ദോഹയില്‍ നിന്ന് 'ഇവ' വിമാനത്തില്‍ പറന്നിറങ്ങി; വളര്‍ത്തു മൃഗങ്ങളെ കൊണ്ടുവരാന്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍
ഈ വര്‍ഷം ജൂലൈയില്‍ 'പെറ്റ് എക്‌സ്‌പോര്‍ട്ട്' സൗകര്യം സിയാലില്‍ നിലവില്‍ വന്നിരുന്നു
വിദേശത്തു നിന്ന് ഓമനമൃഗങ്ങളെ കൊണ്ട് വരാനുള്ള സര്‍ട്ടിഫിക്കേഷന്‍ ഒക്ടോബറില്‍ ലഭിച്ചതിനു ശേഷം ആദ്യമായി ഒരു ഓമനമൃഗം കൊച്ചി വിമാനത്താവളത്തിലെത്തി. സങ്കരയിനത്തില്‍പ്പെട്ട ഒരു വയസുകാരി 'ഇവ' എന്ന വെളുത്ത പൂച്ചക്കുട്ടിയാണ് ഇന്ന് രാവിലെ എയര്‍ ഇന്ത്യയുടെ എ.ഐ 954 വിമാനത്തില്‍ ദോഹയില്‍ നിന്ന് കൊച്ചിയിലെത്തിയത്. തൃശൂര്‍ ചേലക്കര സ്വദേശിയായ കെ. എ രാമചന്ദ്രനാണ് ഇവയുടെ അവകാശി.
ഈ വര്‍ഷം ജൂലൈയില്‍ 'പെറ്റ് എക്‌സ്‌പോര്‍ട്ട്' സൗകര്യം സിയാലില്‍ നിലവില്‍ വന്നു. നിരവധി യാത്രക്കാര്‍ ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് അനിമല്‍ ക്വാറന്റൈന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സര്‍വീസ് (എ.ക്യൂ.സി.എസ്) അനുമതി ലഭിച്ചതോടെ ഓമന മൃഗങ്ങളെ കൊണ്ടുപോകാനും കൊണ്ടുവരാനും സൗകര്യമുള്ള കേരളത്തിലെ ഏക വിമാനത്താവളമായി സിയാല്‍ മാറി.
വിപുലമായ സൗകര്യങ്ങളുള്ള പെറ്റ് സ്റ്റേഷന്‍, വെറ്ററിനറി ഡോക്ടറുടെ സേവനം, ക്വാറന്റൈന്‍ സെന്റര്‍ എന്നീ സൗകര്യങ്ങള്‍ സിയാലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ ബെല്‍ജിയത്തില്‍ നിന്ന് ഒരു നായ്ക്കുട്ടി കൂടി കൊച്ചി വിമാനത്താവളത്തില്‍ എത്തുന്നുണ്ട്.
വിദേശത്തു നിന്ന് വളര്‍ത്തു മൃഗങ്ങളെ കൊണ്ടു വരാനും കൊണ്ടു പോകാനുമുള്ള സൗകര്യങ്ങള്‍ ലഭ്യമാകുന്നതിന് എയര്‍ലൈനുകളെയോ കാര്‍ഗോ ഹാന്‍ഡ്‌ലിങ് ഏജന്‍സികളെയോ ആണ് യാത്രക്കാര്‍ ആദ്യം ബന്ധപ്പെടേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://aqcsindia.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.