ലോക്ഡൗണ്‍ നീട്ടുന്നത് സാമ്പത്തിക ദുരന്തത്തിന് മാത്രമല്ല കാരണമാകുന്നത്, മെഡിക്കല്‍ ദുരന്തത്തിന് കൂടി: ആനന്ദ് മഹീന്ദ്ര

Update: 2020-05-26 12:04 GMT

ലോക്ഡൗണ്‍ ഇനിയും നീട്ടുന്നത് സാമ്പത്തികമായ ദുരന്തത്തിന് മാത്രമല്ല, മറ്റൊരു മെഡിക്കല്‍ ദുരന്തത്തിന് കൂടി വഴിതെളിക്കുമെന്ന് ആനന്ദ്ര മഹീന്ദ്ര. താന്‍ ഇതേക്കുറിച്ച് മുമ്പും പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം ഇത് ട്വിറ്ററില്‍ കുറിച്ചത്. നയനിര്‍മാതാക്കള്‍ക്ക് എന്ത് തെരഞ്ഞെടുക്കണമെന്നത് എളുപ്പമല്ലെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ ലോക്ഡൗണ്‍ കൊണ്ട് പ്രയോജനമില്ലെന്ന് അദ്ദേഹം പറയുന്നു. ഇന്ന് പിപിഇ കിറ്റ് അണിഞ്ഞുനില്‍ക്കുന്ന വിമാനജീവനക്കാരുടെയും ഫേസ്ഷീല്‍ഡും മാസ്‌കുമൊക്കെ അണിഞ്ഞ യാത്രക്കാരുടെയും ചിത്രം പങ്കുവെച്ചുകൊണ്ട് ഇത് ഒരു സയന്‍സ് ഫിക്ഷന്‍ സിനിമ പോലെ തോന്നിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്ത് മെഡിക്കല്‍ ദുരന്തത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്? ലോക്ഡൗണ്‍ ഉളവാക്കുന്ന മാനസികപ്രശ്‌നങ്ങളെക്കുറിച്ചും കോവിഡ് രോഗികളല്ലാത്ത മറ്റ് രോഗികളെ അവഗണിക്കുന്നതുമാണ് അദ്ദേഹം ഉദ്ദേശിച്ചത്. 49 ദിവസത്തിന് ശേഷം ലോക്ഡൗണ്‍ എടുത്തുമാറ്റണമെന്ന് നിര്‍ദ്ദേശിച്ച മഹീന്ദ്ര നയനിര്‍മാതാക്കള്‍ക്ക് ഇത്തരം തീരുമാനങ്ങളെടുക്കുക എളുപ്പമല്ലെന്നും എന്നാല്‍ ലോക്ഡൗണ്‍ നീട്ടുന്നതുകൊണ്ട് പ്രയോജനമില്ലെന്നും പറഞ്ഞു.

കോവിഡ് കേസുകളുടെ എണ്ണം ഇനിയും കൂടുമെന്നും ഓക്‌സിജന്‍ ലൈനോട് കൂടിയ ആശുപത്രി കിടക്കള്‍ വിപുലീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 22ന് സര്‍ക്കാര്‍ രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ കോറോണ വൈറസ് വ്യാപനം ഇന്ത്യയില്‍ മൂന്നാം ഘട്ടത്തില്‍ എത്തിയിരിക്കാമെന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്ക പ്രകടിപ്പിച്ച് ഇവിടെ ലോക്ഡൗണ്‍ വേണമെന്ന് ആനന്ദ് മഹീന്ദ്ര നിര്‍ദ്ദേശിച്ചിരുന്നു. 

സയന്‍സ് ഫിക്ഷന്‍ സിനിമ പോലെ

പിപിഇ കിറ്റ് അണിഞ്ഞുനില്‍ക്കുന്ന വിമാനജീവനക്കാരുടെയും ഫേസ് ഷീല്‍ഡും ഗ്ലൗസുമൊക്കെ അണിഞ്ഞുനില്‍ക്കുന്ന യാത്രക്കാരുടെയും ചിത്രമാണ് ഇന്ന് അദ്ദേഹം പങ്കുവെച്ചത്. ചിത്രത്തിന് മുകളില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു. ''ആറ് മാസം മുമ്പ് നിങ്ങളെന്നെ ഈ ചിത്രം കാണിക്കുകയാണെങ്കില്‍ അവ ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയുടെ സൈറ്റ് ആണെന്ന് ഞാന്‍ കരുതുമായിരുന്നു.'' അദ്ദേഹത്തിന്റെ ട്വീറ്റ് വളരെപ്പെട്ടെന്ന് വൈറലായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News