വി ജി സിദ്ധാര്‍ത്ഥയെ കാണാനില്ല; കഫേ കോഫി ഡേ ഓഹരി വില ഇടിഞ്ഞു

Update: 2019-07-30 05:29 GMT

കഫേ കോഫി ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥയെ കാണാനില്ലെന്ന വാര്‍ത്ത പരന്നതോടെ കമ്പനിയുടെ ഓഹരികളില്‍ ഇടിവ്. സ്റ്റാര്‍ബക്സിന്റെ ഇന്ത്യന്‍ എതിരാളികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന കഫേ കോഫി ഡേ എന്റര്‍ പ്രൈസസിന്റെ ഓഹരി വില 20 ശതമാനം ഇടിഞ്ഞ് 153.40 രൂപയിലെത്തി. ഇതുവരെയുള്ള ഓഹരിയുടെ ഏറ്റവും താഴ്ന്ന വിലയാണിത്.

കഫേ കോഫി ഡേ എന്റര്‍പ്രൈസസില്‍ സിദ്ധാര്‍ത്ഥയ്ക്ക് 32.75 ശതമാനം ഓഹരികളാണുള്ളതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു. നിരവധി ബിസിനസുകളുള്ള ഗ്രൂപ്പിന്റെ പ്രധാന ബിസിനസാണ് കഫേ കോഫി ഡേ. 1500 ഓളം കഫേകളാണ് രാജ്യത്തെമ്പാടുമായി സ്ഥാപനത്തിനുള്ളത്. ഇന്നലെ മംഗലാപുരത്തിനടുത്തുള്ള നേത്രാവതി ഡാം സൈറ്റിനരികില്‍ വെച്ചാണ് വി ജി സിദ്ധാര്‍ത്ഥയെ കാണാതായത്.

കൊടേക്കറിന് സമീപത്തുള്ള പാലത്തില്‍ നിന്നും ഫോണ്‍ വിളിച്ചുകൊണ്ട് താഴേക്കിറങ്ങിയ സിദ്ധാര്‍ത്ഥ് പിന്നീട് തിരിച്ചു വന്നില്ല എന്നാണ് ഡ്രൈവര്‍ പറയുന്നത്. ഒരു മണിക്കൂറോളമായിട്ടും സിദ്ധാര്‍ത്ഥയെ കാണാത്തതിനാല്‍ ഡ്രൈവര്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഡ്രൈവര്‍ ഇക്കാര്യം സിദ്ധാര്‍ത്ഥയുടെ കുടുംബത്തെയും പോലിസിനേയും അറിയിച്ചത്. ചിക്കമംഗളൂരിലെ കാപ്പി കൃഷി ചെയ്യുന്ന കുടുംബത്തിലെ അഗംമാണ് സിദ്ധാര്‍ത്ഥ. 1993 ലാണ് കഫേ കോഫി ഡേ സ്ഥാപിച്ചത്. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മൈന്‍ഡ് ട്രീയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ്.

Similar News