ശബരി പാതയുടെ ഗതി! കേന്ദ്രവും സംസ്ഥാനവും രണ്ടു വഴി; ആരു വഴി കാട്ടും?
ചെങ്ങന്നൂർ – പമ്പ പാതയുമായി കേന്ദ്രം ; മുൻഗണന ശബരി പാതക്കാണെന്ന് കേരളം
അടുത്ത ശബരിമല സീസൺ അടുത്തു വരുന്നു. പമ്പയിലേക്ക് ഒരു റെയിൽപാത സ്വപ്നം മാത്രമായി തുടരുകയാണ്. പാത ഏതു വഴി വേണമെന്ന കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും തർക്കിക്കുകയാണ്. ഇതിനിടയിൽ പമ്പയിൽ ട്രെയിനിന്റെ ചൂളം വിളി കേൾക്കാൻ കാലം എത്രയെടുക്കുമെന്ന ചോദ്യം ബാക്കി.
പ്രഥമ പരിഗണന അങ്കമാലി-എരുമേലി ശബരി റെയിൽപ്പാതക്കാണെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. ലക്ഷക്കണക്കിന് ജനങ്ങൾക്കും നിരവധി പ്രദേശങ്ങൾക്കും ഈ റൂട്ട് സൗകര്യപ്രദമാകുമെന്ന് കേരള സർക്കാർ വാദിക്കുന്നു. 1997-98ൽ അംഗീകാരം നേടിയ പദ്ധതിക്ക് അങ്കമാലി മുതൽ രാമപുരംവരെ 70 കിലോമീറ്റർദൂരത്തിൽ ഭൂമി ഏറ്റെടുത്തതാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
ചെങ്ങന്നൂർ -പമ്പ പാതയുടെ നിർമാണത്തിന് ആവശ്യമായ തുകയുടെ പകുതി വഹിക്കണമെന്ന കത്ത് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിക്ക് റെയിൽവേ ചീഫ്‌അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ നൽകിരുന്നു. ആദ്യപരിഗണന അങ്കമാലി-എരുമേലി പാതയ്‌ക്കാണെന്ന് സർക്കാർ വ്യക്തമാക്കിയത് ഈ സാഹചര്യത്തിലാണ്.
ശബരി പാതയ്‌ക്കായി കല്ലിട്ട ഭൂമി ഏറ്റെടുക്കാത്തതിൽ നിരവധി കർഷകരും ഭൂഉടമകളും പ്രയാസത്തിലാണ്. ഭൂമി കൈമാറ്റം ചെയ്യാനോ, മറ്റേതെങ്കിലും കാര്യങ്ങൾക്കോ പ്രയോജനപ്പെടുത്താനോ കഴിയുന്നില്ല. ഇടുക്കിയിലേക്കുള്ള യാത്രാപ്രശ്‌നം പരിഹരിക്കാനും വിനോദസഞ്ചാര വികസനത്തിനും ഉതകുന്നതാണ് ഈ പാത.
കണക്കും കാര്യവും
ആന്ധ്ര, തെലങ്കാന, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള 70 ശതമാനം ശബരിമല തീർഥാടകരും ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. അവർക്ക് അങ്കമാലി-എരുമേലി പാതയാണെങ്കിൽ 145 കിലോമീറ്റർ സഞ്ചരിച്ചാൽ പമ്പയിൽ എത്താം. കോട്ടയം-ചെങ്ങന്നൂർ- പമ്പ വഴി എത്താൻ 201 കി.മീറ്റർ സഞ്ചരിക്കണം.
അങ്കമാലി-എരുമേലി ശബരി പാതയുടെ ഡിപിആർ പ്രകാരം നിർമാണചെലവ് 3810 കോടി രൂപയാണ്. ദൂരം 111 കിലോമീറ്റർ. ഏഴു കിലോമീറ്റർ പാത നിർമിച്ചു. 264കോടി ചെലവഴിച്ചു. 2019ൽ നിർമാണം റെയിൽവേ നിർത്തിവച്ചു.
ചെങ്ങന്നൂർ - പമ്പ പാതക്ക് വിശദ പദ്ധതി റിപ്പോർട്ട് പ്രകാരം 6408.29 കോടി രൂപയാണ് നിർമാണചെലവ്. ഇതിൽ 3204.14 കോടി രൂപ സംസ്ഥാനം നൽകണമെന്ന് കേന്ദ്രം. ദൂരം 59.228 കിലോമീറ്റർ. 20 കിലോമീറ്റർ വനഭൂമിയിലൂടെയാണ്. 20 ടണൽ നിർമിക്കണം.