അഗാപ്പെയുടെ അത്യാധുനിക ഉപകരണ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തനസജ്ജം; സൃഷ്ടിക്കുക നിരവധി തൊഴിലവസരങ്ങള്‍

ക്ലിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ആദ്യത്തെ ഇന്‍-വിട്രോ ബയോ മാര്‍ക്കറുകള്‍ ഉത്പാദിപ്പിക്കുന്നതിന് ജപ്പാനിലെ ഫുജിറെബിയോ ഹോള്‍ഡിംഗ്‌സുസുമായി സഹകരണം

Update:2024-09-11 17:18 IST

ഇന്ത്യയിലെ മുന്‍നിര ഇന്‍ വിട്രോ ഡയഗ്നോസ്റ്റിക്സ് (ഐ.വി.ഡി) നിര്‍മാതാക്കളായ അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ് കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള അത്യാധുനിക ഉപകരണ നിര്‍മാണ കേന്ദ്രം ആരംഭിക്കുന്നു. നാളെ (സെപ്റ്റംബര്‍ 12) വൈകുന്നേരം മൂന്നിന് കൊച്ചി ഹോട്ടല്‍ ലെ മെറിഡിയനില്‍ നടക്കുന്ന സോഫ്റ്റ് ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവും സന്നിഹിതനാകും.

അഗാപ്പെയ്ക്ക് എറണാകുളം പട്ടിമറ്റത്ത് റീയേജന്റ് യൂണിറ്റും നെല്ലാടിലെ കിന്‍ഫ്രയില്‍ ഉപകരണ നിര്‍മാണ യൂണിറ്റുമുണ്ട്. ലോകോത്തര ഉപകരണങ്ങളുടെ നിര്‍മാണത്തോടൊപ്പം പ്രാദേശികമായി അനവധി തൊഴിലവസരങ്ങള്‍ പുതിയ പദ്ധതി സൃഷ്ടിക്കുമെന്ന് അഗാപ്പെ ഡയഗ്നോസ്റ്റിക്സിന്റെ മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോണ്‍ പറഞ്ഞു.

ജപ്പാന്‍ കമ്പനിയുമായി സഹകരണം

ക്ലിയ (CLEIA -Chemiluminescent Enzyme Immunoassay) സാങ്കേതികവിദ്യ ഉപയോഗിച്ച് ആദ്യത്തെ ഇന്‍-വിട്രോ ബയോ മാര്‍ക്കറുകള്‍ ഉത്പാദിപ്പിക്കുന്നതിന് ജപ്പാനിലെ ഫുജിറെബിയോ ഹോള്‍ഡിംഗ്‌സുസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് തോമസ് ജോണ്‍ അറിയിച്ചു.
അല്‍ഷിമേഴ്സ്, കാന്‍സര്‍, ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ഡിസോഡേഴ്‌സ് തുടങ്ങിയ ഗുരുതരമായ രോഗങ്ങളെ നേരത്തേ കണ്ടുപിടിക്കുന്നതിനുള്ള വിപുലമായ ഡയഗ്‌നോസ്റ്റിക് ടൂളുകള്‍ വികസിപ്പിക്കുന്നതില്‍ ക്ലിയ സാങ്കേതികവിദ്യ സുപ്രധാന നാഴികക്കല്ലാണ്.
ഫുജിറെബിയോ മാനുഫാക്ചറിംഗ് ഡിവിഷന്‍ മേധാവിയും വൈസ് പ്രസിഡന്റുമായ തദാഷി നിനോമിയ, ഫുജിറെബിയോ ഗ്ലോബല്‍ ബിസിനസ് മേധാവിയും വൈസ് പ്രസിഡന്റുമായ നയോട്ടാക ഹോണ്‍സാവ, അഗാപ്പെ ചെയര്‍മാന്‍ ജോസഫ് ജോണ്‍, അഗാപ്പെ മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോണ്‍, അഗാപ്പെ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ഭാസ്‌കര്‍ റാവു മല്ലാടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

Similar News