മനുഷ്യബുദ്ധിക്ക് പകരമാവില്ല, എ.ഐ നിങ്ങളുടെ കോ-പൈലറ്റ് മാത്രം

മനുഷ്യസ്പര്‍ശത്തെ പകരം വയ്ക്കാന്‍ എ.ഐക്ക് സമീപഭാവിയിലെങ്ങും കഴിയില്ലൈന്ന് വിദഗ്ദ്ധര്‍;

Update:2023-10-07 17:26 IST

Image : Canva

കൃത്രിമ ബുദ്ധി, നിര്‍മിത ബുദ്ധി എന്നൊക്കെ വിശേഷിപ്പിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി (എ.ഐ)നെ കുറിച്ചാണ് ലോകം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. എ.ഐ നമ്മുടെ തൊഴില്‍ ഇല്ലാതാക്കുമോ എന്നതാണ് പലരുടെയും ആശങ്ക. എന്നാല്‍, എ.ഐക്ക് ഒരിക്കലും മനുഷ്യനോ മനുഷ്യബുദ്ധിക്കോ മാനവവിഭവശേഷിക്കോ പകരമാകാനാവില്ലെന്നും നമ്മുടെ തൊഴില്‍, ബിസിനസ്, ഉല്‍പ്പാദനക്ഷമത, ജീവിതസൗകര്യം തുടങ്ങിയവ മെച്ചപ്പെടുത്താന്‍ ഒപ്പം കൂട്ടാവുന്ന കോ-പൈലറ്റ് (സഹ പൈലറ്റ്) മാത്രമായേ ഇതിനെ കാണാനാകൂ എന്നും അടിവരയിടുകയാണ് കേരള മാനേജ്മെന്റ് അസോസിയേഷന്‍ (കെ.എം.എ) എറണാകുളം കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ സംഘടിപ്പിച്ച കെ.എം.എ ഡിജിറ്റല്‍ സമ്മിറ്റ്-2023ല്‍ വിദഗ്ധര്‍.

സ്വന്തം ഭാഷയില്‍ ആശയവിനിമയം
നേരത്തെ യന്ത്രങ്ങള്‍ക്ക് മനുഷ്യരുമായി ആശയവിനിമയം സാധ്യമായിരുന്നില്ല. ഇപ്പോള്‍ യന്ത്രങ്ങളും മനുഷ്യരും തമ്മില്‍ സ്വന്തം ഭാഷയില്‍ സംസാരിക്കുന്നു. ഇത് സാധാരണക്കാര്‍ക്കും സാധ്യമായി എന്നതാണ് എ.ഐയുടെ നേട്ടങ്ങളിലൊന്നെന്ന് തോട്ട്സ്പോട്ട് സീനിയര്‍ ഡയറക്റ്റര്‍ രാജേഷ് ധിമന്‍ അഭിപ്രായപ്പെട്ടു. നമ്മുടെ യഥാര്‍ത്ഥ ആവശ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ ടെക്നോളജിക്ക് കഴിയുന്നു എന്നതാണ് ജന്‍ എ.ഐയുടെ മികവുകളിലൊന്നെന്ന് യെല്ലോ എ.ഐ കണ്‍സള്‍ട്ടിംഗ് ആന്‍ഡ് സ്ട്രാറ്റജി വൈസ് പ്രസിഡന്റ് മൃഗേഷ് സോണി പറഞ്ഞു.
വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങളെ അതിവേഗം തടയാനും പഴുതുകളില്ലാത്ത സുരക്ഷ ഉറപ്പാക്കാനും എ.ഐക്ക് കഴിയുമെന്ന് ഫോര്‍ട്ടിനെറ്റ് സെയ്ല്‍സ് ഡയറക്റ്റര്‍ സുബ്രഹ്‌മണ്യന്‍ ഉദയപ്പന്‍ പറഞ്ഞു. വ്യവസായങ്ങളെയും ബിസിനസുകളെയും പുതിയതലത്തിലേക്ക് ഉയര്‍ത്തുകയാണ് എ.ഐ പോലെയുള്ള മാറ്റങ്ങളെന്ന് ഗൂഗ്ളിന്റെ ജനറേറ്റീവ് എ.ഐ അംബാസഡര്‍ രാകേഷ് മോഹന്‍ദാസ് പറഞ്ഞു.
മുന്‍ വ്യോമയാന സെക്രട്ടറി എം. മാധവന്‍ നമ്പ്യാര്‍ സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി. കെ.എം.എ പ്രസിഡന്റ് എ. ബാലകൃഷ്ണന്‍, കെ.എം.എ ഡിജിറ്റല്‍ സമ്മിറ്റ്-2023 ചെയറും ടി.സി.എസ് സ്ട്രാറ്റജിക് ഇനീഷ്യേറ്റീവ്സ് ഹെഡ്ഡുമായ സുജാത മാധവ് ചന്ദ്രന്‍, വിവിധ സ്റ്റാര്‍ട്ടപ്പ്/ടെക്ക് സംരംഭങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മിറ്റില്‍ സംസാരിച്ചു.
സര്‍ക്കാരിന്റേത് നിര്‍മിത ബുദ്ധിയെ ഒപ്പം കൂട്ടിയുള്ള വികസന കാഴ്ചപ്പാട്
മാനവവിഭവശേഷിയെ മാറ്റിനിര്‍ത്താതെയും സാങ്കേതികവിദ്യയെ ചേര്‍ത്തുനിര്‍ത്തിയുമുള്ള വികസന കാഴ്ചപ്പാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് സമ്മിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ഇലക്ട്രോണിക്സ്, ഐ.ടി വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു. കേല്‍കര്‍ പറഞ്ഞു. ജന്‍ എ.ഐ, ചാറ്റ് ജി.പി.ടി തുടങ്ങിയപുത്തന്‍ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കും.
സംസ്ഥാനത്തിന്റെ പുതിയ ഐ.ടി നയം ഉടന്‍ പുറത്തുവരും. ജീവിതത്തിലും തൊഴിലിലും ഉണ്ടാകുന്ന കാലിക മാറ്റങ്ങള്‍ സ്വീകരിക്കാന്‍ കഴിയണം. യുവാക്കളെ ഇതിന് അനുസൃതമായി ഉയര്‍ത്താനാണ് ശ്രമം. അത് ലക്ഷ്യമിട്ടാണ് ഡിജിറ്റല്‍ കേരള യൂണിവേഴ്സിറ്റി, സയന്‍സ് പാര്‍ക്ക്, സ്പേസ് പാര്‍ക്ക് തുടങ്ങിയവ ആവിഷ്‌കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മിത ബുദ്ധിയുടെ പങ്ക് പ്രധാനം
(ശ്രീധര്‍ വെമ്പു, സ്ഥാപകന്‍, സി.ഇ.ഒ, സോഹോ കോര്‍പ്പറേഷന്‍)
സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് രംഗത്ത് നിര്‍മിത ബുദ്ധിക്ക് (എ.ഐ) വലിയ പങ്ക് വഹിക്കാനാകും. എ.ഐയെ എങ്ങനെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കാമെന്നാണ് സോഹോ ചിന്തിക്കുന്നത്. കേരളത്തില്‍ നിന്ന് യുവാക്കളുംവിദ്യാര്‍ത്ഥികളും വിദേശത്തേക്ക് ചേക്കേറുന്നത് തടയിടാന്‍ പുത്തന്‍ സാങ്കേതികവിദ്യകളില്‍ അവരെ ശാക്തീകരിക്കുന്നതിലൂടെ കഴിയും. അതിനുള്ള അവസരം സംസ്ഥാനത്ത് തന്നെ ഒരുക്കാന്‍ കഴിയണം. ഇതിനായി സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കും.
ചിന്തകളെ സൂപ്പര്‍-ചാര്‍ജ് ചെയ്യുന്ന ചങ്ങാതി
(വൈശാഖ് വേണുഗോപാലന്‍, കണ്‍സള്‍ട്ടിംഗ് ഹെഡ്, അഡോബീ സൊല്യൂഷന്‍)
അടുത്തിടെ പുറത്തുവന്ന ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം മാര്‍ക്കറ്റിംഗ്, ഉപഭോക്തൃസേവന രംഗത്ത് ജോലി ചെയ്യുന്നവരില്‍ 89 ശതമാനം പേരും ജന്‍ എ.ഐ അവരുടെ ജോലി മികവുറ്റതാക്കുന്നു എന്നാണ് അഭിപ്രായപ്പെട്ടത്. അമേരിക്കയില്‍ 70 ശതമാനത്തോളം ജോലിക്കാര്‍ എ.ഐ പ്രയോജനപ്പെടുത്തുന്നുണ്ട്. നമ്മുടെ ചിന്തകളെ സൂപ്പര്‍ചാര്‍ജ് ചെയ്യുന്ന, പ്രോത്സാഹിപ്പിക്കുന്ന ചങ്ങാതിയാണ് എ.ഐ.
മാനവവിഭവശേഷിക്ക് എ.ഐ പകരമാവില്ല
(ശാലിനി വാര്യര്‍, എക്സിക്യൂട്ടിവ് ഡയറക്റ്റര്‍, ഫെഡറല്‍ ബാങ്ക്)
ഡിജിറ്റല്‍ രംഗത്തെ മാറ്റങ്ങളെ എന്നും പോസിറ്റീവായി കാണുന്ന സമീപനമാണ് ഫെഡറല്‍ ബാങ്ക് സ്വീകരിച്ചിട്ടുള്ളത്. ഫെഡറല്‍ ബാങ്കിലെ ഉപയോക്തൃ ഇടപാടുകളില്‍ 90 ശതമാനവും ഡിജിറ്റലാണ്. 80 ശതമാനം പുതിയ എക്കൗണ്ടുകള്‍ തുറക്കുന്നതും ഡിജിറ്റലായാണ്. നമ്മുടെ ബിസിനസ് ഏതായാലും അതിനെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്ന സഹ പൈലറ്റാണ് എ.ഐ. അതേസമയം, മനുഷ്യസ്പര്‍ശത്തെ പകരം െവയ്ക്കാന്‍ എ.ഐക്ക് സമീപഭാവിയിലെങ്ങും കഴിയില്ല.

(This article was originally published in Dhanam Magazine October 1st issue)

Tags:    

Similar News