കൊൽക്കത്തയോട് ‘സലാം’ പറഞ്ഞ് ബ്രിട്ടാണിയ; അടി ബി.ജെ.പിയും തൃണമൂലും തമ്മിൽ
താരാതലയിലെ യൂണിറ്റ് അടച്ചു പൂട്ടാൻ കാരണം മമത സർക്കാറിന്റെ നയങ്ങളോ? കൊൽക്കത്തക്ക് നഷ്ടപ്പെടുന്നത് ബ്രിട്ടാണിയയുടെ വ്യവസായ സംസ്കാരം
പ്രമുഖ ബിസ്കറ്റ് നിർമാതാക്കളായ ബ്രിട്ടാണിയ കമ്പനി കൊൽക്കത്തയിലെ യൂണിറ്റ് അടച്ചു പൂട്ടി; അതിന്റെ പേരിൽ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസുമായി പൊരിഞ്ഞ അടി.
മമത ബാനർജി നയിക്കുന്ന സർക്കാറിന്റെ വ്യവസായ വിരുദ്ധ നയങ്ങളാണ് ബ്രിട്ടാണിയ പശ്ചിമ ബംഗാൾ വിടാൻ കാരണമെന്നാണ് ബി.ജെ.പിയുടെ കുറ്റപ്പെടുത്തൽ. സി.പി.എമ്മിന്റെ ഭരണകാലത്ത് യൂണിയൻ കളിച്ച് ബ്രിട്ടാണിയെയെ വലച്ചു. തൃണമൂൽ കോൺഗ്രസ് വന്നിട്ടുണ്ടോ മാറ്റം? അവർ ഫാക്ടറിക്ക് അവസാനത്തെ ആണിയും അടിച്ചു -ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയുടെ കുറ്റപ്പെടുത്തൽ അതാണ്.
എന്നാൽ ബ്രിട്ടാണിയ മാനേജ്മെന്റിലെ പ്രശ്നങ്ങളാണ് അടച്ചു പൂട്ടിലിന് കാരണമെന്ന് തൃണമൂൽ കോൺഗ്രസ് പറയുന്നു. സംസ്ഥാനത്തെ വ്യവസായ സാഹചര്യങ്ങളെ അതുമായി കൂട്ടിക്കുഴക്കുന്നതിൽ ബി.ജെ.പിക്ക് രാഷ്ട്രീയ താൽപര്യമുണ്ടെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ പക്ഷം. കൊൽക്കത്തയിൽ പുതിയ നിരവധി ബിസ്കറ്റ് ഫാക്ടറികൾ വരുന്നുണ്ട്. അതുകൊണ്ട് കൂടുതൽ പേർക്ക് തൊഴിൽ കിട്ടുകയും ചെയ്യുന്നു. ഒരു കമ്പനിയിലെ പ്രശ്നങ്ങൾ മൂലം കൊൽക്കത്തയിലെ യൂണിറ്റ് അടച്ചു പൂട്ടുന്നതിന് ഉത്തരം പറയേണ്ടത് ആ സ്ഥാപനമാണ്; ഭരിക്കുന്ന പാർട്ടിയല്ല -തൃണമൂൽ കോൺഗ്രസ് നേതാവ് കുണാൽ ഘോഷ് വിശദീകരിച്ചു.
കൊൽക്കത്തയിൽ നിന്ന് 12 കിലോമീറ്റർ അകലെ, താരാതലയിലുള്ള ബ്രിട്ടാണിയ യൂനിറ്റ് കഴിഞ്ഞ മേയിലാണ് ഉൽപാദനം നിർത്തിവെച്ചത്. അടച്ചു പൂട്ടുകയാണെന്ന് ഈയിടെ 400ഓളം വരുന്ന തൊഴിലാളികളെ അറിയിക്കുകയും ചെയ്തു. പ്രവർത്തനങ്ങൾ പുനഃക്രമീകരിച്ച് കാര്യക്ഷമത വർധിപ്പിക്കാനും ഉൽപാദനം കൂട്ടാനുമാണ് ഈ നടപടിയെന്നാണ് ഔദ്യോഗികമായ വിശദീകരണം. 10 വർഷത്തിൽ കൂടുതൽ പ്രവർത്തിച്ച ജീവനക്കാർക്ക് 22 ലക്ഷവും ഏഴു വർഷത്തിൽ താഴെയുള്ളവർക്ക് 18 ലക്ഷവും രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുമുണ്ട്. ബ്രിട്ടാണിയയുടെ ഇന്ത്യയിലെ തന്നെ രണ്ടാമത്തെ വലിയ പ്ലാൻാണ് താരാതലയിലേത്.
ബ്രിട്ടാണിയ ബിസ്കറ്റുകൾ പശ്ചിമ ബംഗാളിൽ തുടർന്നും വിൽക്കപ്പെടും. അതുകൊണ്ട് ബ്രിട്ടാണിയയുടെ രുചിമധുരം കൊൽക്കത്തക്ക് നഷ്ടപ്പെടില്ല. പക്ഷേ, നൂറുകണക്കിന് പേർക്ക് തൊഴിൽ നൽകി താരാതലയിൽ ഒരു വ്യാവസായിക സംസ്കാരം തന്നെയായി ഉയർന്നു നിന്ന ഫാക്ടറിക്ക് താഴു വീഴുന്നത് കൊൽക്കത്തക്കാർക്ക് നൽകുന്നത് നഷ്ടബോധം തന്നെ.
കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് സംഗമം കൊച്ചിയില്‍! വരൂ ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 29 ന് നടക്കുന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിലേക്ക്
ടാറ്റാ സ്റ്റീല്‍ ഗ്ലോബല്‍ സി.ഇ.ഒ ടി.വി നരേന്ദ്രന്‍ മുഖ്യാതിഥി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധന്‍ ആദിത്യ ബെര്‍ലിയയുടെ മാസ്റ്റര്‍ ക്ലാസ്. ആയിരത്തിലധികം പ്രമുഖ ബിസിനസുകാര്‍ പങ്കെടുക്കുന്നു. രജിസ്റ്റര്‍ ചെയ്യാന്‍ സന്ദര്‍ശിക്കു: dhanambusinesssummit.com | 9072570055