പത്താം ക്ലാസ് വരെയാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കൂടുതല്‍ ബന്ധങ്ങള്‍ കിട്ടുന്നതിനും നല്ല ഓര്‍മകള്‍ സമ്പാദിക്കുന്നതിനും പ്രയോജനകരമാണ് ഈ മേഖലയെന്നാണ് ഷാനുവിന്റെ പക്ഷം.
Sutheesh Hariharan
Sutheesh Hariharan - Chief Sub-Editor - sutheesh.hariharan@dhanam.in  
Related Articles
Next Story
Videos
Share it