പ്രൈവറ്റ് യൂണിവേഴ്‌സിറ്റികളുടെ ഫാന്‍സി കോഴ്‌സുകള്‍ക്ക് പിന്നാലെ പോകുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗത്തിന്റെയും അവസ്ഥയാണിത്. കോട്ടയം സ്വദേശിയായ അരവിന്ദ് പ്ലസ്ടു കഴിഞ്ഞ സമയത്താണ് യു.എക്‌സ് ഡിസൈനിംഗിനെ കുറിച്ച് കേള്‍ക്കുന്നത്. കൂടുതലൊന്നും ആലോചിക്കാതെ തന്നെ കൊച്ചിയിലെ ഒരു പ്രൈവറ്റ് യൂണിവേഴ്‌സിറ്റിയെ സമീപിച്ചു. അവരുടെ മോഹന വാഗ്ദാനങ്ങളില്‍ പെട്ട് നേരെ കോഴ്‌സില്‍ ചേര്‍ന്നു. വമ്പന്‍ ഫീസ് നല്‍കി കോഴ്‌സ് പൂര്‍ത്തിയാക്കിപ്പോള്‍ ഫാന്‍സി സര്‍ട്ടിഫിക്കറ്റും ലഭിച്ചു. പക്ഷെ ജോലിക്കു വേണ്ട അടിസ്ഥാന യോഗ്യതങ്ങളൊന്നും ഇല്ലാത്തതു കൊണ്ട് ഒരു സ്ഥാപനത്തിലും കയറാനാകുന്നില്ല. യൂട്യൂബ് നോക്കി ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുന്നു.
ലൈഫ് സയന്‍സ് മുതല്‍ ഡാറ്റ അനലറ്റിക്സ് വരെ
ലൈഫ് സയന്‍സ്, ബയോടെക്‌നോളജി, ജെനറ്റിക്‌സ്, ബയോ മെഡിക്കല്‍ എന്‍ജിനിയറിംഗ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ അനലറ്റിക്സ് തുടങ്ങി ഈ ടെക്‌നോളജി കാലത്ത് ആറക്ക ശമ്പളം വാങ്ങാവുന്ന ഈടുറ്റ കോഴ്‌സുകളെന്നു തോന്നിപ്പിക്കുന്ന പല ഫാന്‍സി കോഴ്‌സുകളുടെയും അവസ്ഥയാണിത്. കോഴ്‌സുകളുടെ ബ്രോഷറുകളില്‍ പല വമ്പന്‍ കമ്പനികളും പ്ലേസ്‌മെന്റ് നടത്തിയതായൊക്കെ കാണാനാകും. എന്നാല്‍ നേരിട്ട് ഇതേ കുറിച്ച് അന്വേഷിച്ചാലാണ് യാഥാര്‍ത്ഥ്യം മനസിലാകുക. പലതും കോവിഡ് കാലത്തിനു മുമ്പുള്ള കാര്യങ്ങളാകും. ഇപ്പോള്‍ അവസ്ഥ പാടെ മാറി. പല കോഴ്‌സുകളും പഠിച്ചതു കൊണ്ട് കാര്യമില്ലാത്ത അവസ്ഥയാണ്.
കൊച്ചിയിലെ ഒരു ഓട്ടോറിക്ഷ തൊഴിലാളി ഇല്ലാത്ത കാശുമുടക്കിയാണ് മകനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സ് (AI) പഠിക്കാന്‍ വിട്ടത്. പഠിപ്പു കഴിഞ്ഞ ഉടനെ ജോലി കിട്ടി. പക്ഷെ കോള്‍സെന്റര്‍ മാനേജ്‌മെന്റാണ്. കേട്ടതോടെ അവിടുന്ന് നേരെ വീട്ടിലേക്ക് മുങ്ങി. ഇപ്പോള്‍ വിദേശത്തേക്ക് പോകാനായി ഐ.ഇ.എല്‍.ടി.എസ് കോഴ്‌സ് പഠിക്കുന്നു.
ഭീമമായ ഫീസ് നല്‍കി പഠിച്ചാല്‍ ഇത്തരം ജോലികളിലൊന്നും ഒരു എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് പോലും നേടാന്‍ കുട്ടികള്‍ക്ക് സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ശമ്പളം വേണ്ടെന്ന് വച്ച് ജോലി ചെയ്യാന്‍ തയാറാകുന്നവവര്‍ക്ക് ചിലപ്പോള്‍ ഒരു സര്‍ട്ടിഫിക്കറ്റ് ഒപ്പിക്കാനായേക്കും. പക്ഷെ എത്ര പേര്‍ക്ക് ഇത് സാധിക്കുമെന്നതാണ് ചോദ്യം.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി പ്രൈവറ്റ് യൂണിവേഴ്സിറ്റികളും പ്രൈവറ്റ് സ്ഥാപനങ്ങളുമാണ് രാജ്യത്ത് പൊട്ടി മുളച്ചത്. ഇതില്‍ പലതും കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഭീമമായ ഫീസുകള്‍ ചുമത്തി ഒട്ടനവധി ഫാന്‍സി കോഴ്സുകളും ഇവ വാഗ്ദാനം ചെയ്യുന്നു. സുസജ്ജമായ കാമ്പസുകള്‍, നൂതനമായ കരിക്കുലം, സമ്പന്നമായൊരു കരിയര്‍ എന്നിവയൊക്കെ വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷെ, രക്ഷിതാക്കള്‍ കൊടുക്കുന്ന പണക്കിഴിയുടെ കനം പഠിക്കുന്ന കോഴ്‌സിനില്ല. രാജ്യത്തിനകത്തോ പുറത്തോ ഈ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വിലയുമില്ല. ആരാണ് ഈ സ്ഥാപനങ്ങളുടെ സിലബസ് നിശ്ചയിക്കുന്നത്, ആരാണ് ഈ കോഴ്‌സുകള്‍ അംഗീകരിച്ചിരിക്കുന്നത്? ഒന്നിനും വ്യക്തതയില്ല.
അത്യാധുനിക കാമ്പസ്, അന്താരാഷ്ട്ര സഹകരണം, വ്യവസായ ലോകവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകള്‍ എന്നിവയെക്കുറിച്ചൊക്കെ മാതാപിതാക്കളെയും കുട്ടികളെയും തെറ്റിദ്ധരിപ്പിക്കാന്‍ ഇത്തരം യൂണിവേഴ്സിറ്റികള്‍ക്ക് സാധിക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ അനലറ്റിക്സ്, ബയോ ടെക്നോളജി തുടങ്ങിയ വളര്‍ന്നു വരുന്ന മേഖലകളിലാണ് ഇവര്‍ കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്നത്. അതിനെക്കുറിച്ചുള്ള വിവരണങ്ങള്‍ക്കു മുന്നില്‍ മിഴിച്ചു പോകുന്നവര്‍, കുട്ടിയുടെ ഭാവിയെക്കരുതി ഇല്ലാത്ത പണം മുടക്കി വല്ലാത്ത കോഴ്‌സിന് വിടുന്നു.
ആരാണ് ഉത്തരവാദി, പഠിക്കുന്നവരോ പഠിപ്പിക്കുന്നവരോ?
യൂണിവേഴ്സിറ്റികളെ മാത്രം ഇതില്‍ തെറ്റു പറയാന്‍ പറ്റില്ലെന്നും ഓരോ കോഴ്സിനും എത്രത്തോളം സാധ്യതകളുണ്ടെന്ന് സാമാന്യ ബുദ്ധിയില്‍ ചിന്തിച്ച് കുട്ടികള്‍ പ്രവര്‍ത്തിക്കുയാണ് വേണ്ടതെന്നുമാണ് ഈ രംഗത്തെ കുറിച്ച് പഠനം നടത്തുന്ന അക്കാദമിക മേഖലയിലെ പ്രഗത്ഭനായൊരാള്‍ ചൂണ്ടിക്കാട്ടിയത്. കാത്ത് ലാബ് ടെക്നീഷ്യന്‍ കോഴ്സ് പഠിക്കുന്ന ഒരാള്‍ ആദ്യം അന്വേഷിക്കേണ്ടത് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ എത്ര പേര്‍ ഈ വിഭാഗത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ്. ഒന്നോ രണ്ടോ ആളുകള്‍ മാത്രമാണ് ഈ വിഭാഗത്തില്‍ ഒരു ആശുപത്രിക്ക് ആവശ്യമെങ്കില്‍ ഈ കോഴ്സു പഠിക്കുന്നതു കൊണ്ട് ഗുണമുണ്ടാകില്ല.
സൈബര്‍ സെക്യൂരിറ്റി, ഫോറന്‍സിക് സയന്‍സ് തുടങ്ങിയ കോഴ്സുകള്‍ പഠിക്കുന്നവരുടെ കാര്യവും വ്യത്യസ്തമല്ല. ഇന്‍ഫോപാര്‍ക്കിലും മറ്റുമുള്ള സ്ഥാപനങ്ങളില്‍ പോലും സൈബര്‍ സെക്യൂരിറ്റി കൈകാര്യം ചെയ്യാനായി പ്രത്യേകം ജീവനക്കാരെ കാണാനാകില്ല. ഒരു സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനിലൂടെ പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ക്കായി ജീവനക്കാരെ വയ്ക്കേണ്ട ആവശ്യമില്ല എന്നതാണ് കാരണം. ഒരു യൂണിവേഴ്സിറ്റി തിരഞ്ഞെടുക്കും മുന്‍പ് അവിടെ പഠിച്ച പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്ക് എവിടെയാണ് ജോലി ലഭിച്ചത്? അവര്‍ എന്തു ചെയ്യുന്നു എന്നൊക്കെ അന്വേഷിക്കുകയാണ് വേണ്ടതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
അധികൃതര്‍ ഒന്നും അറിയുന്നില്ല!
കുട്ടികളിപ്പോള്‍ പ്ലസ്ടു കഴിയുമ്പോള്‍ തന്നെ സ്പെഷ്യലൈസേഷന്‍ കോഴ്സുകളാണ് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഡിഗ്രി തലത്തില്‍ സ്‌പെഷലൈസേഷന്‍ പഠിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് കാര്യമില്ലെന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പ്രൊഫസര്‍ ധനം ഓണ്‍ലൈനിനോട് പറഞ്ഞത്. ഉദാഹരണത്തിന് മെഡിക്കല്‍ ടെക്‌നോളജിയില്‍ ഡിഗ്രിയെടുക്കുന്ന വിദ്യാര്‍ത്ഥിക്ക് ഭാവിയില്‍ മറ്റ് ഫീല്‍ഡിലേക്ക് പോകാനാകില്ല. അതേസമയം ഇലക്ടിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ് (EEE) പഠിക്കുന്ന ഒരാള്‍ക്ക് ഭാവിയില്‍ മറ്റേതെങ്കിലും കോഴ്‌സുകളിലേക്ക് മാറാനാകും, ബി.എസ്/ബി.ടെക് പോലുള്ള ഡിഗ്രി കോഴ്‌സുകളില്‍ പരമ്പരാഗത കോഴ്‌സുകള്‍ പഠിക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കുട്ടിയുടെ അഭിരുചിയല്ല, ഭാവിയിലെ വരുമാനമാണ് കോഴ്‌സ് തെരഞ്ഞെടുക്കുന്നതിന് ഇന്ന് മാനദണ്ഡമായി മാറിയിരിക്കുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരു കോഴ്സിലേക്ക് മനസുറപ്പിക്കും മുമ്പ് അതിന് മുടക്കേണ്ടി വരുന്ന ഫീസ്, അത് ഉറപ്പു നല്‍കുന്ന ഗുണമേന്മ, മുടക്കുന്ന പണത്തിന് തിരിച്ചു കിട്ടുന്ന നേട്ടം തുടങ്ങിയ കാര്യങ്ങളും പരിഗണിക്കണം. വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരമില്ലാത്ത, തട്ടിപ്പു കോഴ്‌സുകള്‍ നിരീക്ഷിച്ച് പൊതുജനത്തിന് മുന്നറിയിപ്പു നല്‍കാനോ, അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനോ ഉത്തരവാദപ്പെട്ടവര്‍ ബോധപൂര്‍വം കണ്ണടക്കുകയും പല താല്‍പര്യങ്ങളാല്‍ നോക്കുകുത്തിയായി നില്‍ക്കുകയും ചെയ്യുന്ന സാഹചര്യമാണ് യുവസമൂഹത്തിന്റെ ഭാവി തുലയ്ക്കുന്നതെന്ന യാഥാര്‍ഥ്യവും ഒപ്പമുണ്ട്.