മലയാളികളുടെ സ്വന്തം വിമാനം വരുന്നു; എയർ കേരളക്ക് പ്രാഥമിക അനുമതി

കേരളം ആസ്ഥാനമായുള്ള ആദ്യത്തെ വിമാന കമ്പനി

Update:2024-07-08 18:08 IST
മലയാളികളുടെ ഉടമയിലുള്ള വിമാന കമ്പനി എന്ന സ്വപ്നം പൂവണിയുന്നു. ദുബായിലെ മലയാളി വ്യവസായികൾ നേതൃത്വം നൽകുന്ന കമ്പനിക്ക് വിമാന സർവീസ് നടത്താൻ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചു. എയർ കേരള എന്ന പേരിൽ ആയിരിക്കും വിമാന സർവീസ്. ദുബായ് ആസ്ഥാനമായ സെറ്റ്ഫ്ലൈ ഏവിയേഷൻ (Zettfly Aviation) എന്ന കമ്പനിയാണ് ഈ പുതിയ സംരംഭത്തിന് നേതൃത്വം നൽകുന്നത്. കേരളം ആസ്ഥാനമായുള്ള ആദ്യത്തെ വിമാന കമ്പനിയായിരിക്കും ഇത്.
തുടക്കം മൂന്ന് വിമാനങ്ങൾ
തുടക്കത്തിൽ മൂന്നു വിമാനങ്ങളാണ് കമ്പനി വാങ്ങുക. വിമാനങ്ങളുടെ എണ്ണം 20 ആയി വർദ്ധിപ്പിക്കാനും പദ്ധതിയുണ്ട്. എ.ടി.ആർ 72 600 വിമാനങ്ങൾ ആണ് ആദ്യഘട്ടത്തിൽ ഉപയോഗിക്കുന്നത്. ഇന്ത്യൻ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഡൊമസ്റ്റിക് സർവീസുകളാണ് തുടക്കത്തിൽ ഉണ്ടാവുക. പിന്നീട് അനുമതി ലഭിക്കുന്ന മുറയ്ക്ക് വിദേശ സർവീസുകളും ആരംഭിക്കും.
സെറ്റ് ഫ്ലൈ ഏവിയേഷൻ കമ്പനി ചെയർമാൻ അഫി അഹമ്മദ്, വൈസ് ചെയർമാൻ അയ്യൂബ് കല്ലട എന്നിവരാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ദുബായിൽ പ്രഖ്യാപിച്ചത്.
ദീർഘകാലത്തെ കാത്തിരിപ്പ്
മലയാളികളുടെ ഉടമയിലുള്ള വിമാന കമ്പനി എന്ന കാത്തിരിപ്പിന് ഏറെക്കാലത്തെ പഴക്കമുണ്ട്. പതിറ്റാണ്ടുകൾക്കു മുമ്പ് മലയാളി വ്യവസായി ആയി തഖയുദീൻ അബ്ദുൽ വാഹിദിന്റെ നേതൃത്വത്തിൽ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് സര്‍വീസ് നടത്തിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ഈ സർവീസ് നിലച്ചു. കേരള സർക്കാർ സ്വന്തം വിമാന കമ്പനി ആരംഭിക്കാൻ ആലോചനകൾ നടത്തിയിരുന്നെങ്കിലും യാഥാർത്ഥ്യമായില്ല.
Tags:    

Similar News