'ആശയക്കുഴപ്പങ്ങൾ ഒഴിഞ്ഞു; എന്നാൽ പ്രവാസികൾക്ക് ആധാർ ഇപ്പോഴും കിട്ടാക്കനി' 

Update: 2018-09-27 08:57 GMT

സുപ്രീം കോടതിയുടെ നിർണ്ണായക വിധിയോടെ ആധാറിനെ സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത കൈവരികയും പൊതുജനങ്ങളുടെ ആശയക്കുഴപ്പങ്ങൾ ഒരു പരിധിവരെ ഒഴിവാകുകയും ചെയ്തിട്ടുണ്ട്.

എന്നാൽ പ്രവാസി ഇന്ത്യക്കാർക്ക് ഇപ്പോഴും ആധാർ ഒരു കിട്ടാക്കനിയാണ്. ഈ പന്ത്രണ്ടക്ക നമ്പർ ലഭിക്കാൻ രാജ്യത്ത് സ്ഥിരതാമസക്കാരായ ഇന്ത്യക്കാർക്ക് മാത്രമേ ഇപ്പോൾ യോഗ്യതയുള്ളൂ. അതായത് ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന പൗരന്മാർക്ക് ആധാർ കാർഡ് ലഭിക്കാൻ അർഹതയില്ല.

ആധാർ ആക്ട് പ്രകാരം അപേക്ഷകൻ നൽകേണ്ട സാക്ഷ്യപത്രം ഇപ്രകാരമാണ്: "ഞാൻ കഴിഞ്ഞ 12 മാസക്കാലയളവിൽ കുറഞ്ഞത് 182 ദിവസമെങ്കിലും ഇന്ത്യയിൽ താമസിച്ചിട്ടുണ്ടെന്നും യു.ഐ.ഡി.എ.ഐ ക്ക് ഞാൻ നൽകുന്ന വിവരങ്ങൾ എന്റെ അറിവിലും വിശ്വാസത്തിലും സത്യമാണെന്നും ഇതിനാൽ ഞാൻ സാക്ഷ്യപ്പെടുത്തുന്നു."

പുറം രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇക്കാരണത്താൽ ആധാറിന് അപേക്ഷിക്കാൻ സാധിക്കില്ല. സർക്കാർ രേഖകൾ സ്വന്തമാക്കാൻ തെറ്റായ സാക്ഷ്യപത്രം നൽകുന്നത് ഒരു ക്രിമിനൽ കുറ്റമാണ്.

നരേന്ദ്ര മോദി സർക്കാർ എൻആർഐകൾക്ക് ആധാർ കാർഡ് നൽകാൻ പദ്ധതിയിടുന്നുണ്ടെന്ന് 2016, ജനുവരി 8 ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഒരു പൊതുപരിപാടിയിൽ പ്രഖ്യാപിക്കുകയുണ്ടായി. തുടർന്ന് 2017 ജനുവരി 8 നും 2018 ജനുവരി 8 നും ഞാൻ ബഹുമാനപ്പെട്ട മന്ത്രിയെ ഇതേക്കുറിച്ച് ഓർമിപ്പിക്കുകയുണ്ടായി. എന്നാൽ വാഗ്ദാനം ഇപ്പോഴും വാഗ്ദാനം മാത്രമായി തുടരുന്നു.

മറ്റ് പല രാജ്യങ്ങളും പ്രവാസികൾക്ക് ബയോമെട്രിക് ഐഡന്റിറ്റി കാർഡുകൾ നൽകിയിട്ടുണ്ട്.

വിദേശരാജ്യങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നവരാണ്. ഇവരിൽ പലർക്കും നാട്ടിൽ പ്രോപ്പർട്ടിയുണ്ട്. സ്ഥലത്തിന്റെ രജിസ്ട്രേഷനും അതുപോലെ നികുതികൾ അടക്കുന്നതിനും മറ്റും പല സർക്കാർ സ്ഥാപങ്ങളും ആധാർ നിർബന്ധമാക്കിയിട്ടുള്ളതിനാൽ പ്രവാസികൾ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്.

പ്രവാസികൾ അന്യ രാജ്യങ്ങളിലെ സ്ഥിരതാമസക്കാരല്ല. ഇന്നല്ലെങ്കിൽ നാളെ നാട്ടിലേക്ക് മടങ്ങേണ്ടവരാണ്. അതുകൊണ്ട് തന്നെ ആധാർ എലിജിബിലിറ്റി മാനദണ്ഡങ്ങൾ ഭേദഗതി ചെയ്ത് 'റസിഡന്റ് ഇന്ത്യൻസ്' എന്നത് 'ഓൾ ഇന്ത്യൻ സിറ്റിസൺസ്' എന്നാക്കി മാറ്റണമെന്നതാണ് പ്രവാസി ഇന്ത്യക്കാരുടെ അഭ്യർത്ഥന.

Similar News