ക്രിപ്റ്റോ ഇടപാടുകൾ ഉണ്ടോ? ഇനി വെളിപ്പെടുത്തിയേ തീരൂ
കമ്പനികളുടെ ക്രിപ്റ്റോ ആസ്തികൾക്കുമേൽ പിടിമുറുക്കാൻ നിയമ ഭേദഗതിയുമായി സർക്കാർ
ഇന്ത്യയിലെ എല്ലാ കമ്പനികളോടും ക്രിപ്റ്റോകറൻസിയിലോ വെർച്വൽ കറൻസിയിലോ ഉള്ള ഇടപാടുകൾ അവരുടെ വരവുചെലവു രേഖകളിൽ നിർബന്ധമായും വെളിപ്പെടുത്തണമെന്ന് കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം ആവശ്യപ്പെട്ടു.
രാജ്യത്തെ ക്രിപ്റ്റോ ആസ്തികൾ നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ആദ്യപടിയായാണ് കമ്പനി നിയമത്തിലെ പുതിയ ഭേദഗതി. ക്രിപ്റ്റോകറൻസി ഉപയോഗിച്ചുള്ള നിക്ഷേപങ്ങളും ഇടപാടുകളും ഈ ഭേദഗതി വഴി കൂടുതൽ സുതാര്യമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
കമ്പനി നിയമത്തിലെ പട്ടിക 3 ലെ പുതിയ ഭേദഗതി പ്രകാരം ക്രിപ്റ്റോ-വെർച്വൽ കറൻസികൾ ഉപയോഗിച്ചുള്ള ഇടപാടുകളിലെ ലാഭനഷ്ടക്കണക്കുകൾ കമ്പനികൾ നിർബന്ധമായും വെളിപ്പെടുത്തിയിരിക്കണം. വ്യാപാരാവശ്യങ്ങൾക്കായി വ്യക്തികളിൽനിന്നുള്ള ക്രിപ്റ്റോ-വെർച്വൽ കറൻസികൾ ഉപയോഗിച്ചുള്ള കൊടുക്കൽ വാങ്ങലുകളുടെയും, നിക്ഷേപങ്ങളുടെയും വിശദാംശങ്ങൾ കമ്പനികൾ വെളിപ്പെടുത്തണമെന്നും നിയമഭേദഗതി ആവശ്യപ്പെടുന്നു.
അടുത്ത സാമ്പത്തികവർഷം മുതൽ പുതിയ നിയമം രാജ്യത്തെ എല്ലാ കമ്പനികളിലും നടപ്പാക്കുമെന്ന് കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം പുറത്തുവിട്ട അറിയിപ്പിൽ വ്യക്തമാക്കുന്നതായി ദി മിൻ്റ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
പുതിയ നിയമ ഭേദഗതി ഒരു തുടക്കം മാത്രമാണെന്നും, കൂടുതൽ നിയന്ത്രണങ്ങൾ വരാനിരിക്കുന്നതേയുള്ളുവെന്നും ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ക്രിപ്റ്റോ-വെർച്വൽ കറൻസികളുടെ സമ്പൂർണ്ണ നിരോധനമല്ല മറിച്ച് നിയന്ത്രണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഷാർദുൽ അമർചന്ദ് മംഗൾദാസ് ഗ്രൂപ്പിൻ്റെ പങ്കാളിയായ ജി വി ആനന്ദ് ഭൂഷൺ അഭിപ്രായപ്പെടുന്നു.
ഇന്ത്യയിൽ നിലവിൽ ഏകദേശം 10 ലക്ഷം ക്രിപ്റ്റോ നിക്ഷേപകരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ എത്ര കമ്പനികൾക്ക് ഈ മേഖലയിൽ ഇടപാടുകൾ ഉണ്ടെന്ന് കൃത്യമായ കണക്കുകൾ ഇല്ല.
സർക്കാരിൻ്റെ പുതിയ നീക്കം നിയമപരമായുള്ള ക്രിപ്റ്റോ കറൻസി ഇടപാടുകൾ പ്രോത്സാഹിപ്പിക്കുമെന്നും, നിയന്ത്രണങ്ങളെ കുറിച്ചുള്ള കൂടുതൽ വ്യക്തതക്കായി കേന്ദ്ര ധനമന്ത്രാലയത്തിൻ്റെയും റിസർവ് ബാങ്കിൻ്റെയും മാർഗ്ഗനിർദ്ദേശങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ ബൈ യു കോയിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശിവം തക്രാൽ പറഞ്ഞു.
ഇന്ത്യയിലെ ക്രിപ്റ്റോ നിക്ഷേപകർ ഇതിനോടകം 1.5 ബില്യൺ ഡോളർ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇത് രാജ്യത്ത് ഡിജിറ്റൽ നിക്ഷേപങ്ങൾക്കുള്ള സ്വീകാര്യതയാണ് പ്രകടമാക്കുന്നതെന്ന് തക്രാൽ കൂട്ടിച്ചേർത്തു.
ആഗോളതലത്തിൽ, പ്രമുഖ കമ്പനികളായ ഇലോൺ മസ്കിൻെറ ടെസ്‌ല, മൈക്കിൾ ജെ സെയിലറിൻ്റെ മൈക്രോ സ്ട്രാറ്റജി തുടങ്ങിയ കമ്പനികൾ വലിയ അളവിൽ ബിറ്റ്കോയിൻ കൈവശം വെക്കുന്നുണ്ട്.
കമ്പനികൾക്ക് അവരുടെ വരവ് ചിലവ് രേഖകളിൽ ക്രിപ്റ്റോ ആസ്തികൾ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം ഔദ്യോഗിക അനുമതി നൽകിയെങ്കിലും, ഈ ആസ്തികളുടെ നികുതി ഈടാക്കുന്ന കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. വ്യാപാരത്തിലൂടെയും, മൂലധന നിക്ഷേപത്തിലൂടെയും, ഊഹക്കച്ചവടത്തിലൂടെയും ലഭിക്കുന്ന ഡിജിറ്റൽ വരുമാനങ്ങളുടെ നികുതി എങ്ങനെ കണക്കാക്കുമെന്ന് വ്യക്തമല്ലായെന്നും, ഒരു പ്രത്യേക വരുമാനത്തിന് ആളുകൾ നികുതിയടച്ചിട്ടുണ്ടോ ഇല്ലയോയെന്ന് മനസ്സിലാക്കാൻ ആദായ നികുതി അധികൃതർ സൂക്ഷ്മമായ പരിശോധനകൾ നടത്തേണ്ടി വരുമെന്നും സിഎൻകെ ആർകെ ചാർട്ടേഡ് അക്കൗണ്ടന്റ്‌സിൻ്റെ പങ്കാളിയായ പല്ലവ് നരംഗ് പറഞ്ഞു.
അതേസമയം, ക്രിപ്‌റ്റോകറൻസികൾ സംബന്ധിച്ച പുതിയ ബില്ല് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ബില്ലിന്റെ ഉള്ളടക്കം ഇതുവരെ അറിവായിട്ടില്ല, എന്നാൽ ബിറ്റ്കോയിൻ, ഈതർ തുടങ്ങിയ സ്വകാര്യ ക്രിപ്റ്റോകറൻസികളെ നിരോധിക്കാൻ ബില്ലിലൂടെ ശ്രമിക്കുമെന്ന് ഫെബ്രുവരിയിൽ കേന്ദ്രം അറിയിച്ചിരുന്നു.