അഴീക്കോട്-മുനമ്പം പാലം നിര്‍മാണത്തിന് തുടക്കം; കിഫ്ബിയില്‍ നിന്ന് അനുവദിച്ചത് 160 കോടി രൂപ
നിര്‍മാണം 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും
തീരദേശ ഹൈവേയിലെ വലിയ പാലങ്ങളില്‍ ഒന്നായ മുനമ്പം-അഴീക്കോട് പാലത്തിന്റെ അനുബന്ധ ചെലവുകള്‍ക്കുള്‍പ്പെടെ കിഫ്ബിയില്‍ നിന്ന് 160 കോടി രൂപ അനുവദിച്ചു. പാലത്തിന്റെ നിര്‍മാണോദ്ഘാടനം വെള്ളിയാഴ്ച പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
സൈക്കിള്‍ ട്രാക്കും
എറണാകുളം-തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന 868.7 മീറ്റര്‍ നീളമുള്ള പാലം നിര്‍മ്മിക്കാന്‍ 143.28 കോടി രൂപയാണ് ചെലവ് നിശ്ചയിച്ചിരിക്കുന്നത്. അപ്രോച്ച് റോഡ് ഉള്‍പ്പെടെ മൊത്തം നീളം 1123.35 മീറ്ററാണ്. പാലത്തില്‍ ഇരുവശത്തും 1.50 മീറ്റര്‍ വീതിയുള്ള നടപ്പാതയും നടപ്പാതയോട് ചേര്‍ന്ന് 1.80 മീറ്റര്‍ വീതിയുള്ള സൈക്കിള്‍ ട്രാക്കും ആവശ്യത്തിനു വൈദ്യുതീകരണവും ഉണ്ടാകും.
വികസനം ലക്ഷ്യം
എറണാകുളം, തൃശൂര്‍ ജില്ലകളുടെ വികസനത്തിനും പ്രദേശവാസികളുടെ യാത്ര സുഗമമാക്കുന്നതിനും വഴിയൊരുക്കുന്ന പാലം വിനോദസഞ്ചാരമേഖലയ്ക്കും ഏറെ സഹായകമാകുന്നതിനൊപ്പം മേഖലയിലെ മത്സ്യവ്യവസായം മെച്ചപ്പെടുന്നതിനും സഹായകമാകും. പാലം നിര്‍മാണം 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.