റെയില്‍വേ, ബാങ്ക് നിയമനത്തിന് ഒറ്റ പരീക്ഷ; കേന്ദ്ര സര്‍ക്കാറിന്റെ ചിന്ത ഈ വഴിക്ക്
പൊതു പരീക്ഷ നടത്തിയാല്‍ സര്‍ക്കാറിനും ഉദ്യോഗാര്‍ഥികള്‍ക്കും ഗുണകരമെന്ന് നിഗമനം
റെയില്‍വേ, പൊതുമേഖല ബാങ്കുകള്‍, സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ എന്നിവക്ക് പൊതു നിയമന പരീക്ഷ പ്രായോഗികമാണോ? അതെ എന്ന കാഴ്ചപ്പാടില്‍ ബന്ധപ്പെട്ടവര്‍ വിശദ ചര്‍ച്ചകളില്‍. നിയമനങ്ങള്‍ക്ക് വരുന്ന കാലതാമസം, ചോദ്യപേപ്പര്‍ ചോര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ അലട്ടുന്നതിനിടയിലാണ് ഒറ്റപ്പരീക്ഷ പരിഗണിക്കുന്നത്. ഒരേ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ പരിഗണിക്കുന്ന ഗസറ്റഡ്-ഇതര ഗ്രൂപ്പ് ബി, സി കേഡറുകളിലേക്ക് ഒറ്റ നിയമന പരീക്ഷ നടത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ഒരേ പദവിയും വിദ്യാഭ്യാസ യോഗ്യതയും ആവശ്യമായ തസ്തികകളിലേക്ക് വെവ്വേറെ പരീക്ഷയാണ് നടത്തി വരുന്നത്. ഒരു വര്‍ഷത്തില്‍ തന്നെ പല സമയങ്ങളില്‍ വെവ്വേറെ പരീക്ഷ നടത്തുന്നു. എന്നാല്‍ ഇത് ഒന്നിച്ചാക്കി പൊതു റാങ്ക് ലിസ്റ്റ് തയാറാക്കിയാല്‍ റെയില്‍വേക്കും ബന്ധപ്പെട്ട ബാങ്കുകള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഈ പട്ടികയില്‍ നിന്ന് ഉദ്യോഗാര്‍ഥിയെ നിയമിക്കാം. ഏതു സ്ഥാപനം തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാനുള്ള ഓപ്ഷന്‍ ഉദ്യോഗാര്‍ഥിക്ക് നല്‍കാനും കഴിയും.
ശിപാര്‍ശ കാബിനറ്റ് സെക്രട്ടറിയേറ്റിന്റെ പരിഗണനയിലേക്ക്
പേഴ്‌സണല്‍ ആന്റ് ട്രെയിനിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇതുസംബന്ധിച്ച ശിപാര്‍ശ ജൂണില്‍ തയാറായതാണ്. കാബിനറ്റ് സെക്രട്ടറിയേറ്റിന്റെയും പ്രധാനമന്ത്രി കാര്യാലയത്തിന്റെയും പരിഗണനയും ചര്‍ച്ചയുമാണ് അടുത്തപടി. ഒരു വര്‍ഷം പല പരീക്ഷകള്‍ നടത്തുന്നതിന്റെ തലവേദനകളും പണച്ചെലവും കുറക്കാന്‍ കഴിയുമെന്നതാണ് സര്‍ക്കാറിന്റെ നേട്ടമെങ്കില്‍, പല സ്ഥാപനങ്ങളിലേക്കുള്ള പല സമയത്തെ പരീക്ഷകള്‍ ഇല്ലാതാവുന്നത് ഉദ്യോഗാര്‍ഥിക്കും വലിയ ആശ്വാസമാകും. ഒരു സ്ഥാപനത്തിലെ നിയമനം ഉപേക്ഷിച്ച്, മെച്ചപ്പെട്ടതെന്ന് തോന്നുന്ന അടുത്ത സ്ഥാപനത്തിലേക്ക് ഉദ്യോഗാര്‍ഥി പോകുന്നതു വഴി, തസ്തികകള്‍ കൂടുതലായി ഒഴിഞ്ഞു കിടക്കുന്ന സ്ഥിതി ഒഴിവാക്കാനും സാധിക്കും.
ആറു കോടിയോളം ഉദ്യോഗാര്‍ഥികള്‍
റെയില്‍വേ റിക്രൂട്ടമെന്റ് ബോര്‍ഡിന്റെ പരീക്ഷകള്‍ക്ക് ശരാശരി 1.40 കോടി ഉദ്യോഗാര്‍ഥികള്‍ ഒരു വര്‍ഷം പങ്കെടുക്കുന്നുണ്ട്. ബാങ്കിങ് റിക്രൂട്ട്‌മെന്റിന്റെ കാര്യത്തില്‍ ഉദ്യോഗാര്‍ഥികളുടെ എണ്ണം 60 ലക്ഷത്തോളമാണ്. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷൻ പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ നാലു കോടിയില്‍പരം. പ്രിലിമിനറി പരീക്ഷകള്‍ക്കാണോ, മെയിന്‍ പരീക്ഷകള്‍ക്കാണോ പൊതുപരീക്ഷ പ്രായോഗികം തുടങ്ങിയ കാര്യങ്ങളില്‍ വിശദരൂപം പുറത്തുവരാനുണ്ട്. ഒറ്റപ്പരീക്ഷയെക്കുറിച്ചു നടക്കുന്ന ചര്‍ച്ചക്ക് ശേഷം ആശയം അംഗീകരിക്കുന്ന മുറക്കാണ് നടപടിക്രമങ്ങള്‍ തീരുമാനിക്കുക.
സിവില്‍ സര്‍വീസസ് പരീക്ഷകള്‍ കൂടുതല്‍ കാര്യക്ഷമവും ഏകോപിതവുമാക്കാനുള്ള ചര്‍ച്ചകളും പേഴ്‌സണല്‍കാര്യ മന്ത്രാലയം നടത്തുന്നുണ്ട്. ഇന്ത്യന്‍ ഓഡിറ്റ്-അക്കൗണ്ട്‌സ് സര്‍വീസ്, ഇന്ത്യന്‍ സിവില്‍ അക്കൗണ്ട്‌സ് സര്‍വീസ്, ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ട്‌സ് സര്‍വീസ്, ഇന്ത്യന്‍ ഡിഫന്‍സ് എസ്‌റ്റേറ്റ് സര്‍വീസ് എന്നിവയിലേക്കുള്ള പരീക്ഷകള്‍ സംയോജിപ്പിക്കുന്നതാണ് പരിഗണനയില്‍. സിവില്‍ സര്‍വീസസ് പരീക്ഷകള്‍ നവീകരിക്കണമെന്ന ആശയവും സര്‍ക്കാറിനു മുന്നിലുണ്ട്.