ചുവടുമാറ്റം 'വെടിമരുന്നില്‍', പ്രതിരോധ വഴിയേ അനില്‍ അംബാനി; ആദ്യ ഘട്ട നിക്ഷേപം 10,000 കോടി രൂപ

പുതിയ നിക്ഷേപത്തിന്റെ വാര്‍ത്ത വന്നത് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികളെ സ്വാധീനിച്ചിട്ടുണ്ട്

Update:2024-10-23 11:26 IST
അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രതിരോധ മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഈ രംഗത്ത് 10,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് കമ്പനി തയാറെടുക്കുന്നത്.
മോദി സര്‍ക്കാര്‍ വന്നശേഷം പ്രതിരോധ ഉപകരണ നിര്‍മാണ രംഗത്തുണ്ടായ വളര്‍ച്ച മുതലെടുക്കുകയാണ് ലക്ഷ്യം. വെടിക്കോപ്പുകള്‍, സ്‌ഫോടകവസ്തുക്കള്‍, ചെറു ആയുധങ്ങള്‍ എന്നിവയുടെ നിര്‍മാണമാണ് കമ്പനി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ രാജ്യത്തെ ഏറ്റവും വലിയ ആയുധനിര്‍മാണ ശാല നിര്‍മിക്കാനായി 1,000 ഏക്കര്‍ സ്ഥലം ലഭിച്ചതായി റിലയന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഗ്രീന്‍ഫീല്‍ഡ് പദ്ധതിയാകും ധീരുഭായ് അംബാനി ഡിഫന്‍സ് സിറ്റിയെന്ന് (ഡി.എ.ഡി.സി) അനില്‍ അംബാനി അവകാശപ്പെടുന്നു. ആഗോളതലത്തില്‍ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആറ് കമ്പനികളുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമാകും ഇത്.

പ്രതിരോധത്തില്‍ ശ്രദ്ധ

ആയുധ വില്പനയിലൂടെ കൂടുതല്‍ വരുമാനം നേടാന്‍ ഉതകുന്ന രീതിയില്‍ മുന്നോട്ടു പോകാനാണ് അനില്‍ അംബാനി ലക്ഷ്യമിടുന്നത്. റിലയന്‍സ് ഇന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള ജയ് ആര്‍മമെന്റ്‌സ്, റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് എന്നീ കമ്പനികളിലൂടെ ഇതിനകം 1,000 കോടി രൂപയിലധികം മൂല്യമുള്ള ആയുധങ്ങള്‍ കമ്പനി കയറ്റുമതി ചെയ്തിട്ടുണ്ട്. ആയുധ നിര്‍മാണത്തിനും കയറ്റുമതിക്കും ലൈസന്‍സുള്ള ഈ കമ്പനികില്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നിക്ഷേപത്തിനാണ് അനില്‍ അംബാനിയുടെ നീക്കം.
പുതിയ നിക്ഷേപത്തിന്റെ വാര്‍ത്ത വന്നത് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികളെ സ്വാധീനിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 4 ശതമാനത്തിലധികം ഓഹരികളില്‍ കുതിപ്പുണ്ടായി. ജൂണില്‍ അവസാനിച്ച പാദത്തില്‍ റിലയന്‍സ് ഇന്‍ഫ്ര 7,193 കോടി രൂപ വിറ്റുവരവും 93 കോടി രൂപ നഷ്ടവുമാണ് രേഖപ്പെടുത്തിയത്.
Tags:    

Similar News