കൂടുതല്‍ റൂട്ടുകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്, എത്തുന്നത് 20 എയർബസ് വിമാനങ്ങൾ
ആഭ്യന്തര, ഹ്രസ്വ-ദൂര അന്താരാഷ്‌ട്ര റൂട്ടുകളിൽ പ്രവർത്തനങ്ങൾ വർധിപ്പിക്കും
എയര്‍ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും തമ്മില്‍ വിമാനങ്ങള്‍ പങ്കിടാനുളള കരാറിന്റെ ഭാഗമായാണ് പുതിയ വിമാനങ്ങള്‍ കൂട്ടിചേര്‍ക്കപ്പെടുന്നത്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഘട്ടം ഘട്ടമായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ കൈമാറ്റം ചെയ്യും. ആഭ്യന്തര, ഹ്രസ്വ-ദൂര അന്താരാഷ്‌ട്ര റൂട്ടുകളിൽ അതിന്റെ പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ പ്രാപ്തമാക്കുന്നതാണ് ഈ നീക്കം.
ക്യാബിൻ ക്രൂ, പൈലറ്റുമാര്‍ എന്നിവരെ അടക്കം കൈമാറും
ഈ വിമാനങ്ങളിലെ ക്യാബിൻ ക്രൂ, പൈലറ്റുമാര്‍ എന്നിവര്‍ അടക്കം എഐ എക്സ്പ്രസിലേക്ക് മാറുന്നതാണ്. ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും സംരക്ഷിച്ചുകൊണ്ടായിരിക്കും നീക്കം.
എയർ ഇന്ത്യയ്ക്ക് എ320 വിമാനങ്ങളുടെ രണ്ട് വകഭേദങ്ങളാണ് ഉളളത്. എല്ലാ സീറ്റുകളും എക്കണോമി വിഭാഗത്തില്‍പ്പെടുന്നവയാണ് ഒരു വകഭേദം. എക്കോണമി, ബിസിനസ് ക്ലാസ് വകഭേദമാണ് മറ്റൊന്ന്. രണ്ട് ക്ലാസുകളുളള ഇത്തരം 40 എ320 വിമാനങ്ങൾ പ്രീമിയം എക്കോണമി ക്യാബിനോടുകൂടിയ ത്രീ-ക്ലാസ് വിമാനങ്ങളായി പുനഃക്രമീകരിക്കാനുളള നടപടികളിലാണ് എയര്‍ ഇന്ത്യ.
ചെറു പട്ടണങ്ങളിലേക്കും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഊന്നല്‍
എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യയ്ക്കുള്ളിലെ മെട്രോ നഗരങ്ങളെയും ചെറു പട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന റൂട്ടുകളിലും പശ്ചിമേഷ്യൻ റൂട്ടുകളിലുമാണ്. ഇക്കോണമി സീറ്റുകള്‍ മാത്രമുളള വിമാനങ്ങള്‍ എയര്‍ഇന്ത്യയെ വിപണിയില്‍ ഇൻഡിഗോയുമായി മത്സരിക്കാൻ സഹായിക്കുന്നതാണ്.
നിലവിൽ 75 ലധികം വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ബ്രാൻഡിന് കീഴിൽ പ്രവർത്തിക്കുന്നത്. അടുത്ത മാർച്ചോടെ എയർബസ്, ബോയിംഗ് വിമാനങ്ങൾ ഉൾപ്പെടുന്ന 120 വിമാനങ്ങളുടെ ശേഖരത്തില്‍ എത്താനാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പദ്ധതിയിടുന്നത്. ധാക്കയിലേക്കും കാഠ്മണ്ഡുവിലേക്കും സര്‍വീസുകള്‍ ആരംഭിക്കാനും പുതിയ ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങൾ പ്രഖ്യാപിക്കാനും ഉളള ഒരുക്കത്തിലാണ് കമ്പനി.