അമൃത് ഭാരത് അത്ര 'അമൃതല്ല'; ടിക്കറ്റ് നിരക്ക് സാധാരണ ട്രെയിനുകളേക്കാള്‍ കൂടുതല്‍
അയോധ്യ-ന്യൂഡല്‍ഹി റൂട്ടിലായിരിക്കും അമൃത് ഭാരതിന്റെ ആദ്യ യാത്ര
തുടക്കത്തില്‍ 'വന്ദേ സാധാരണ്‍' എന്ന പേരിലറിയപ്പെട്ടിരുന്ന അമൃത് ഭാരത് (Amrit Bharat) ട്രെയിന്‍ പുറത്തിറങ്ങാനുള്ള കാത്തിരിപ്പിലാണ് ജനങ്ങള്‍. വന്ദേഭാരതിനെ പോലെ മണിക്കൂറില്‍ പരമാവധി 130 കിലോ മീറ്റര്‍ ദൂരം വരെ സഞ്ചരിക്കാവുന്ന ട്രെയിന്‍ ആണെങ്കിലും എയര്‍ കണ്ടീഷന്‍ ചെയ്യാത്ത ഈ ട്രെയിനുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കിലായിരിക്കും എത്തുക എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അമൃത് ഭാരത് ട്രെയിന്‍ ടിക്കറ്റുകള്‍ സാധാരണ മെയ്ല്‍/ എക്‌സ്പ്രസ് ട്രെയിനുകളെക്കാള്‍ 15 മുതല്‍ 17 ശതമാനം വരെ കൂടുതല്‍ നിരക്കായിരിക്കുമിതിനെന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
ജനറല്‍ കംപാര്‍ട്ട്‌മെന്റ് നിരക്കുകള്‍ക്ക് തന്നെ മറ്റ് മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളെക്കാള്‍ 15-17 ശതമാനം വരെ കൂടുതലായിരിക്കുമെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സെക്കന്‍ഡ് ക്ലാസ് നിരക്കുകള്‍ 30 രൂപ മുതല്‍ 933 രൂപ വരെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജി.എസ്.ടിയും റിസര്‍വേഷന്‍ ചാര്‍ജും കൂട്ടുമ്പോള്‍ ഇത് ഇനിയുമുയരാന്‍ ഇടയുണ്ട്. സ്ലീപ്പര്‍ ക്ലാസിന് 46 രൂപ മുതല്‍ 1,469 രൂപ വരെയായിരിക്കും നിരക്കുകള്‍. 1-50 കിലോ മീറ്റര്‍ വരെയുള്ള ദൂരത്തിന് ബേസ് റേറ്റായി നിശ്ചയിച്ചിട്ടുള്ളത് 30 രൂപയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാൽ ഈ അതിവേഗ ട്രെയിനിൽ കുലുക്കമില്ലാത്ത സുഖയാത്ര സമ്മാനിക്കുന്ന സീറ്റുകള്‍, വൃത്തിയും നിലവാരവുമുള്ള ആധുനിക ടോയ്ലറ്റുകള്‍ എന്നിങ്ങനെ നിരവധി സൗകര്യങ്ങളുമുണ്ടാകുമെന്ന് റെയില്‍വേ അവകാശപ്പെടുന്നത്.
വിശദാംശങ്ങൾ
അയോധ്യ-ന്യൂഡല്‍ഹി റൂട്ടിലായിരിക്കും അമൃത് ഭാരതിന്റെ ആദ്യ യാത്ര. 1,800ഓളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന അമൃത് ഭാരതിന് 22 കോച്ചുകളാണുള്ളത്. 12 എണ്ണം സെക്കന്‍ഡ് ക്ലാസ് 3-ടിയര്‍ സ്ലീപ്പര്‍ കോച്ചുകളാണ്. എട്ടെണ്ണം ജനറല്‍ കമ്പാര്‍ട്ട്മെന്റുകള്‍. രണ്ട് ഗാര്‍ഡ് കമ്പാര്‍ട്ട്മെന്റുകളുമുണ്ട്. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച അമൃത് ഭാരത് ട്രെയിനുകളുടെ മറ്റൊരു മികവ് അതീവസുരക്ഷാ സൗകര്യങ്ങളാണ്. 'കവച്' സാങ്കേതികവിദ്യയോടെ ആന്റി-കൊളീഷന്‍ സൗകര്യങ്ങളുള്ളതായിരിക്കും ട്രെയിനുകള്‍.
പുഷ്-പുള്‍ ടെക്നോളജിയോടെയാണ് അമൃത് ഭാരത് ട്രെയിനുകളെത്തുന്നത്. അതായത്, മുന്നിലും പിന്നിലും എന്‍ജിനുകളുണ്ടാകും. അതിവേഗം മുന്നോട്ട് കുതിക്കാനും അതിവേഗം ബ്രേക്ക് ചെയ്യാനും കഴിയും. ഇത് സമയം ലാഭിക്കാന്‍ സഹായിക്കുമെന്ന് റെയില്‍വേ അവകാശപ്പെടുന്നു. ഡിസംബർ 30ന് അമൃത് ഭാരത് ഓടിത്തുടങ്ങും.