ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധക്ക്: ടോയ്ലറ്റില്‍ പോകുന്നവര്‍ മറക്കരുത്, ജോര്‍ജുകുട്ടിയെ

ബയോ ടോയ്‌ലറ്റുകളിലേക്ക് റെയില്‍വേയെ വഴി നടത്തിയ മലയാളിയുടെ കഥ

Update:2024-08-14 16:47 IST
ഓര്‍ത്താല്‍ ഓക്കാനം വരും. ട്രെയിന്‍ യാത്രക്കാരുടെ ടോയ്ലറ്റ് അനുഭവം അതാണ്. അത്രമേല്‍ അറപ്പും മടുപ്പും വെറുപ്പുമാണ് ശുചിത്വത്തിന്റെ കാര്യത്തില്‍ റെയില്‍വേ സമ്പാദിച്ചിട്ടുള്ളത്. ബയോടോയ്ലറ്റുകള്‍ വന്നതോടെ കാര്യങ്ങള്‍ കുറെയേറെ മെച്ചപ്പെട്ടു. അതിനു മുമ്പ് ശരിക്കുമൊരു 'മല'വണ്ടിയായിരുന്നു ട്രെയിന്‍. പാളം തോറും മാലിന്യവും രോഗവും വിതറി കൂകിപ്പായുന്ന മലവണ്ടി. ടോയ്ലറ്റും പാളങ്ങളും പകര്‍ച്ചവ്യാധി വിതരണ കേന്ദ്രങ്ങളാക്കി മാറ്റിയ റെയില്‍വേയെ മുട്ടുകുത്തിച്ച് ബയോടോയ്ലറ്റ് ഘടിപ്പിക്കാന്‍ പ്രേരിപ്പിച്ചതിന് ചങ്ങനാശേരിക്കാരന്‍ ജോര്‍ജുകുട്ടിയോട് ട്രെയിന്‍ യാത്രക്കാരായ മലയാളികള്‍ മാത്രമല്ല, ഇന്ത്യക്കാര്‍ ആകെത്തന്നെ കടപ്പെട്ടിരിക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട അദ്ദേഹത്തിന്റെ നിയമയുദ്ധവും കോടതി ഇടപെടലുമാണ് എല്ലാ ട്രെയിനുകളിലും ബയോടോയ്ലറ്റ് അതിവേഗം സ്ഥാപിക്കുന്നതിന് റെയില്‍വേയെ നിര്‍ബന്ധിതമാക്കിയത്. അതൊരു നീണ്ട കഥ.
ആ നീണ്ടകഥയുടെ ഒരറ്റത്ത് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയും പഴയൊരു മാധ്യമ പ്രവര്‍ത്തകനുമായ സി.എസ്. ശ്രീകുമാറുണ്ട്. കാല്‍ നൂറ്റാണ്ടു മുമ്പ് അദ്ദേഹമാണ് റെയില്‍വേയുടെ തോന്ന്യാസത്തിനെതിരെ കേരളത്തില്‍ നിയമയുദ്ധത്തിന് ഇറങ്ങിത്തിരിച്ചത്. ഓരോ ട്രെയിനിലെയും നിരവധിയായ ടോയ്ലറ്റുകളും ആയിരക്കണക്കിനു കിലോമീറ്റര്‍ നീളം വരുന്ന പാളങ്ങളും പകര്‍ച്ചവ്യാധി വിതരണ കേന്ദ്രങ്ങളാക്കി ലോകത്തെ ഏറ്റവും വലിയ വെളിയിട വിസര്‍ജന 'ഫാക്ടറി' നടത്തുന്ന റെയില്‍വേക്കെതിരെ 2001ലാണ് ശ്രീകുമാര്‍ കേരള ഹൈക്കോടതിയെ സമീപിച്ചത്. ഒന്നുകില്‍ മലമൂത്ര വിസര്‍ജ്യങ്ങള്‍ ശേഖരിച്ച് പൊതുജനങ്ങള്‍ക്ക് ശല്യമില്ലാത്ത വിധം സംസ്‌കരിക്കാന്‍ പാകത്തില്‍ ഓരോ ടോയ്ലറ്റിനും ടാങ്ക് ഘടിപ്പിക്കണം. അതല്ലെങ്കില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് വിസര്‍ജ്യങ്ങള്‍ നിര്‍വീര്യമാക്കുന്ന ക്രമീകരണം ടോയ്ലറ്റുകളില്‍ വേണം. വിമാനങ്ങളിലെപ്പോലെ വാക്വം ടോയ്ലറ്റ്, അതല്ലെങ്കില്‍ ബയോളജിക്കല്‍ ടോയ്ലറ്റ്, വിസര്‍ജ്യം പുറന്തള്ളുന്നത് ശേഖരിച്ച് നിയന്ത്രിക്കല്‍ എന്നീ സാധ്യതകള്‍ ശ്രീകുമാര്‍ മുന്നോട്ടു വെച്ചു.

അമേരിക്കയില്‍ നിന്നൊരു നിയോഗം പോലെ

ട്രെയിന്‍ യാത്രക്കാരുടെ മലമൂത്ര വിസര്‍ജ്യങ്ങളും മറ്റു മാലിന്യങ്ങളും ചവറുകളും പുറന്തള്ളാന്‍ തങ്ങള്‍ക്ക് സവിശേഷ അധികാരമുണ്ടെന്ന മട്ടിലായിരുന്ന റെയില്‍വേ, കേസ് മുന്നോട്ടു പോയപ്പോള്‍ അയഞ്ഞു. മാലിന്യം പാളത്തില്‍ തള്ളുന്നത് നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചു വരുകയാണെന്ന് കോടതിയില്‍ വിശദീകരിച്ചു. ഇത് മുഖവിലക്കെടുത്ത് അന്നത്തെ ചീഫ് ജസ്റ്റിസ് രാജീവ് ഗുപ്ത, ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ 2005 ജൂലൈ 15ന് ബെഞ്ച് കേസ് അവസാനിപ്പിച്ച് തീര്‍പ്പു കല്‍പിച്ചു. മാസങ്ങള്‍ മുന്നോട്ടു പോയിട്ടും നിസംഗത തുടരുകയാണ് പക്ഷേ, റെയില്‍വേ ചെയ്തത്. ഈ ഘട്ടത്തിലാണ് റെയില്‍വേയുടെ കുറ്റകരമായ നിലപാടിനെ യുദ്ധം ചെയ്തിട്ടായാലും തോല്‍പിക്കണമെന്ന വാശിയോടെ ജോര്‍ജുകുട്ടി കളത്തിലിറങ്ങിയത്. 2005ല്‍ ഹൈക്കോടതിക്ക് നല്‍കിയ ഉറപ്പ് റെയില്‍വേ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജോര്‍ജുകുട്ടി ഹൈകോടതിയെ സമീപിച്ചു.



 


റെയില്‍വേയെ ഡയപ്പര്‍ കെട്ടിക്കാന്‍ ഒരു നിയോഗം പോലെയായിരുന്നു ജോര്‍ജുകുട്ടിയുടെ ആ വരവ്. അമേരിക്കയില്‍ ഇരുന്നായിരുന്നു കേരള ഹൈക്കോടതിയിലെ കേസ് നടത്തിപ്പ്. സംഭവ ബഹുലവും ഒപ്പം വിചിത്രവുമായൊരു ജീവിത യാത്രയുടെ ഉടമയെന്ന നിലയില്‍, ജോര്‍ജുകുട്ടിക്ക് അതൊരു ആനക്കാര്യം വല്ലതുമാണോ? ദൈവവിശ്വാസിയായൊരു പോരാളിയെന്ന നിര്‍വചനമാണ് ജോര്‍ജുകുട്ടിയെന്ന ഡോ. ജോര്‍ജ് ജോസഫ് തീമ്പലങ്ങാടിന് ചേരുക. യു.എസിലെ ലാസ് വേഗാസില്‍ ജീവകാരുണ്യ പ്രവര്‍ത്തനവുമായി മുന്നോട്ടു പോവുകയായിരുന്നു ജോര്‍ജുകുട്ടി. പലതിനോടും യുദ്ധം ചെയ്ത് ബാംഗ്ലൂര്‍, മണിപ്പാല്‍, കൊല്‍ക്കത്ത, ഡല്‍ഹിയൊക്കെ കറങ്ങിയാണ് അമേരിക്കയില്‍ എത്തിയത്. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസ്. ന്യൂയോര്‍ക്കിലെ പേസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.ബി.എ. ആശുപത്രി, ആരോഗ്യ പരിപാലന മാനേജ്മെന്റില്‍ ഡിപ്ലോമ. ആരോഗ്യ രംഗത്തെ വിവിധ അന്താരാഷ്ട്ര സെമിനാറുകളില്‍ പങ്കാളിത്തം. ജീവകാരുണ്യ രംഗത്ത് മദര്‍ തെരേസക്കൊപ്പമുള്ള വര്‍ഷങ്ങളുടെ പ്രവര്‍ത്തനാനുഭവം.

നിസംഗതയെ ചോദ്യം ചെയ്ത്, പിടി വിടാതെ

ഇതെല്ലാമുള്ള ജോര്‍ജുകുട്ടിയുടെ നിശ്ചയദാര്‍ഢ്യത്തെ സഹായിക്കാന്‍ ബച്ചു കുര്യന്‍ തോമസ്, പോള്‍ ജേക്കബ്, പോഷന്‍ ഡി. അലക്സാണ്ടര്‍ തുടങ്ങിയ പ്രമുഖ അഭിഭാഷകര്‍ മുന്നോട്ടു വന്നു. അങ്ങനെ 2006ല്‍ റെയില്‍വേക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. കോടതി വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ റെയില്‍വേയെ ഇനിയും അനുവദിക്കരുതെന്ന ജോര്‍ജുകുട്ടിയുടെ പൊതുതാല്‍പര്യ ഹരജിയില്‍ പഴയ ന്യായവാദങ്ങള്‍ തന്നെ റെയില്‍വേ ആവര്‍ത്തിച്ചു. മാലിന്യം പുറന്തള്ളാത്ത വിധമുള്ള ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ശ്രദ്ധിക്കുന്നുണ്ട് എന്നായിരുന്നു എതിര്‍സത്യവാങ്മൂലത്തിന്റെ സാരാംശം. പരാതിക്കാരന്‍ തൃപ്തനായില്ല. അതിനൊടുവില്‍, 2007 ജനുവരി അഞ്ചിന് അന്നത്തെ ചീഫ് ജസ്റ്റിസ് വി.കെ ബാലി, ജസ്റ്റിസ് എം. രാമചന്ദ്രന്‍ എന്നിവര്‍ വിധിന്യായമെഴുതി. ''2005ലെ ഡിവിഷന്‍ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തില റെയില്‍വേ ഉചിതമായ നടപടിയൊന്നും തുടര്‍ന്നും സ്വീകരിക്കുന്നില്ലെന്നു കണ്ടാല്‍ പരാതിക്കാരന് ഭാവിയില്‍ ഉചിതമായ പരിഹാരം തേടി കോടതിയെ സമീപിക്കാം.''
റെയില്‍വേ തല്‍ക്കാലം തടിയൂരി. പക്ഷേ, ജോര്‍ജുകുട്ടി വിട്ടില്ല. 2011 സെപ്തംറില്‍ വീണ്ടും ഹൈക്കോടതിയിലേക്ക്. ഇക്കുറി പഴുതടച്ച പോക്കായിരുന്നു. റെയില്‍വേ മനുഷ്യരോട് ചെയ്യുന്ന ദ്രോഹം അക്കമിട്ടു നിരത്തി. ഹരജിയില്‍ പറഞ്ഞു: 2011ലെ കണക്കു പ്രകാരം റെയില്‍വേക്ക് 63,940 കിലോമീറ്റര്‍ പാളവും 39,936 കോച്ചുമുണ്ട്. 12,244 പ്രതിദിന ട്രെയിനുകളിലായി 60 ലക്ഷം യാത്രക്കാരെങ്കിലും സഞ്ചരിക്കുന്നുണ്ട്. ഒരു കോച്ചില്‍ നാലു ടോയ്ലറ്റുണ്ട്. പാളം നീളെ വിതറുന്ന മലം ഭയാനകമായ മാലിന്യമാണെന്ന് വൈദ്യശാസ്ത്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡയേറിയ, കോളറ, ടൈഫോയ്ഡ്, എലിപ്പനി, മഞ്ഞപ്പിത്തം, ഡങ്കിപ്പനി, അണുബാധ, വിര, നാടവിര എന്നിവയെല്ലാം മലത്തിലൂടെ പടരുന്നവയാണ്. ഈ വിഷയം നിസാരമായി അവഗണിക്കാന്‍ പാടില്ല. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തില്‍ കടന്നു കയറുന്നത് നിയമവിരുദ്ധമാണ്. ഭരണഘടന, പരിസ്ഥിതി സംരക്ഷണ നിയമം, ജല-വായു മലിനീകരണ നിയന്ത്രണ നിയമം, മാരക മാലിന്യ നിയന്ത്രണ ചട്ടം, ഇന്ത്യന്‍ ശിക്ഷ നിയമം, ക്രിമിനല്‍ നടപടിച്ചട്ടം എന്നിവയുടെ ലംഘനമാണ് യാത്രാ സൗകര്യത്തിന്റെ പേരു പറഞ്ഞ് റെയില്‍വേ നടത്തുന്നത്. മാലിന്യം ഇങ്ങനെ പുറന്തള്ളാന്‍ ഏതു നിയമമാണ് റെയില്‍വേയെ അനുവദിക്കുന്നത്? ഹരജിക്കാരന്റെ വാദത്തിനും ചോദ്യത്തിനും മുമ്പില്‍ റെയില്‍വേക്ക് ഉത്തരമില്ലായിരുന്നു.

റെയില്‍വേയെ ഡയപ്പര്‍ കെട്ടിച്ചു

ടോയ്ലറ്റ് മാലിന്യം പുറന്തള്ളുന്നത് പരിസ്ഥിതി മലിനീകരണമായി പ്രഖ്യാപിക്കണം, പാളത്തില്‍ തള്ളുന്നത് നിരോധിക്കണം, മാലിന്യം പാളത്തില്‍ തള്ളുന്ന വിധം കോച്ചുകള്‍ നിര്‍മിക്കുന്നത് നിരോധിക്കണം, നിലവിലുള്ള കോച്ചുകളില്‍ മാലിന്യം പുറത്തേക്ക് വിടാത്ത സാങ്കേതിക വിദ്യ ഘടിപ്പിക്കണം, അപകടമില്ലാത്ത മാലിന്യ നശീകരണത്തിന് നടപടി വേണം എന്നിവയായിരുന്നു റിട്ട് ഹരജിയിലെ ആവശ്യങ്ങള്‍. റെയില്‍വേയുടെ നിസംഗത ചോദ്യം ചെയ്യുന്ന വിധിന്യായമാണ് 2011 ഒക്ടോബര്‍ മൂന്നിന് ജസ്റ്റിസുമാരായ സി.എന്‍ രാമചന്ദ്രന്‍ നായര്‍, പി.എസ് ഗോപിനാഥന്‍ എന്നിവര്‍ പുറപ്പെടുവിച്ചത്. മാലിന്യം തള്ളുന്ന സാമൂഹിക പ്രശ്നത്തിന് റെയില്‍വേ അടിയന്തര പരിഹാരം കാണണമെന്നും മലിനീകരണത്തില്‍ നിന്ന് പരിസ്ഥിതി മന്ത്രാലയം ജനത്തെ രക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മലമൂത്ര വിസര്‍ജ്യം ട്രെയിനില്‍ വെച്ചുതന്നെ 'നിര്‍വീര്യ'മാക്കാനോ ട്രീറ്റ്മെന്റ് സെന്ററുകളില്‍ സംസ്‌കരിക്കാനോ നടപടി എടുക്കുക, വിസര്‍ജ്യം പുറന്തള്ളാത്ത സാങ്കേതിക വിദ്യ കോച്ചുകളില്‍ ഘടിപ്പിക്കുക എന്നീ നിര്‍ദേശങ്ങള്‍ ഹൈക്കോടതി മുന്നോട്ടുവെച്ചു. കോടതി ഉത്തരവ് കേന്ദ്രസര്‍ക്കാറിനെ അറിയിക്കാനും, അതിന്മേല്‍ സ്വീകരിച്ച നടപടി ഒരു മാസത്തിനകം കോടതിയെ ബോധിപ്പിക്കാനും അഡീഷണല്‍ സൊളിസിറ്റര്‍ ജനറലിനോട് കോടതി നിര്‍ദേശിച്ചു. ഇതോടെയാണ് ട്രെയിനുകളില്‍ ഇന്ന് കാണുന്ന ബയോടോയ്ലറ്റുകള്‍ ഘടിപ്പിക്കുന്ന പ്രവര്‍ത്തനം അതിവേഗത്തിലായത്.
അമേരിക്കന്‍ സന്ദര്‍ശനത്തിന് ഒരിക്കല്‍ മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാം എത്തിയപ്പോള്‍ ഡോ. ജോര്‍ജ് ജോസഫ് ചെന്നു കണ്ടു. അഭിനന്ദിച്ചു തോളത്തു തട്ടിയ കലാം, കക്കൂസ് മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ കൂടി റെയില്‍വേ നടപ്പാക്കേണ്ടതുണ്ടെന്ന് ഓര്‍മിപ്പിക്കാന്‍ മറന്നില്ല. ആ വാക്കുകള്‍ ചെവിയില്‍ ഇന്നും മുഴങ്ങുന്നുവെന്ന് ജോര്‍ജുകുട്ടി പറയും. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് തൃപ്തിയായിട്ടില്ല. മാലിന്യ സംസ്‌കരണം ശരിയായി നടത്തുന്നതിന്റെ പുതിയ സാങ്കേതിക വിദ്യകള്‍ റെയില്‍വേ എന്തുകൊണ്ട് പരീക്ഷിക്കുന്നില്ല എന്ന സംശയം ബാക്കി. അതിനു തയാറാകാത്ത റെയില്‍വേക്കെതിരെ എഴുപതാം വയസിലും, ഇനിയുമൊരങ്കത്തിന് ബാല്യമുണ്ട് എന്ന മട്ട്. ചില പോരാളികള്‍ അങ്ങനെയാണ്. പിടി വിടാതെ, അന്യായത്തോട് നിരന്തരം കലഹിച്ചു കൊണ്ടേയിരിക്കും.
Tags:    

Similar News