TIME 100 Nxt; ഭാവി താരങ്ങളുടെ പട്ടികയില്‍ ഇടംനേടി ആകാശ് അംബാനിയും അമ്രപാലിയും
പ്രശസ്ത അഡള്‍ട്ട് പ്ലാറ്റ്‌ഫോം ഒണ്‍ലിഫാന്‍സിന്റെ സിഇഒ ആണ് മുംബൈയില്‍ ജനിച്ച അമ്രപാലി
TIME 100 Nxt പട്ടികയില്‍ ഇടംനേടി ആകാശ് അംബാനി (Akash Ambani). ഇന്ത്യന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ മകനും റിലയന്‍സ് ജിയോയുടെ ചെയര്‍മാനും ആണ് ആകാശ്. ലോകത്തെ നയിക്കാന്‍ ശേഷിയുളള ഭാവി നേതാക്കളെ ഉള്‍പ്പെടുത്തി ടൈം മാഗസിന്‍ തയ്യാറാക്കുന്ന പട്ടികയാണ് ടൈം100 നെക്സ്റ്റ്. ബിസിനസ്, രാഷ്ട്രീയം, ആരോഗ്യം, വിനോദം, കായികം ഉള്‍പ്പടെയുള്ള മേഖലകളില്‍ തങ്ങളുടേതായ സാന്നിധ്യം അറിയിച്ചവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുക.
Also Read: പ്രണയം ഈ മൂന്ന് കാര്യങ്ങളോട്; അറിയാം ആകാശ് അംബാനിയെ
ആകാശ് അംബാനിയെക്കൂടാതെ മുംബൈയില്‍ ജനിച്ച അമ്രപാലി ഗാനും (Amrapali Gan) പട്ടികയില്‍ ഇടംനേടി. അഡള്‍ട്ട് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് വേണ്ടിയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഒണ്‍ലിഫാന്‍സിന്റെ (Onlyfans) സിഇഒ ആണ് അമ്രപാലി. കഠിനാധ്വാനിയെന്നാണ് ആകാശിനെ ടൈം വിശേഷിപ്പിച്ചത്. ജിയോയെ നന്നായി കൈകാര്യം ചെയ്യുകയാണെങ്കില്‍ റിലയന്‍സ് ഇന്‍സ്ട്രീസിന്റെ വലിയൊരു വിഭാഗം ബിസിനസുകളും ആകാശിലേക്ക് എത്തുമെന്നും ടൈം പറയുന്നു. 2014ല്‍ ഇരുപത്തിരണ്ടാം വയസിലാണ് ജിയോയുടെ ഡയറക്ടേഴ്‌സ് ബോര്‍ഡില്‍ ആകാശ് എത്തുന്നത്.
2019ല്‍ ജിയോ പ്ലാറ്റ്‌ഫോംസിന്റെ മുഴുവന്‍ സമയ ഡയറക്ടറായി. 2022 ജൂണ്‍ 28ന് ആണ് മുകേഷ് അംബാനിയുടെ പകരക്കാരനായി ജിയോയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആകാശ് വരുമെന്ന പ്രഖ്യാപനം ഉണ്ടായത്. ഗൂഗിള്‍, ഫേസ്ബുക്ക് നിക്ഷേപങ്ങള്‍ ജിയോയില്‍ എത്തുന്നതില്‍ ആകാശ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അമ്രപാലി, ഒണ്‍ലി ഫാന്‍സിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. അമ്രപാലിയുടെ നേതൃത്വത്തിലാണ് അഡള്‍ട്ട് ഉള്ളടക്കത്തില്‍ നിരോധിക്കാനുള്ള തീരുമാനം കമ്പനി പിന്‍വലിച്ചത്. പോണ്‍ താരങ്ങള്‍ അടക്കം സജീവമായി ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോം ആണ് ഒണ്‍ലിഫാന്‍സ്.