കാര്‍ബണ്‍ ന്യൂട്രാലിറ്റി: കേരളത്തിന്റെ പദ്ധതികളില്‍ താല്‍പര്യമറിച്ച് ലോകബാങ്ക്

വിവിധ വികസന, നയ പരിപാടികള്‍ ലോകബാങ്ക് ഉന്നതതല സംഘം അവലോകനം ചെയ്തു

Update:2023-05-13 15:31 IST

image:canva

2050 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുന്നതിന് വേണ്ടി കേരളം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളില്‍ താല്‍പര്യമറിച്ച് ലോകബാങ്ക്. ലോക ബാങ്ക് സൗത്ത് ഏഷ്യന്‍ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയ്‌സര്‍, ഇന്ത്യ ഡയറക്ടര്‍ അഗസ്റ്റി റ്റാനോ കൊയ്‌മെ എന്നിവര്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിന്റെ പദ്ധതികളില്‍ ലോകബാങ്ക് സഹകരണ സന്നദ്ധത അറിയിച്ചത്.

ആറ് പദ്ധതികള്‍

കൊച്ചിയിലും വിഴിഞ്ഞത്തും ഗ്രീന്‍ ഹൈഡ്രജന്‍ വാലികള്‍ സ്ഥാപിക്കല്‍, കൊച്ചിയില്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദന-ഉപഭോഗ-കയറ്റുമതി കേന്ദ്രം സ്ഥാപിക്കല്‍ എന്നിവ ഇതിലുണ്ടാകും. ലിഥിയം ടൈറ്റനേറ്റ് ഓക്‌സൈഡ്, ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് എന്നിവ അടിസ്ഥാനമാക്കിയുള്ള ബാറ്ററി, ഫ്ലോട്ടിംഗ് സോളാര്‍ പവര്‍ പ്ലാന്റുകളിലൂടെ വൈദ്യുതി ഉല്‍പ്പാദനം, ഇലക്ട്രിക് ഡ്രൈവ്, ബി.എം.എസ് സിസ്റ്റം, ഗ്രാഫീന്‍ പാര്‍ക്ക് എന്നിവ വികസിപ്പിക്കുന്നതിനുള്ള ഇലക്ട്രിക് വാഹന പാര്‍ക്ക്, ഇലക്ട്രിക്, ഫ്യുവല്‍ സെല്‍ അധിഷ്ഠിത വാഹനങ്ങളിലൂടെ ഇ-മൊബിലിറ്റി സ്വീകരിക്കുന്നത് തുടങ്ങി ആറ് പദ്ധതികളിലാണ് ലോകബാങ്ക് താല്‍പര്യമറിച്ചിരിക്കുന്നത്. ഈ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് സാധ്യതകള്‍ പരിശോധിക്കുമെന്നും ലോകബാങ്ക് പ്രതിനിധികള്‍ അറിയിച്ചു.

ഉന്നതതല സംഘം വിലയിരുത്തി

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കി വരുന്ന വിവിധ വികസന, നയ പരിപാടികള്‍ ലോകബാങ്ക് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അവലോകനം ചെയ്തു. ഇതിന്റെ ഭാഗമായുളള മുഖ്യ പദ്ധതികളില്‍ ഒന്നായ എ.സി (ആലപ്പുഴ- ചങ്ങനാശ്ശേരി) റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ ലോകബാങ്ക് സംഘം വിലയിരുത്തി. തുടന്ന് എ.സി റോഡ് നിര്‍മാണ പ്രവൃത്തികള്‍ സംഘം നേരിട്ടു കണ്ടു. ചങ്ങനാശ്ശേരി പെരുന്നയിലെ പദ്ധതി യാര്‍ഡും ലേബര്‍ ക്യാമ്പും സംഘം സന്ദര്‍ശിച്ചു.

Tags:    

Similar News