നിര്‍മല സീതാരാമന്റെ ₹25,000 കോടിയുടെ പദ്ധതിയില്‍ കേരളവും, ഈ ജില്ലയില്‍ ഉയരും അവസരങ്ങളുടെ മെഗാ സിറ്റി
പെട്ടെന്ന് ബിസിനസ് തുടങ്ങാന്‍ പാകത്തില്‍ പ്ലഗ് ആന്‍ഡ് പ്ലേ രീതിയിലാണ് പാര്‍ക്കുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്
കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ വ്യാവസായിക പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള 25,000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ ഉടന്‍ അംഗീകാരം നല്‍കുമെന്ന് റിപ്പോര്‍ട്ട്. ഈ പാര്‍ക്കുകളിലൂടെ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ പാലക്കാട് ജില്ലയിലാണ് സംസ്ഥാന സര്‍ക്കാര്‍ വ്യാവസായിക നഗരത്തിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാര്‍ക്കല്ല, ഉയരും വ്യവസായ നഗരം
വിദേശ നിക്ഷേപം, പ്രാദേശിക ഉത്പാദനം, തൊഴിലവസരം എന്നിവ വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്. റസിഡന്‍ഷ്യല്‍, കൊമേഷ്യല്‍ പ്രോജക്ടുകള്‍ ഒരുമിച്ച് വരുന്ന വ്യവസായ നഗരമെന്ന സങ്കല്‍പ്പമാണ് സര്‍ക്കാരിന്റെ മനസിലുള്ളത്. കഴിഞ്ഞ ബജറ്റിലാണ് ദേശീയ വ്യവസായിക ഇടനാഴി പദ്ധതിയുടെ കീഴില്‍ 12 ഇന്‍ഡ്രസ്ട്രിയല്‍ പാര്‍ക്കുകള്‍ അനുവദിക്കുമെന്ന കാര്യം കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ വെളിപ്പെടുത്തിയത്. സംസ്ഥാനങ്ങളുടെയും സ്വകാര്യ നിക്ഷേപകരുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിന് പുറമെ തെലങ്കാന, ബീഹാര്‍, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പാര്‍ക്കുകള്‍ വരുന്നത്.
വ്യവസായ സൗഹൃദ മോഡല്‍
ഗ്രേറ്റര്‍ നോയിഡയിലെ സംയോജിത വ്യവസായിക ടൗണ്‍ഷിപ്പ്, ഉത്തര്‍പ്രദേശിലെ പ്രത്യേക നിക്ഷേപ മേഖല, ഗുജറാത്തിലെ ധോലേര തുടങ്ങിയവയുടെ മാതൃകയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ടെക്‌സ്റ്റൈല്‍സ്, ഇലക്ട്രിക് വാഹനം, ഭക്ഷ്യസംരക്ഷണം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെ വ്യവസായങ്ങളാകും ഇവിടെ ആരംഭിക്കുക. മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. പദ്ധതിയ്ക്ക് അനാവശ്യമായ തടസങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടാകും. ആവശ്യമായ എല്ലാ അനുമതികളും വേഗത്തില്‍ ലഭ്യമാക്കും.
നിക്ഷേപങ്ങള്‍ പുറത്തുനിന്ന് വരും
തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പാലക്കാട് ജില്ലയില്‍ വ്യാവസായിക പാര്‍ക്ക് തുടങ്ങുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ കൂടി ലക്ഷ്യമിട്ടാണ്. വ്യവസായ നഗരമായ കോയമ്പത്തൂരില്‍ നിന്നും കിലോമീറ്ററുകള്‍ മാത്രം സഞ്ചരിച്ചാല്‍ ഇവിടേക്ക് എത്താമെന്നത് സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. പ്ലഗ് ആന്‍ഡ് പ്ലേ രീതിയില്‍ നിര്‍മിക്കുന്ന പാര്‍ക്കുകളില്‍ വ്യവസായങ്ങള്‍ തുടങ്ങാന്‍ വേണ്ട സൗകര്യങ്ങളെല്ലാം നേരത്തെ തയ്യാറാക്കിയിട്ടുണ്ടാകും. ഇത് സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളതടക്കം കൂടുതല്‍ നിക്ഷേപകരെ ഇവിടേക്ക് ആകര്‍ഷിക്കും. അധിക നിക്ഷേപങ്ങളെത്തുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ഇത് സാമ്പത്തിക രംഗത്തിന് മൊത്തത്തില്‍ ഉണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.