ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മാര്‍ച്ച് 14, 2022
ഫെബ്രുവരിയില്‍ റീറ്റെയ്ല്‍ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു. നഗര പ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി എന്‍എസ്ഒ സര്‍വേ. പേടിഎം ആര്‍ബിഐ നിരോധനം ചൈനീസ് കമ്പനിയുമായി ഡാറ്റ പങ്കിട്ടതിനെത്തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. നേട്ടം തുടര്‍ന്ന് ഓഹരി സൂചികകള്‍. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
ഫെബ്രുവരിയില്‍ റീറ്റെയ്ല്‍ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു
ഉപഭോക്തൃ വില സൂചിക (സിപിഐ) അനുസരിച്ച് 2022 ഫെബ്രുവരിയില്‍ ഇന്ത്യയിലെ റീറ്റെയ്ല്‍ പണപ്പെരുപ്പ നിരക്ക് 6.07% ആയി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (NSO) വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, രാജ്യത്തെ റീറ്റെയ്ല്‍ പണപ്പെരുപ്പ നിരക്ക് വീണ്ടും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) ഉയര്‍ന്ന പരിധി ലംഘിച്ചു. 2021 ജൂണിന് ശേഷം ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.
പേടിഎം പേമെന്റ് ബാങ്ക് നിരോധനം; ചൈനീസ് കമ്പനിയുമായി ഡാറ്റ പങ്കിട്ടതിനെത്തുടര്‍ന്ന്
ഇന്ത്യയുടെ നിയമങ്ങള്‍ ലംഘിച്ച് വിദേശ സെര്‍വറുകളിലേക്ക് ഡാറ്റ പങ്കുവച്ചതിനാലും കെവൈസി നിയമങ്ങള്‍ ലംഘിച്ചതിനാലുമാണ് പേടിഎമ്മിന് നിരോധനമുണ്ടായതെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 11 നാണ് പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് വിലക്കി പേടിഎം പേയ്മെന്റ് ബാങ്കിന് ആര്‍ബിഐ നടപടിയുണ്ടായത്. പേടിഎം പേയ്മെന്റ് ബാങ്കില്‍ പരോക്ഷമായി ഓഹരി പങ്കാളിത്തമുള്ള ചൈന ആസ്ഥാനമായുള്ള സ്ഥാപനങ്ങളുമായി കമ്പനിയുടെ സെര്‍വറുകള്‍ വിവരങ്ങള്‍ പങ്കിട്ടതായി ആര്‍ബിഐ വാര്‍ഷിക പരിശോധനയില്‍ കണ്ടെത്തിയതായും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
നഗര പ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി എന്‍എസ്ഒ സര്‍വേ
2021 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് മുന്‍വര്‍ഷത്തെ ഇതേ മാസത്തെ 20.8 ശതമാനത്തില്‍ നിന്ന് 12.6 ശതമാനമായി കുറഞ്ഞതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (NSO) പീരിയോഡിക് ലേബര്‍ സര്‍വേ വ്യക്തമാക്കുന്നു. .
15 വയസും അതിനുമുകളിലും പ്രായമുള്ളവരുടെയും ഇടയിലുള്ളവരിലെ സര്‍വെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ തൊഴിലില്ലായ്മ ഉയര്‍ന്നതിന് പിന്നിലെ പ്രധാന കാരണം രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതാണെന്നാണ് കരുതുന്നത്.
ബാങ്ക് തട്ടിപ്പുകള്‍ കുറഞ്ഞതായി കേന്ദ്ര ധനകാര്യ സഹമന്ത്രി
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ബാങ്ക് തട്ടിപ്പുകള്‍ 2021-22 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ 648 കോടി രൂപയായി കുറഞ്ഞതായി ധനകാര്യ സഹമന്ത്രി പാര്‍ലമെന്റിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു. 2016-17 ല്‍ ബാങ്ക് തട്ടിപ്പുകള്‍ 61,229 കോടി രൂപയായിരുന്നെങ്കില്‍ 2020-21ല്‍ 11,583 കോടി രൂപയായും പിന്നീട് 2021-22 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 648 കോടി രൂപയായും കുറഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു
കേരളത്തില്‍ ഇന്ന് സ്വര്‍ണവില (Gold Rate Kerala) ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില 4810 രൂപയാണ്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 38480 രൂപയാണ് വില. 18 കാരറ്റ് വിഭാഗത്തിലും ഇന്ന് വിലകുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 3975 രൂപയാണ്.
നിക്ഷേപകര്‍ പ്രതീക്ഷയില്‍; നേട്ടം തുടര്‍ന്ന് ഓഹരി സൂചികകള്‍
ഏഷ്യന്‍ വിപണികള്‍ ദുര്‍ബല മുന്നേറ്റത്തിലായിരുന്നിട്ടും ആഭ്യന്തര മൊത്തവിലക്കയറ്റം പരിധി കടന്നിട്ടും ഇന്ത്യന്‍ ഓഹരി വിപണി അതിനെ ഗൗനിക്കാതെ തുടര്‍ച്ചയായി അഞ്ചാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. റഷ്യ - യുക്രെയ്ന്‍ ചര്‍ച്ചകളില്‍ നിക്ഷേപ സമൂഹത്തിന് പ്രതീക്ഷയുള്ളതുപോലെയായിരുന്നു വിപണിയുടെ പ്രതികരണം. സെന്‍സെക്സ് 936 പോയ്ന്റ്, 1.68 ശതമാനം ഉയര്‍ന്ന് 56,486 ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 241 പോയ്ന്റ്, 1.45 ശതമാനം ഉയര്‍ന്ന് 16,871ലും ക്ലോസ് ചെയ്തു.
ഇന്‍ഫോസിസ് ഓഹരി വില നാല് ശതമാനം ഉയര്‍ന്നപ്പോള്‍ എച്ച് ഡി എഫ് സി, ആക്സിസ് ബാങ്ക്, എസ് ബി ഐ തുടങ്ങിയ വമ്പന്മാരുടെ ഓഹരി വിലകള്‍ മൂന്നരശതമാനത്തോളം കൂടി. വിശാല വിപണിയില്‍ പക്ഷേ മുഖ്യ വിപണിയിലെ അത്ര ആവേശം പ്രകടമായിരുന്നില്ല. മിഡ്കാപ് സൂചിക 0.02 ശതമാനവും സ്മോള്‍കാപ് സൂചിക 0.3 ശതമാനവും മാത്രമാണ് ഉയര്‍ന്നത്. ചീഫ് എക്സിക്യുട്ടീവ് രാജിവെച്ചതിനെ തുടര്‍ന്ന് ജൂബിലന്റ് ഫുഡ് വര്‍ക്ക്സിന്റെ ഓഹരി വില ഇന്ന് 14.6 ശതമാനം താഴ്ന്ന് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. പുതിയ ഉപഭോക്താക്കളെ കൂട്ടുചേര്‍ക്കുന്നതില്‍ റിസര്‍വ് ബാങ്ക് വിലക്കേര്‍പ്പെടുത്തിയതിനാല്‍ പേ ടിഎമ്മിന്റെ മാതൃകമ്പനി വണ്‍97 കമ്യൂണിക്കേഷന്‍സിന്റെ ഓഹരി വില 14.5 ശതമാനം ഇടിഞ്ഞു.
കേരള കമ്പനിയുടെ പ്രകടനം
ഒരു ഡസന്‍ കേരള കമ്പനികളുടെ ഓഹരി വിലകള്‍ ഇന്ന് ഉയര്‍ന്നു. എവിറ്റ് നാച്വറലിന്റെ വില 11.25 ശതമാനത്തോളം ഉയര്‍ന്നു. കേരള ആയുര്‍വേദയുടെ ഓഹരി വില 5.95 ശതമാനമാണ് കൂടിയത്. വണ്ടര്‍ല ഓഹരി വില രണ്ട് ശതമാനത്തിലേറെ കൂടി. ഫാക്ട് ഓഹരി വില നാല് ശതമാനത്തിലേറെ വര്‍ധിച്ചു.