നവം. 24: ഇന്ന് നിങ്ങൾ അറിയേണ്ട 10 ബിസിനസ് വാർത്തകൾ

Update: 2018-11-24 05:38 GMT

1. എണ്ണവില ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

രാജ്യാന്തര വിപണിയിൽ എണ്ണ വില 60 ഡോളറിന് താഴെ. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് വില ബാരലിന് 58.46 ഡോളറിൽ എത്തിയിരുന്നു. ഒക്ടോബർ 2017 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. ഉൽപ്പാദന വർധനവാണ് ഇതിന് കാരണം. ഡിസംബർ 6 ന് ചേരുന്ന ഒപെക് യോഗത്തിൽ എണ്ണ ഉൽപ്പാദന നിയന്ത്രണം സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

2. ഹൈദരാബാദിൽ പുതിയ ഡെലിവറി സെന്റർ തുറന്ന് യുഎസ്‌ടി ഗ്ലോബൽ

തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായ യുഎസ്‌ടി ഗ്ലോബൽ ഹൈദരാബാദിൽ പുതിയ ഡെലിവറി സെന്റർ തുറന്നു. അടുത്ത വർഷം അവസാനത്തോടെ 1000 ജീവനക്കാരെ ഇവിടെ നിയമിക്കുമെന്ന് കമ്പനി അറിയിച്ചു.

3. കുടുംബശ്രീയുടെ ഷോപ്പിംഗ് മാൾ ഇന്ന് തുറക്കും

കുടുംബശ്രീയുടെ ആദ്യ ഷോപ്പിംഗ് മാൾ ഇന്ന് കോഴിക്കോട് തുറക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സ്ത്രീകൾ നിയന്ത്രിക്കുന്നതും വനിതാ ജീവനക്കാർ മാത്രമുള്ളതുമായ രാജ്യത്തെ ആദ്യ ഷോപ്പിംഗ് മാൾ ആണിത്.

4. കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടി ഓൺലൈൻ ലേലത്തിന് മികച്ച പ്രതികരണം

കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടിയുടെ ഓൺലൈൻ ലേലം ആരംഭിച്ചു. ധനമന്ത്രി തോമസ് ഐസക് ആണ് ലേലം ഉദ്‌ഘാടനം ചെയ്തത്. പ്രവാസിച്ചിട്ടികളിലൂടെ വരിസംഖ്യയായി ലഭിക്കുന്ന പണം കിഫ്‌ബി ബോണ്ടുകളിൽ നിക്ഷേപിക്കും. ഓക്ടോബറിലാണ് വരിസംഖ്യ സ്വീകരിച്ചു തുടങ്ങിയത്. 2.42 കോടി രൂപ ഇതുവരെ വരിസംഖ്യയായി ലഭിച്ചു.

5. ഹോട്ടൽ ലീല വെൻച്വറിൽ നിക്ഷേപം ലക്ഷ്യമിട്ട് തായ്‌ലൻഡ് കൺസോർഷ്യം

മുംബൈയിലെ ഹോട്ടൽ ലീല വെൻച്വറിൽ നിക്ഷേപിക്കാനൊരുങ്ങി തായ്‌ലൻഡിലെ മൈനർ ഇന്റർനാഷണൽ ഉൾപ്പെടുന്ന കൺസോർഷ്യം. 350 മില്യൺ ഡോളർ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. ഇതോടെ ഭൂരിപക്ഷം ഓഹരി കൺസോർഷ്യത്തിന്റെ കയ്യിലെത്തും.

6. ഇന്ത്യ ജിഡിപി വളർച്ചാ നിരക്ക് കുറയുമെന്ന് ഒഇസിഡി

ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 7.5 ശതമാനമായി കുറയുമെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ഒഇസിഡി). 2019, 2020 വർഷങ്ങളിൽ ജിഡിപി വളർച്ചാ നിരക്ക് ഈ നിലയിൽ തുടരും.

7. അരി കയറ്റുമതിക്കാർക്ക് ഇളവ്

ബസ്മതി അരി ഒഴികെയുള്ള അരി കയറ്റുമതി ചെയ്യുന്നവർക്ക് മെർച്ചൻഡൈസ് എക്സ്പോർട്സ് ഫ്രം ഇന്ത്യ സ്കീമിന് (MEIS) കീഴിൽ 5 ശതമാനം ഇളവ് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. നാല് മാസത്തേയ്ക്ക് ഈ ഇളവ് ലഭിക്കും. ആഭ്യന്തര വിപണിയിലെ അരി വില കൂടിയതുമൂലം കയറ്റുമതിക്കാർക്ക് നഷ്ടം നേരിട്ടിരുന്നു.

8. ബാങ്ക് തട്ടിപ്പ് കേസുകളിൽ 20% വർധന

രാജ്യത്തെ ബാങ്ക് തട്ടിപ്പ് കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ 20 ശതമാനം വർധന. ഇത്തരം പ്രവണതകളെ നേരിടാൻ കൂടുതൽ ശക്തമായ നയങ്ങൾ ബാങ്കുകൾ രൂപീകരിക്കണമെന്ന് ഡിലോയ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

9. വിദേശനാണ്യ കരുതൽ ശേഖരത്തിൽ വർദ്ധനവ്

രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വർദ്ധനവ്. വിദേശനാണയ ആസ്തി കൂടിയതാണ് കാരണം.നവംബർ 16 ന് അവസാനിച്ച ആഴ്ചയിൽ കരുതൽ ശേഖരത്തിൽ 568.9 മില്യൺ ഡോളറാണ് വർധനവുണ്ടായത്. ഇതോടെ ആകെ കരുതൽ ശേഖരം 393.580 ബില്യൺ ഡോളർ ആയി.

10. ക്രിപ്റ്റോകറൻസിക്ക് വൻ മൂല്യത്തകർച്ച

ക്രിപ്‌റ്റോ കറൻസികൾക്ക് വൻ മൂല്യത്തകർച്ച. ഈ വർഷം ഇതുവരെ ബിറ്റ്‌കോയിൻ, ഈഥർ, റിപ്പിൾ തുടങ്ങിയ ക്രിപ്‌റ്റോ കറൻസികൾക്കാകെ നഷ്ടമായത് 70,000 കോടി ഡോളർ അഥവാ 49 ലക്ഷം കോടി രൂപയാണ്. വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളും കേന്ദ്ര ബാങ്കുകളും ക്രിപ്‌റ്റോ കറൻസികൾക്കെതിരേ കടുത്ത നടപടികൾ ആരംഭിച്ചതിനു പിന്നാലെയാണ് വൻ ഇടിവ്.

Similar News