പാലക്കാട് ₹3,806 കോടിയുടെ വ്യവസായ സ്മാര്‍ട്ട് സിറ്റിക്ക് കേന്ദ്ര അനുമതി

10 ലക്ഷം പേര്‍ക്ക് നേരിട്ടും 30 ലക്ഷം പേര്‍ക്ക് അല്ലാതെയും തൊഴില്‍ ലഭിക്കും

Update:2024-08-28 16:14 IST
കേരളത്തില്‍ പാലക്കാട് ഉള്‍പ്പെടെ 12 വ്യവസായ സ്മാർട്ട് സിറ്റികള്‍ തുടങ്ങാനുള്ള 28,602 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ദേശീയ വ്യവസായിക ഇടനാഴി പദ്ധതിയുടെ കീഴിലാണ് 12 ഇന്‍ഡ്രസ്ട്രിയല്‍ പാര്‍ക്കുകള്‍ അനുവദിച്ചിരിക്കുന്നത്. 6 ഇടനാഴികളില്‍ കൂടി പരസ്പരം ബന്ധിപ്പിച്ചാണ് 10 സംസ്ഥാനങ്ങളില്‍ ഈ പാര്‍ക്കുകള്‍ വരിക. 1,52,757 കോടി രൂപയുടെ നിക്ഷേപമാണ് ഇതില്‍ പ്രതീക്ഷിക്കുന്നത്. പാലക്കാട് വ്യവസായ പാര്‍ക്കിന് കേന്ദ്രമന്ത്രി സഭ അനുമതി നല്‍കുമെന്ന് കഴിഞ്ഞ ദിവസം ധനം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
.
28,602 കോടി രൂപ ഈ പാര്‍ക്കുകള്‍ക്കായി ചെലവിടുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. പാലക്കാട്, ഉത്തരാഖണ്ഡിലെ ഖുര്‍പിയ, പഞ്ചാബിലെ രജ്പുര-പട്യാല, മഹാരാഷ്ട്രയിലെ ദിഗ്ഗി, യു.പിയിലെ ആഗ്ര, പ്രയാഗ്‌രാജ്, ബിഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാദ്, ആന്ധ്രാപ്രദേശിലെ ഒര്‍വക്കല്‍, കൊപ്പരത്തി, രാജസ്ഥാനിലെ ജോധ്പൂര്‍-പാലി എന്നിവിടങ്ങളിലാണ് പാര്‍ക്കുകള്‍ വരുന്നത്. ഇതിലൂടെ നേരിട്ടുള്ള 10 ലക്ഷം തൊഴിലവസരങ്ങളും 30 ലക്ഷം മറ്റ് തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ കഴിയും.
വ്യവസായങ്ങള്‍ക്ക് നേട്ടമാകും
*വികസിത ഭാരതമെന്ന സ്വപ്‌നത്തിന്റെ ഭാഗമാണ് പദ്ധതി
*28,602 കോടി രൂപയുടെ 12 പദ്ധതികള്‍ ഇന്ത്യയുടെ വ്യാവസായിക പരിസ്ഥിതിയില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കും
*1.5 ലക്ഷം കോടിയുടെ നിക്ഷേപം
*10 ലക്ഷം പേര്‍ക്ക് നേരിട്ടും 30 ലക്ഷം പേര്‍ക്ക് അല്ലാതെയും തൊഴില്‍
*പി.എം ഗതിശക്തി തത്വത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണം
*പ്ലഗ് ആന്‍ഡ് പ്ലേ രീതിയില്‍ നിര്‍മിക്കുന്ന പാര്‍ക്കുകളില്‍ ബിസിനസുകള്‍ എളുപ്പത്തില്‍ തുടങ്ങാം
*വിദേശ നിക്ഷേപം, പ്രാദേശിക ഉത്പാദനം, തൊഴിലവസരം എന്നിവ വര്‍ധിപ്പിക്കുന്നത് ലക്ഷ്യം
*റസിഡന്‍ഷ്യല്‍, കൊമേഷ്യല്‍ പ്രോജക്ടുകള്‍ ഒരുമിച്ച് വരുന്ന വ്യവസായ നഗരമെന്ന സങ്കല്‍പ്പമാണ് സര്‍ക്കാരിന്റെ മനസിലുള്ളത്.
Tags:    

Similar News