ബംഗ്ലാദേശിനുള്ള കറന്റ് കമ്പി 'മുറിച്ച്' അദാനി; ഭരണമാറ്റം കഴിഞ്ഞപ്പോള്‍ അദാനി പവറിന് കുടിശിക ₹ 6,720 കോടി
അദാനി നിലയത്തില്‍ നിന്നുള്ള വൈദ്യുതി വിതരണം 60 ശതമാനവും കുറച്ചു
അയല്‍രാജ്യമായ ബംഗ്ലാദേശിന് വൈദ്യുതി നല്‍കാനുള്ള കരാര്‍ തരപ്പെടുത്താനായിരുന്നു ഒരു കാലത്ത് വ്യവസായ അതികായന്‍ ഗൗതം അദാനിയുടെ തീവ്രശ്രമം. ഇപ്പോള്‍ കൊടുത്ത വൈദ്യുതിയുടെ കാശ് തിരിച്ചു കിട്ടാനാണ്. കിട്ടേണ്ടത് ചെറിയ തുകയൊന്നുമല്ല. 80 കോടി ഡോളറാണ്. അതായത് 6,720 കോടി രൂപ. ബംഗ്ലാദേശിലെ ഭരണ അട്ടിമറിയെ തുടര്‍ന്നുള്ള രാഷ്ട്രീയ കാലാവസ്ഥയില്‍ തുക അടുത്തകാലത്തെങ്ങും തിരിച്ചു പിടിക്കാന്‍ കഴിയുന്ന ലക്ഷണമില്ല. അതു മനസിലായപ്പോള്‍ കറന്റ് കമ്പി 'മുറിക്കുക'യാണ് അദാനി പവര്‍ കമ്പനി. കൊടുത്തു കൊണ്ടിരുന്ന വൈദ്യുതിയുടെ അളവ് ഘട്ടം ഘട്ടമായി കുറച്ചു വരുന്നു. വന്നു വന്ന് 60 ശതമാനം വൈദ്യുതിയും കട്ട് ചെയ്തു.
ഝാര്‍ഖണ്ഡിലെ ഗോഡ കല്‍ക്കരി നിലയത്തില്‍ നിന്നാണ് 1,600 മെഗാവാട്ട് വൈദ്യുതി നല്‍കിക്കൊണ്ടിരുന്നത്. ഓഗസ്റ്റില്‍ അത് 1,400 മെഗാവാട്ടായി കുറച്ചു. ഈ മാസം ആദ്യം നല്‍കിപ്പോന്ന വൈദ്യുതി 750 മെഗാവാട്ടാണ്. കഴിഞ്ഞ ദിവസം മുതല്‍ 520 മെഗാവാട്ടായി കുറച്ചു. ബംഗ്ലാദേശ് ഊര്‍ജ വികസന ബോര്‍ഡ് നല്‍കുന്നതാണ് ഈ കണക്കുകള്‍. കുടിശിക പല തവണകളായി കൊടുത്തു വരുകയാണെന്നും സപ്ലൈ നിര്‍ത്തിയാല്‍ അടുത്ത നടപടി സ്വീകരിക്കുമെന്നുമാണ് ബംഗ്ലാദേശ് അധികൃതരുടെ നിലപാട്. കുടിശിക കൊടുത്തു തീര്‍ക്കുന്നത് വേഗത്തിലാക്കിയിട്ടുണ്ട്. പക്ഷേ, നല്‍കുന്ന വൈദ്യുതിയുടെ അളവ് കുറച്ചു എന്നാണ് അവരുടെ പരാതി. ബംഗ്ലാദേശിന്റെ ആവശ്യം കുറഞ്ഞതു കൊണ്ടാണ് അളവ് കുറച്ചതെന്നാണ് അദാനി പവറിലുള്ളവരുടെ വ്യാഖ്യാനം.