ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് സൗദിയില്‍ വന്‍ ഡിമാന്റ്; എട്ടുമാസത്തിനിടെ 3,000 കോടിയുടെ കയറ്റുമതി
ഇന്ത്യക്ക് മൂന്നാം സ്ഥാനം; മുന്നില്‍ ചൈനയും വിയറ്റ്‌നാമും
ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി വര്‍ധിക്കുന്നു. കഴിഞ്ഞ എട്ടുമാസത്തിനിടെ 13 ലക്ഷം സ്മാര്‍ട്ട് ഫോണുകളാണ് സൗദിയിലേക്ക് കയറ്റുമതി ചെയ്തത്. 3,000 കോടി രൂപയിലേറെയാണ് കയറ്റുമതി മൂല്യം. സൗദി അറേബ്യയിലേക്ക് സമാര്‍ട്ട് ഫോണ്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്ന് സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പുതിയ കണക്കുകളില്‍ പറയുന്നു. ഈ വര്‍ഷം സൗദിയിലേക്ക് ഇറക്കുമതി ചെയ്ത സ്മാര്‍ട്ട്‌ഫോണുകളില്‍ എട്ടു ശതമാനം ഇന്ത്യയില്‍ നിന്നാണ്.
ഒന്നാം സ്ഥാനത്ത് ചൈന
സൗദി അറേബ്യയിലേക്ക് ഏറ്റവുമധികം സ്മാര്‍ട്ട് ഫോണുകള്‍ എത്തുന്നത് ചൈനയില്‍ നിന്നാണ്. ഒരു ലക്ഷത്തിലധികം സ്മാര്‍ട്ട് ഫോണുകളാണ് കഴിഞ്ഞ എട്ടുമാസത്തിനിടെ ചൈനയില്‍ നിന്ന് എത്തിയത്. 20,000 കോടി രൂപ വിപണി മൂല്യം വരും. സൗദി വിപണിയില്‍ 75 ശതമാനം ചൈനീസ് ഫോണുകളാണ്. മൂന്നാം സ്ഥാനത്ത് വിയറ്റ്‌നാമാണ്. 29 ലക്ഷം സ്മാര്‍ട്ട് ഫോണുകളാണ് ഇവിടെ നിന്ന് എത്തിയത്. 17 ശതമാനമാണ് വിയറ്റ്‌നാമിന്റെ വിപണി വിഹിതം. ലോകോത്തര ബ്രാന്റുകള്‍ വിയറ്റ്‌നാമില്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണം സജീവമാക്കിയതോടെയാണ് കയറ്റുമതി വര്‍ധിച്ചത്. സൗദി ഫോണ്‍ വിപണിയില്‍ അമേരിക്കക്ക് നാലാം സ്ഥാനവും യു.എ.ഇക്ക് അഞ്ചാം സ്ഥാനവുമാണുള്ളത്.