കൊറോണയെ തുരത്താന്‍ മരുന്നുകളും ഭക്ഷണവും കടല്‍പ്പായലില്‍ നിന്ന്; സിഫ്റ്റിന്റെ കണ്ടെത്തല്‍

Update: 2020-08-22 09:43 GMT

കൊറോണയോട് പൊരുതാന്‍ തക്കവിധം ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് കടല്‍പ്പായലിലടങ്ങിയ ചില ഘടകങ്ങള്‍ ഫലപ്രദമെന്ന കൊച്ചിയിലെ കേന്ദ്ര സമുദ്ര ഗവേഷണ സ്ഥാപനത്തിന്റെ (സിഫ്റ്റ്) കണ്ടെത്തലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ഇതുമായി ബന്ധപ്പെട്ട് സിഫ്റ്റിലെ ഗവേഷകര്‍ തയ്യാറാക്കിയ ലേഖനം ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകൃതമായി.

കൊറോണയ്ക്കെതിരേ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് കടല്‍പ്പായലിന്റെ സാധ്യതകള്‍ ലേഖനത്തില്‍ വിവരിക്കുന്നു.ജലദോഷം, ഇന്‍ഫ്‌ളുവന്‍സ, വൈറസ് എച്ച് 1 എന്‍ 1 പോലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള ഫലപ്രദമായ ചികിത്സാ ഏജന്റായി ചുവന്ന കടല്‍പ്പായലില്‍ നിന്നുള്ള സള്‍ഫേറ്റഡ് പോളിസാക്കറൈഡിനെ നേരത്തെ കണ്ടെത്തിയിരുന്നു.സള്‍ഫേറ്റഡ് പോളിസാക്കറൈഡിന്റെ ഉപയോഗം ഇന്റര്‍ഫെറോണ്‍, ഇന്റര്‍ലൂക്കിന്‍ സ്രവങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും ഇത് ശക്തമായ രോഗപ്രതിരോധ ഉത്തേജകമാണെന്നും വിദഗ്ധര്‍ പറയുന്നു.

കടല്‍പ്പായലില്‍ ആന്റി ഓക്സിഡന്റുകളും അമിനോ ആസിഡുകളും വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയിട്ടുള്ളതായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കടല്‍പ്പായലുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങള്‍ കൊച്ചിയിലെ സിഫ്റ്റില്‍ നടന്നിരുന്നു.സിഫ്റ്റിലെ ശാസ്ത്രജ്ഞരായ ആഷിഷ് കെ. ഝാ, ഡോ. സുശീല മാത്യു, ഡയറക്ടര്‍ കൂടിയായ ഡോ. സി.എന്‍. രവിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഗവേഷണ ലേഖനം തയ്യാറാക്കിയത്.

കടല്‍പ്പായലിന്റെ വിപുല സാധ്യതകളിലേക്കാണ് സിഫ്റ്റിന്റെ ഗവേഷണം വെളിച്ചം വീശുന്നത്കൊറോണയെ തുരത്താന്‍ കടല്‍പ്പായലില്‍ നിന്ന് മരുന്നുകളും കൂടുതല്‍ ഇനം ഭക്ഷണങ്ങളും തയ്യാറാക്കാനാകുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു..കടല്‍പ്പായല്‍ ഉപയോഗിച്ച് യോഗര്‍ട്ട്, കാപ്സ്യൂള്‍സ് എന്നിവയുള്‍പ്പെടെ വിവിധ ഭക്ഷ്യ ഉത്പന്നങ്ങള്‍ സിഫ്റ്റ് നേരത്തെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സാനിറ്റൈസര്‍ ഉത്പാദനത്തിനും കടല്‍പ്പായല്‍ ഉപയോഗിക്കാമെന്ന് ഗവേഷണത്തിലൂടെ ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News