യു.കെ ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് ഇന്ത്യന്‍ ഡോക്ടര്‍മാരും നഴ്സുമാരും ഇനി നല്‍കേണ്ട

Update: 2020-05-23 09:10 GMT

യു.കെയില്‍ ജോലി ചെയ്യുന്നതിനുള്ള വിസ കരസ്ഥമാക്കാന്‍ നല്‍കേണ്ടിയിരുന്ന  ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് ഇനി മുതല്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, കെയര്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ നല്‍കേണ്ടിവരില്ല. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അകത്തും പുറത്തും നിന്നുമുള്ള കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സര്‍ചാര്‍ജ് റദ്ദാക്കി.

യു.കെ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ നിലവില്‍ ഒരാള്‍ക്ക് 400 പൗണ്ട് ആണ് സര്‍ചാര്‍ജ് ആയി നല്‍കേണ്ടത്. ദേശീയ ആരോഗ്യ സേവന പദ്ധതി  (എന്‍എച്ച്എസ്) പ്രകാരം ചികിത്സ ആവശ്യമായാല്‍ ലഭ്യമാക്കുന്നതിനുള്ള തുകയാണിത്. ഒക്ടോബര്‍ മുതല്‍ ഇത് പ്രതിവര്‍ഷം 624 പൗണ്ട് വരെ ഉയരും.

കുടിയേറ്റ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ ആരോഗ്യ സംരക്ഷണ മേഖലകളില്‍ പ്രവര്‍ത്തിച്ചുവന്ന നിരവധി പേര്‍ കോവിഡിനു കീഴടങ്ങിയിരുന്നു. എന്‍എച്ച്എസിന് കുടിയേറ്റക്കാരുടെ സഹായമില്ലാതെ കൊറോണ വൈറസ് വ്യാപനം നേരിടാന്‍ കഴിയില്ലെന്ന പ്രചാരണം ഇതോടെ കൂടുതല്‍ ശക്തമായി. യുകെ ഇതര നഴ്സുമാരുടെ നിര്‍ണായക പിന്തുണയോടെയാണ് ജോണ്‍സണ്‍ വൈറസില്‍ നിന്ന് കരകയറിയത്.നാലു വര്‍ഷത്തിനിടെ 900 ദശലക്ഷം പൗണ്ട്  കണക്കാക്കപ്പെടുന്ന ഫണ്ടില്‍ നിന്നുള്ള വരുമാനം എന്‍എച്ച്എസിന് അനിവാര്യമാണെന്ന വാദവുമായി, ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് റദ്ദാക്കണമെന്ന ആവശ്യം ആദ്യം നിരാകരിച്ചിരുന്നു പ്രധാനമന്ത്രി.

കൊറോണ വൈറസ് ബാധയെത്തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ ബ്രിട്ടനിലെ കുടിയേറ്റ നിയമത്തില്‍ വലിയ തോതിലുള്ള ഇളവുകള്‍ ഈയിടെ വരുത്തിയിരുന്നു. സ്റ്റുഡന്റ് വിസയില്‍ രാജ്യത്തെത്തിയവര്‍ക്ക് ജോലി ചെയ്യുന്നതിന് അനുവദിച്ചിരുന്ന സമയ പരിധി എടുത്തു കളഞ്ഞതാണ് വിദേശ വിദ്യാര്‍ഥികളെ സംബന്ധിച്ച് ഏറ്റവും ഗുണപരമായ മാറ്റം.

പുതിയതായി ജോലിക്കു ചേര്‍ന്ന നഴ്സുമാര്‍ക്ക് ഒ എസ് സി ഇ പരീക്ഷയെഴുതാന്‍ ഡിസംബര്‍ 31 വരെ സാവകാശവും നല്‍കി. ടയര്‍-2 വിസയില്‍ വന്നവര്‍ക്ക് എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളും എടുത്തു കളഞ്ഞിട്ടുണ്ട്.ഏത് ഇനത്തില്‍പ്പെട്ട വിസയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ഡിസംബര്‍ വരെ നീട്ടാന്‍ നേരത്തെ തന്നെ തീരുമാനമായിരുന്നു. ഹ്രസ്വകാല വിസയുള്ളവര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News