ബിറ്റ്കോയിന്‍: നേട്ടവും റിസ്‌കും വലുത്

2023-24ല്‍ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയ ബിറ്റ്കോയിന്‍ അതേ രീതിയില്‍ തുടരുമോ? നിക്ഷേപകര്‍ എന്ത് ചെയ്യണം?

Update:2024-05-19 11:50 IST

Image: Canva

എല്ലാ നിക്ഷേപങ്ങള്‍ക്കും അതിന്റേതായ ഒരു റിസ്‌കുണ്ട്. ഒരു നിക്ഷേപം നടത്തുമ്പോള്‍ അതിന് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന റിട്ടേണ്‍ ലഭിക്കുമോയെന്നതും നിക്ഷേപ തുക നഷ്ടമാകാതെ കയ്യില്‍ തിരികെ വരുമോയെന്നതുമാണ് നിക്ഷേപത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച ഏറ്റവും കാതലായ കാര്യം. ബിറ്റ്കോയിന്റെ മാര്‍ക്കറ്റ്, സ്റ്റോക്ക് മാര്‍ക്കറ്റ് പോലെയല്ല.
ദിവസത്തില്‍ 24 മണിക്കൂറും ആഴ്ചയില്‍ഏഴ് ദിവസവും വര്‍ഷത്തില്‍ 365 ദിവസവും പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. കാരണം ഇത് പൂര്‍ണമായും ഓണ്‍ലൈനായാണ് പ്രവര്‍ത്തിക്കുന്നത്. ബിറ്റ്കോയിന്‍ വാങ്ങലും വില്‍ക്കലുമൊക്കെ നിയന്ത്രിക്കുന്നത് കംപ്യൂട്ടര്‍ പ്രോട്ടോക്കോള്‍ അനുസരിച്ചാണ്. മാന്വല്‍ ഓപ്പറേഷനോ മറ്റ് ഇടപെടലുകളോ ഒന്നും ബിറ്റ്കോയിന്‍ മാര്‍ക്കറ്റിനില്ല.
വിലയിലുള്ള വ്യതിയാനത്തോതാണ് സുരക്ഷിതത്വത്തെ കുറിച്ചുള്ള മറ്റൊരു അളവുകോല്‍. ബിറ്റ്‌കോയിന്‍ വിലയില്‍ ഒരു ദിവസമുണ്ടാകുന്ന വ്യതിയാനമെന്നത് വലിയ അളവിലുള്ളതാണ്. അതായത് ഒരു ദിവസം തന്നെ 10-20 ശതമാനം വില വ്യതിയാനം വന്നേക്കാം. ശരാശരി 5-6 ശതമാനമാണ് ബിറ്റ്കോയിന്റെ വില വ്യതിയാനം.
ബിറ്റ്കോയിന്‍ ഒരു കറന്‍സിയായാണ് കരുതപ്പെടുന്നതെങ്കിലും കറന്‍സി എന്ന നിലയില്‍ അതിന് പല പരിമിതികളുമുണ്ട്. കാരണം എല്ലാ സന്ദര്‍ഭങ്ങളിലും എല്ലാ രാജ്യങ്ങളും എല്ലാ ആളുകളും ഇത് കറന്‍സിയായി പരിഗണിക്കണമെന്നില്ല. ഇടപാടുകള്‍ നടത്തുന്ന ആളുകളാല്‍ മാത്രം അംഗീകരിക്കപ്പെട്ടിരിക്കുന്ന കറന്‍സി എന്ന നിലയില്‍ മാത്രമേ ഇതിനെ കാണാനാവൂ.
മറ്റ് കറന്‍സികളുടെ വിലവ്യതിയാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ബിറ്റ്കോയിന്‍ വിലയിലെ പ്രതിദിന വില വ്യതിയാനംവളരെ കൂടുതലാണ്. വില അനു നിമിഷം ചാഞ്ചാടുന്ന ആസ്തിയിലുള്ള നിക്ഷേപത്തില്‍ നിന്ന് വലിയ നേട്ടവും അതുപോലെ തന്നെ വലിയ നഷ്ടവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഡിമാന്റും സപ്ലൈയും
ഓഹരികള്‍, ബോണ്ടുകള്‍, ബിറ്റ്കോയിന്‍ പോലുള്ള ഡിജിറ്റല്‍ ആസ്തികള്‍ തുടങ്ങി വിപണി കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപ ആസ്തികളുടെ വിലയെ നിയന്ത്രിക്കുന്നത് ഡിമാന്റും സപ്ലൈയുമാണ്. ഓഹരി വിപണിയില്‍ ഓഹരികളുടെ ഡിമാന്റ് സൃഷ്ടിക്കുന്നത് ആരാണെന്ന് ചോദിച്ചാല്‍ അത് വിദേശ നിക്ഷേപക സ്ഥാപനങ്ങളും റീറ്റെയ്ല്‍ നിക്ഷേപകരും മറ്റ് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും ഒക്കെയാണ്.
ഡിമാന്റ് സൃഷ്ടിക്കപ്പെട്ട് വില കൂടുമ്പോള്‍ അത് വില്‍പ്പന നടത്തി ലാഭമെടുക്കാന്‍ ശ്രമിക്കുന്നവരും ഇവരൊക്കെ തന്നെ. ബിറ്റ്കോയിന്‍ വാങ്ങാന്‍ ആളുകള്‍ തിരക്കുകൂട്ടുമ്പോള്‍ സ്വാഭാവികമായും വില കൂടും. വില്‍ക്കാന്‍ ആളുകള്‍ കൂടുതല്‍ മുന്നോട്ട് വരുമ്പോള്‍ വില കുറയും.
ബിറ്റ്കോയിന്റെ കാര്യത്തിലും അതിന്റെവിലയെ സ്വാധീനിക്കുന്നഘടകം ഡിമാന്റും സപ്ലൈയും തന്നെയാണ്. മറ്റൊന്ന് ബിറ്റ്കോയിന്റെ വിലയില്‍ 2010 മുതല്‍ 2024 വരെയുള്ള കാലയളവില്‍ വലിയ കയറ്റങ്ങളും അതിലും വലിയ ഇറക്കങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇക്കാലയളവിലെ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (ഇഅഏഞ)ഏതാണ്ട് 100 ശതമാനത്തിന് മുകളിലാണ്.
ഒരു ഡോളറിന്റെ വളരെ ചെറിയൊരു അംശം കൊണ്ട് ഒരു ബിറ്റ്കോയിന്‍ വാങ്ങാന്‍പറ്റുമെന്ന അവസ്ഥയില്‍ നിന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 15ന് ഒരു ബിറ്റ്കോയിന്റെ വില 65,000 ഡോളര്‍ എന്ന തലത്തിലാണ് നില്‍ക്കുന്നത്. മറ്റ് കറന്‍സികളില്‍ നിക്ഷേപം നടത്തുന്നവരെ അപേക്ഷിച്ച് ബിറ്റ്കോയിനില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം കുറവാണ്.
വളരെ വലിയ റിസ്‌കെടുക്കാന്‍ മടിയില്ലാത്ത, ഭൗതികമായ രൂപമില്ലാത്ത ഡിജിറ്റല്‍ അസറ്റുകളില്‍ വിശ്വസിക്കുന്ന പുതുതലമുറ നിക്ഷേപകരാണ് ഇതില്‍ കൂടുതലും. ബിറ്റ്കോയിന്‍ വിപണി എല്ലാ നേരവുംപ്രവര്‍ത്തിക്കുന്നതിനാല്‍ ലിക്വിഡിറ്റിയുമുണ്ട്. ബിറ്റ്കോയിന്‍ വിപണിയുടെ മൊത്തം മൂല്യം വളരെ ഉയര്‍ന്ന തുകയാണ്. ഡിമാന്റ് - സപ്ലൈ, നേട്ട സാധ്യത, ലിക്വിഡിറ്റി തുടങ്ങിയ കാര്യങ്ങളാണ് ബിറ്റ്കോയിന്‍ വിലയെ സ്വാധീനിക്കുന്നത്.
നിക്ഷേപവും തട്ടിപ്പും
ബിറ്റ്കോയിന്‍ ഒരു ക്രിപ്റ്റോ കറന്‍സിയാണ്. അതായത് ഗൂഢകറന്‍സി. ഇതില്‍ നിക്ഷേപം നടത്തുന്നവരുടെ പ്രൊഫൈലും നിഗൂഢ അക്ഷരമാലകളിലുള്ളതാണ്. കേരളത്തിലെ നിക്ഷേപകരുടെ ശരിയായ എണ്ണമൊന്നും അതുകൊണ്ട് ലഭ്യവുമല്ല. കേരളത്തില്‍ ഗൗരവമായ നിക്ഷേപത്തേക്കാള്‍ കൂടുതല്‍ തട്ടിപ്പുമുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ നിക്ഷേപത്തിന് ഇരട്ടിയും രണ്ടിരട്ടിയും മൂന്നിരട്ടിയുമൊക്കെ വാഗ്ദാനംചെയ്യുന്ന ഇടനിലക്കാര്‍ വഴി ഗൂഢകറന്‍സികളില്‍ നിക്ഷേപത്തിന് മുതിരുന്നവര്‍ വലിയ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നുണ്ട്.
--------------------
ക്രിപ്റ്റോ ഇ.ടി.എഫ്
അമേരിക്കയില്‍ സെക്യൂരിറ്റി എക്സ്ചേഞ്ച് കമ്മിഷന്റെ അനുമതിയോടെ ക്രിപ്റ്റോ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് 2024 ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങി. പ്രധാനപ്പെട്ട ഒമ്പതോളം ക്രിപ്റ്റോ കറന്‍സികളുടെ വില ട്രാക്ക് ചെയ്ത ശേഷം അതിനെ ആധാരമാക്കിയാണ് ഈ ഫണ്ടിന്റെ വില നിര്‍ണയിക്കുന്നത്.
യു.കെയില്‍ 2021ല്‍ ക്രിപ്റ്റോ ഫ്യൂച്ചേഴ്സ് പോലുള്ള ഡെറിവേറ്റീവ് ഉല്‍പ്പന്നങ്ങളും വന്നിട്ടുണ്ട്. ഡിജിറ്റല്‍-സാമ്പത്തിക-നിക്ഷേപ രംഗത്തെ ഏറ്റവും വലിയ ഇന്നൊവേഷനാണ് ക്രിപ്റ്റോ കറന്‍സികള്‍. വരും നാളുകളില്‍ ഇതിനോടുള്ള സമീപനം ആഗോളതലത്തില്‍ മാറിവന്നേക്കാമെന്നതിന്റെ സൂചന കൂടിയാണ് ക്രിപ്റ്റോ ഇടിഎഫുകള്‍ നല്‍കുന്നത്.
നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത്
• ബിറ്റ്കോയിന് ഭൗതികമായ ആകാരമില്ല. അതൊരു ഡിജിറ്റല്‍ ആസ്തിയാണ്. ഡിജിറ്റലായി എഴുതപ്പെട്ട പ്രോട്ടോക്കോള്‍ അധിഷ്ഠിതമായാണ് അതിന്റെ പ്രവര്‍ത്തനം. ഇതിനെ നിയന്ത്രിക്കാന്‍ കേന്ദ്ര ബാങ്കുകളെപോലെ കേന്ദ്രീകൃതമായ ഏജന്‍സികളൊന്നുമില്ല. മാത്രമല്ല ദിവസേന വിലയില്‍ വലിയ ചാഞ്ചാട്ടവുമുണ്ടാകും. ഇതൊക്കെ അറിഞ്ഞു വേണം നിക്ഷേപിക്കാന്‍.
• വിഖ്യാത നിക്ഷേപകന്‍ വാറന്‍ ബഫറ്റ് ഓഹരിയില്‍ എത്ര തുക നിക്ഷേപിക്കാമെന്നതിന് ഒരു ചട്ടം പറയുന്നുണ്ട്. നഷ്ടമായാലും നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് കരുതുന്ന തുകയേ ഓഹരിയില്‍ നിക്ഷേപിക്കാവൂ എന്നാണത്. ബിറ്റ്കോയിന്റെ കാര്യത്തില്‍ ഞാന്‍ പറയുന്നത് നഷ്ടമായാലും നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന്
കരുതുന്ന തുകയുടെ പകുതിയില്‍ താഴെ മാത്രമെ ബിറ്റ്കോയിനില്‍ നിക്ഷേപിക്കാവൂ.
• കടം വാങ്ങി നിക്ഷേപിക്കരുത്. ബിറ്റ്കോയിനില്‍ എന്നല്ല വിപണിബന്ധിതമായ ഒരു ആസ്തിയിലും കടം വാങ്ങി നിക്ഷേപിക്കരുത്. നിങ്ങള്‍ നടത്തുന്ന ഏറ്റവും ചെറിയ നിക്ഷേപത്തില്‍ നിന്നുള്ള നേട്ടം പുനര്‍നിക്ഷേപിക്കുകയോ മറ്റോ ആകാം. അത്യാഗ്രഹത്തോടെ വലിയ തുക നിക്ഷേപിക്കരുത്.
• ബിറ്റ്കോയിന്‍ വിപണിയില്‍ ചാഞ്ചാട്ടം കുറഞ്ഞുവരികയും വിപണി കൂടുതല്‍ കാര്യക്ഷമമാവുകയും ചെയ്യുന്ന പ്രവണത ഉണ്ടാകാനിടയുണ്ട്. അങ്ങനെ വരുമ്പോള്‍ നിക്ഷേപകരുടെ വിവിധ ആസ്തികള്‍ ഉള്‍പ്പെടുന്ന ഒരു പോര്‍ട്ട്ഫോളിയോയില്‍ ബിറ്റ്കോയിന്‍ കൂടി ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ല.
• അതിവേഗം പണം ഇരട്ടിപ്പിച്ചു തരാമെന്ന് വാഗ്ദാനം ചെയ്ത് വിവിധ കോയിനുകളിലെ നിക്ഷേപ പദ്ധതികളുമായി സമീപിക്കുന്ന തട്ടിപ്പുകാരുടെ കെണിയില്‍ വീഴരുത്.
(കൊച്ചിന്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ പ്രൊഫസര്‍ ഓഫ് ഫൈനാന്‍സാണ് ലേഖകന്‍. കൂടാതെ ബി വോക്, എം വോക് കോഴ്സുകള്‍ നടത്തുന്ന ഡിഡിയു കൗശല്‍ കേന്ദ്രയുടെ ഡയറക്റ്റര്‍ കൂടിയാണ്)

Similar News