കാര്‍ കഴുകാനും പൂന്തോട്ടപരിപാലനത്തിനും കുടിവെള്ളം ഉപയോഗിച്ചാല്‍ ₹ 5,000 പിഴ; കര്‍ശന നടപടിയുമായി ഈ നഗരം
കുടിവെള്ളം വിവേകത്തോടെ ഉപയോഗിക്കാന്‍ പൊതുജനങ്ങളോട് ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു
ബംഗളൂരുവില്‍ ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് അനാവശ്യമായി കുടിവെള്ള ഉപയോഗം നിരോധിച്ച് ഉത്തരവിറക്കി ബംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവെറേജ് ബോര്‍ഡ് (BWSSB). വാഹനങ്ങള്‍ വൃത്തിയാക്കുന്നതിനും പൂന്തോട്ടപരിപാലനത്തിനും കെട്ടിടങ്ങളുടെയും റോഡുകളുടെയും നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും മറ്റും കുടിവെള്ളം ഉപയോഗിക്കരുതെന്ന് ബോര്‍ഡ് അറിയിച്ചു.
മാളുകള്‍ക്കും തിയേറ്ററുകള്‍ക്കും കുടിവെള്ള ആവശ്യങ്ങള്‍ക്ക് മാത്രമേ ഈ വെള്ളം ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ആദ്യ തവണ 5,000 രൂപ പിഴ ഈടാക്കും. ആവര്‍ത്തിച്ചുള്ള കുറ്റത്തിന് പ്രതിദിനം 500 രൂപ അധിക പിഴ ഈടാക്കും.
ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ബോര്‍ഡിന്റെ കോള്‍ സെന്ററില്‍ (1,916) അറിയിക്കാന്‍ അഭ്യർത്ഥിച്ചിട്ടുണ്ട്. ജലക്ഷാമം നേരിടാന്‍ അത്യാവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കുടിവെള്ളം വിവേകത്തോടെ ഉപയോഗിക്കാന്‍ പൊതുജനങ്ങളോട് ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.