ബാങ്ക് അക്കൗണ്ടുകള്‍ക്ക് നാലു വരെ നോമിനികള്‍; നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍
കേന്ദ്ര സഹകരണ ബാങ്ക് ഡയറക്ടര്‍മാരുടെ കാലാവധി 10 വര്‍ഷമാക്കി
ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് നാലു വരെ നോമിനികളെ നിര്‍ദേശിക്കാന്‍ അധികാരം നല്‍കുന്നതടക്കം ബാങ്കിങ് മേഖലയില്‍ വിവിധ പരിഷ്‌കരണം ലക്ഷ്യമിടുന്ന ബാങ്കിങ് നിയമ ഭേദഗതി ബില്‍ -2024 പാര്‍ലമെന്റില്‍. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ പാസാക്കിയ ബില്‍ ധനമന്ത്രി നിര്‍മല സീതാരാമനാണ് വെള്ളിയാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
പ്രധാന വ്യവസ്ഥകള്‍ ഇവയാണ്:
♦ബാങ്ക് അക്കൗണ്ടിനും നിക്ഷേപ അക്കൗണ്ടിനും ലോക്കറുകള്‍ക്കും നോമിനികള്‍ നാലു പേര്‍ വരെയാകാം. ഇപ്പോള്‍ ഒരു നോമിനിയെ മാത്രമാണ് അനുവദിക്കുക. നോമിനികള്‍ക്ക് തുല്യമായോ, ക്രമാനുസരണമോ, നിര്‍ദേശിക്കുന്ന മറ്റു വ്യവസ്ഥയിലോ ഈ സ്വത്തില്‍ അവകാശം.
♦കേന്ദ്ര സഹകരണ ബാങ്കുകളില്‍ ചെയര്‍മാന്‍, മുഴുസമയ ഡയറക്ടര്‍മാര്‍ എന്നിവര്‍ ഒഴികെയുള്ള ഡയറക്ടര്‍മാരുടെ കാലാവധി എട്ടില്‍ നിന്ന് 10 വര്‍ഷമാക്കി.
♦കേന്ദ്ര സഹകരണ ബാങ്കിലെ ഒരു ഡയറക്ടര്‍ക്ക് ഇനി സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലും പ്രവര്‍ത്തിക്കാന്‍ അനുവാദം.
♦ഓഡിറ്റര്‍മാരുടെ വേതനം നിശ്ചയിക്കുന്നതിന് ബാങ്കുകള്‍ക്ക് കുടുതല്‍ അധികാരം.
♦ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ പറഞ്ഞിട്ടുള്ള 'ഗണ്യമായ താല്‍പര്യം' പുനര്‍നിര്‍വചിച്ച് വ്യക്തിയുടെ ഓഹരി കൈവശ പരിധി 1968ല്‍ നിശ്ചയിച്ച അഞ്ചു ലക്ഷം രൂപയില്‍ നിന്ന് രണ്ടു കോടി രൂപയാക്കി.
♦റിസര്‍വ് ബാങ്കിന് മറ്റു ബാങ്കുകള്‍ ചട്ടപ്രകാരമുള്ള റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കേണ്ട ദിവസം, ഓരോ ദ്വൈവാരത്തിലെയോ മാസത്തിലെയോ ത്രൈമാസത്തിലെയോ അവസാന ദിവസമെന്ന് നിശ്ചയിച്ചു.
♦അവകാശികളില്ലാത്ത ലാഭവിഹിതം, ഓഹരി, പലിശ, ബേ്ാണ്ട് വിഹിതം എന്നിവ ഇനി നിക്ഷേപ ബോധവല്‍ക്കരണ-സംരക്ഷണ നിധിയിലേക്ക് പോവും. ഈ നിധിയില്‍ നിന്ന് അര്‍ഹരായ വ്യക്തികള്‍ക്ക് റീഫണ്ട് ചോദിക്കാം.
ബാങ്കിങ് നിയന്ത്രണ നിയമം, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, ബാങ്കിങ് കമ്പനി ഏറ്റെടുക്കല്‍-കൈമാറ്റ നിയമം എന്നിവയില്‍ ഇതനുസരിച്ച് ഭേദഗതി നടത്തും.