കോവിഷീല്‍ഡ് വാക്സിന്‍ ഉത്പാദനം ഇരട്ടിയാക്കും: എസ്.ഐ.ഐ ഡയറക്ടര്‍
കൊവിഡ് വാക്സിന്റെ പുതിയ രണ്ട് പതിപ്പുകള്‍ കൂടി പരീക്ഷണഘട്ടത്തിലാണ്
കൊവിഡ് വാക്സിനായ കോവിഷീല്‍ഡിന്റെ ഉത്പാദനം ഇരട്ടിയാക്കി 20 കോടിയായി ഉയര്‍ത്തുമെന്ന് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ പി.സി നമ്പ്യാര്‍. നിലവില്‍ പ്രതിമാസം 10 കോടി വാക്സിനാണ് ഉത്പാദിപ്പിക്കുന്നത്. ഇത് ഉടനെ 20 കോടിയാക്കും. കൊവിഡ് വാക്സിന് നിലവില്‍ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്സിന്‍ സ്വീകരിച്ചാലും മാസ്‌ക് ഉപയോഗിക്കണം. കാരണം വാക്സിന്‍ എടുത്തയാളുടെ ശരീരത്തില്‍ എത്തുന്ന രോഗാണു അദ്ദേഹത്തെ ബാധിക്കില്ലെങ്കിലും മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. ഇതുമൂലം വാക്സിന്‍ എടുക്കാത്തവര്‍ക്ക് രോഗബാധയുണ്ടാവാനുള്ള സാധ്യതകൂടുതലാണ്. ഇതിനാലാണ് വാക്സിന്‍ എടുത്താലും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്ന് നിര്‍ദേശിക്കുന്നത്. നിലവില്‍ കൊവിഡ് ഷീല്‍ഡിന് ജനിതക മാറ്റം വന്ന കൊവിഡ് വൈറസിനെയും തടയാന്‍ ശേഷിയുണ്ട്.
കൊവിഡ് വാക്സിന്റെ പുതിയ രണ്ട് പതിപ്പുകള്‍ കൂടി പരീക്ഷണഘട്ടത്തിലാണ്. ഇതിലൊന്ന് കുട്ടികള്‍ക്കുള്ളതാണ്. ജനിച്ചയുടനെ തന്നെ കുട്ടികള്‍ക്ക് നല്‍കാന്‍ പറ്റുന്നവിധത്തിലുള്ള വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണങ്ങള്‍ കഴിഞ്ഞതായും ഇവ ഉടന്‍ ഉത്പാദനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.