കോവിഡ്: ഗള്‍ഫ് രാജ്യങ്ങളെ മാതൃകയാക്കാം, അതിഥി തൊഴിലാളികളെ ചേര്‍ത്തു നിര്‍ത്താം

Update:2020-03-28 19:03 IST

ഇന്ന് രാവിലെ ഒരു മാധ്യമപ്രവര്‍ത്തകയുടെ മൊബീല്‍ ഫോണിലേക്ക് അപരിചിതമായ നമ്പറില്‍ നിന്നൊരു വിളി വന്നു. ഹിന്ദിയില്‍ സംസാരിച്ചു തുടങ്ങി. ഞങ്ങള്‍ക്ക് പണിയില്ല. കാശില്ല. ഭക്ഷണം കഴിക്കാന്‍ വകയില്ല. നിങ്ങള്‍ എന്തെങ്കിലും ചെയ്യുമോ? ആരെയെങ്കിലും അറിയിക്കുമോ? ഇതൊരു വ്യാജ ഫോണ്‍ വിളിയായിരുന്നില്ല. പത്തനം തിട്ട ജില്ലയില്‍ നാട്ടിലേക്ക് തിരികെ പോകാന്‍ പറ്റാതെ, പുറത്തിറങ്ങാനാകാതെ പെട്ടുപോയ ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തിലെ ഒരാള്‍ തന്നെയായിരുന്നു.

കോവിഡ് വ്യാപനം തടയാന്‍ രാജ്യം ഒരു രാത്രിയില്‍ പെട്ടെന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തെരുവ് പോലും നഷ്ടപ്പെട്ടിരിക്കുകയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും പതിനായിരക്കണക്കിനാളുകള്‍ നാട്ടിലേക്ക് തിരിച്ചുപോയി. പലരും ലോക്ക് ഡൗണിന് മുമ്പ് ഏര്‍പ്പെടുത്തിയ സ്പെഷല്‍ ട്രെയ്ന്‍ സംവിധാനം ഇതിനായി ഉപയോഗപ്പെടുത്തി. ശേഷിക്കുന്നവര്‍ സ്വന്തം നാട് ലക്ഷ്യം വെച്ച് കാല്‍നടയായി സഞ്ചാരവും ആരംഭിച്ചിട്ടുണ്ട്. ഭക്ഷണവും വെള്ളവുമില്ലാത്ത ഇവരുടെ യാത്രകള്‍ മാധ്യമങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ വേണ്ട നടപടികള്‍ എടുക്കുന്നുണ്ട്.

അതിഥി തൊഴിലാളികള്‍ (ഇതര സംസ്ഥാന തൊഴിലാളികളെ ഇങ്ങനെയാണ് വിശേഷിപ്പിക്കുക) താമസിക്കുന്ന കെട്ടിടങ്ങളിലേക്ക് അതത് പഞ്ചായത്തുകള്‍ ഭക്ഷണം എത്തിക്കുമെന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് പൂര്‍ണമായും പ്രാവര്‍ത്തികമായിട്ടില്ല. അതിഥി തൊഴിലാളികളെ കൊണ്ടുവന്നിരിക്കുന്നവരോ കെട്ടിട ഉടമകളോ ആണ് ഇപ്പോള്‍ പലയിടത്തും അവര്‍ക്ക് ഭക്ഷണം എത്തിക്കുന്നത്. ചിലയിടങ്ങളില്‍ പ്രാദേശിക സംഘടനകളും രാഷ്ട്രീയ യുവജന സംഘടനകളും ഇവരെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്. എങ്കിലും അവരുടെ ആശങ്കകള്‍ മാറുന്നില്ല.

എറണാകുളം ജില്ലയിലെ കോറോണ കണ്‍ട്രോള്‍ റൂമില്‍ ഉള്‍പ്പടെ നൂറുകണക്കിന് അതിഥി തൊഴിലാളികള്‍ ആശങ്കയോടെ വിളിക്കുന്നുണ്ട്. അതേ തുടര്‍ന്ന് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായുള്ള അതിഥി ദേവോ ഭവഃ പരിപാടിയില്‍ പരിശീലനം സിദ്ധിച്ച ലിങ്ക് വര്‍ക്കേഴ്സിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അകറ്റാതെ ചേര്‍ത്തു നിര്‍ത്താം, കേരളം സ്തംഭിക്കാതിരിക്കാന്‍

ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തിലുണ്ടായിരുന്നു. പാതയോരങ്ങളില്‍ കേബിള്‍ സ്ഥാപിക്കാന്‍ കുഴി വെട്ടുന്നതുമുതല്‍ കിഫ്ബി വഴിയുള്ള വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വരെ കഠിനാധ്വാനം വേണ്ട ജോലികളെല്ലാം ചെയ്തിരുന്നത് അതിഥി തൊഴിലാളികളാണ്. ഗ്രാമീണ മേഖലയില്‍ വയലില്‍ ഞാറ് നടാന്‍ വരെ ഇറങ്ങിയിരുന്ന ഇവരാണ് വീടുകളില്‍ നിന്ന് അക്രി സാധനങ്ങള്‍ സമാഹരിച്ച് കൊണ്ടുപോയിരുന്നതും.

''തൊഴിലാളികള്‍ കേരളം വിട്ടുപോയാല്‍ അവരെ തിരികെ കൊണ്ടുവന്ന് പഴയ പോലെ ജോലികളില്‍ വിന്യസിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. പരമാവധി ആള്‍ക്കാരെ പിടിച്ചുനിര്‍ത്തണം. സ്ഥിതിഗതികള്‍ മെച്ചപ്പെടുമ്പോള്‍ കേരളം ചലിക്കാന്‍ അവര്‍ വേണം,'' വ്യവസായികള്‍ പറയുന്നു. കഠിനമായ ജോലികള്‍ മലയാളികള്‍ ചെയ്യാന്‍ ഇനിയും മടിക്കുമെന്നും ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാന്‍ അതിഥി തൊഴിലാളികള്‍ അനിവാര്യമാണെന്ന് കോണ്‍ട്രാക്റ്റര്‍മാരും ചൂണ്ടിക്കാട്ടുന്നു.
അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് ഭക്ഷണം നല്‍കുമെന്ന പദ്ധതിയിലൊതുങ്ങാതെ അവരിലേക്ക്് സമഗ്ര സേവനം എത്തിക്കുന്ന പദ്ധതിയാണ് കേരളം ഇനി നടപ്പാക്കേണ്ടത്. പ്രളയകാലത്ത് വിവിധ സ്ഥലങ്ങളിലെ അതിഥി തൊഴിലാളികളെ ഒരുമിച്ച് പാര്‍പ്പിച്ച് സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. പകര്‍ച്ച വ്യാധിക്കാലത്ത് അത്തരം കേന്ദ്രങ്ങള്‍ ഒരുക്കുമ്പോഴും അങ്ങേയറ്റത്തെ സുരക്ഷ വേണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News