കേരളത്തില്‍ 32% വാഹനങ്ങള്‍ക്കും ഇന്‍ഷ്വറന്‍സില്ല; എന്താ നിങ്ങളുടെ വണ്ടിയുടെ അവസ്ഥ? പരിശോധിക്കാം സിംപിളായി
വാഹന്‍ പോര്‍ട്ടല്‍ വഴി മിനിറ്റുകള്‍ക്കുള്ളില്‍ വണ്ടിയുടെ ഇന്‍ഷ്വറന്‍സ് വിവരങ്ങള്‍ അറിയാം
കേരളത്തിലെ 32 ശതമാനം വാഹനങ്ങളും ഇന്‍ഷ്വറന്‍സ് ഇല്ലാത്തവയെന്ന് റിപ്പോർട്ട്. സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്.ശ്രീജിത്ത് ആണ് ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഇന്‍ഷ്വറന്‍സ് ബോധവത്കരണ ഇരുചക്ര ജാഥയോടനുബന്ധിച്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കേരളത്തിലെ വാഹനങ്ങള്‍ പലതും ഇന്‍ഷുര്‍ ചെയ്യാതെയാണ് നിരത്തിലിറങ്ങുന്നത്. പലപ്പോഴും ഇന്‍ഷ്വറന്‍സ് ഡേറ്റും കഴിഞ്ഞ് പുതുക്കാന്‍ മറന്നു പോകുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. സുരക്ഷ ഉറപ്പാക്കാനും കടുത്ത സാമ്പത്തിക നഷ്ടമുണ്ടാകാതിരിക്കാനും വാഹന ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും എടുത്തിരിക്കണം.
പുതിയ വാഹനങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് എടുക്കാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാകാറുണ്ട്. എന്നാല്‍ യൂസ്ഡ് കാര്‍ വാങ്ങുമ്പോൾ (വാഹനങ്ങളുടെ ഉടമസ്ഥര്‍ മാറുമ്പോള്‍) പുതിയ ഉടമസ്ഥരുടെ പേരിലേക്ക് ഇന്‍ഷ്വറന്‍സ് മാറ്റാതെയും നിലവിലുള്ളവ പുതുക്കാതെയും പലപ്പോഴും വാഹന ഇൻഷ്വറൻസ് അസാധു ആയിപ്പോകാനിടയാകാറുണ്ട്. ഈ സാഹചര്യം സാധാരണമാണെന്നിരിക്കെ നിങ്ങളുടെ പക്കലുള്ള വാഹനം ഇന്‍ഷ്വറന്‍സ് ചെയ്തതാണോ എന്ന് ഉടന്‍ പരിശോധിക്കാം
- VAHAN വെബ്‌സൈറ്റ് സന്ദർശിക്കുക
- മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
- കാര്‍/ വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കി 'സെര്‍ച്ച് വെഹിക്ക്ള്‍' ബട്ടന്‍ അമര്‍ത്തുക.
- അടുത്ത പേജില്‍ വാഹനത്തിന്റെ വിശദ വിവരങ്ങള്‍, ഇന്‍ഷുറന്‍സ് വിവരങ്ങള്‍ എന്നിവ നല്‍കിയിട്ടുണ്ടാകും.
- ഇത്തരത്തില്‍ ഇല്ല എങ്കില്‍ വാഹന ഡീലര്‍/ മുന്‍പുള്ള ഉടമസ്ഥര്‍/ ഇന്‍ഷുറന്‍സ് ഏജന്റ് എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.