ഇന്ന് നിങ്ങള്‍ അറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 19, 2021

വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ പ്രത്യേക കേന്ദ്ര പദ്ധതി വരുന്നു. 50 ലധികം ഇനങ്ങളുടെ ഇറക്കുമതി തീരുവ 5-10 ശതമാനം ഉയര്‍ന്നേക്കും.കുടിയേറ്റക്കാര്‍ക്ക് ഗുണകരമാകുന്ന നയം പ്രഖ്യാപിക്കാനൊരുങ്ങി ജോ ബൈഡന്‍. ഫെബ്രുവരി ഒന്നു മുതല്‍ ട്രഷറി സ്ഥിരനിക്ഷേപത്തിന്റെ പലിശ വെട്ടിച്ചുരുക്കല്‍. ഓഹരി സൂചികകള്‍ക്ക് ഇന്ന് മുന്നേറ്റം. ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍

Update: 2021-01-19 14:42 GMT


വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ പ്രത്യേക കേന്ദ്ര പദ്ധതി വരുന്നു

വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കാന്‍ പ്രത്യേക കേന്ദ്ര പദ്ധതി തയ്യാറാകുന്നു. പെന്‍ഷന്‍ ഫണ്ടുകള്‍, സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ തുടങ്ങിയവയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാകും പദ്ധതി. ഒരു ഇടപാടില്‍ 3000 കോടി രൂപയെങ്കിലും നിക്ഷേപിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളെയായിരിക്കും പ്രധാനമായും ഇതിനായി പരിഗണിക്കുക. മൂന്നുദിവസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അതിവേഗത്തില്‍ നിക്ഷേപം പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഏകജാലക സംവിധാനമൊരുക്കും.

50 ലധികം ഇനങ്ങളുടെ ഇറക്കുമതി തീരുവ 5-10 ശതമാനം ഉയര്‍ന്നേക്കും

2021 കേന്ദ്ര 50 ലധികം ഇനങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചേക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. സ്മാര്‍ട്ട്ഫോണുകള്‍, ഇലക്ട്രോണിക് ഘടകങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ 50 ലധികം ഇനങ്ങളുടെ ഇറക്കുമതി തീരുവ 5-10 ശതമാനം വരെ ഉയര്‍ത്താന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ആഭ്യന്തര ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാശ്രയ ഇന്ത്യ കാമ്പയിനിന്റെ ഭാഗമായാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനുള്ള നീക്കം. എന്നാല്‍ ഇത് വിപണിയില്‍ വിലക്കയറ്റം സൃഷ്ടിച്ചേക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

കുടിയേറ്റക്കാര്‍ക്ക് ഗുണകരമാകുന്ന നയം പ്രഖ്യാപിക്കാനൊരുങ്ങി ജോ ബൈഡന്‍

വമ്പന്‍ കുടിയേറ്റ നയം പ്രഖ്യാപിക്കാനൊരുങ്ങി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. സത്യപ്രതിജ്ഞാ ദിനത്തില്‍ തന്നെ പുതിയ നയം പുറത്തിറക്കും. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയത്തിനു വിരുദ്ധമായി അമേരിക്കയിലുള്ള ഇന്ത്യക്കാരുള്‍പ്പെടെ 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്കു ഗുണകരമാകുന്ന പ്രഖ്യാപനങ്ങളാവും ജോ ബൈഡന്‍ നടത്തുകയെന്നാണു നിഗമനം. ഇത്തരക്കാര്‍ക്ക് എട്ടു വര്‍ഷത്തിനുള്ളില്‍ യുഎസ് പൗരത്വം ലഭിക്കാന്‍ പാകത്തിലുള്ള നയമാവും ബൈഡന്‍ പ്രഖ്യാപിക്കുകയെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ഫെബ്രുവരി ഒന്നു മുതല്‍ ട്രഷറി സ്ഥിരനിക്ഷേപത്തിന്റെ പലിശ വെട്ടിച്ചുരുക്കല്‍
ട്രഷറി സ്ഥിരനിക്ഷേപത്തിന്റെ പലിശ വെട്ടിച്ചുരുക്കല്‍ ഫെബ്രുവരി ഒന്നു മുതല്‍ നിലവില്‍ വരും. രണ്ട് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ 6.40 ശതമാനമായി കുറയും. ഏഴര ശതമാനമായിരിക്കും ഇനി ഏറ്റവും ഉയര്‍ന്ന പലിശ. ഇതു ലഭിക്കാന്‍ 2 വര്‍ഷത്തിലേറെ കാലാവധിയുള്ള നിക്ഷേപം നടത്തണം. ഫെബ്രുവരി ഒന്നിനു മുന്‍പ് സ്ഥിരനിക്ഷേപം നടത്തിയവര്‍ക്ക് അപ്പോഴുണ്ടായിരുന്ന പലിശ തന്നെ നിക്ഷേപ കാലാവധി കഴിയുംവരെ ലഭിക്കും. ഈ മാസം 31 വരെ നിക്ഷേപിക്കുന്നവര്‍ക്കും കാലാവധി കഴിയുംവരെ നിലവിലെ പലിശ നിരക്കു തന്നെ ലഭിക്കും.


നിക്ഷേപകര്‍ ലാഭമെടുക്കുമോ? വിപണി ചെറിയ തിരുത്തലിന് വിധേയമാകുമോ? ഈ സംശയങ്ങളെല്ലാം നിലനിന്നിരുന്നുവെങ്കിലും കഴിഞ്ഞ രണ്ടുദിവത്തെ നഷ്ടത്തെ തുടച്ചുമാറ്റി ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ മുന്നോട്ട് കുതിച്ചു. ഇന്ന് വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ സെന്‍സെക്സ് 936 പോയ്ന്റ് കുതിച്ചുയര്‍ന്ന് 49,500 ല്‍ തൊട്ടു. എന്നാല്‍ ക്ലോസിംഗില്‍ ഇതില്‍ നിന്ന് അല്‍പ്പം താഴ്ന്ന്, 49,398.29 ലെത്തി. ഇന്ന് സെന്‍സെക്സ് ഉയര്‍ന്നത് 834 പോയ്ന്റാണ്. 1.7 ശതമാനം വര്‍ധന.

കമ്മോഡിറ്റി വിലകള്‍- ജനുവരി 19, 2021 


കുരുമുളക് (ഗാര്‍ബിള്‍ഡ്) : 345.00(kg)
കുരുമുളക് (അണ്‍ ഗാര്‍ബിള്‍ഡ്): 325.00

ഏലക്ക: 1597.46 (Kg)

റബര്‍ : കൊച്ചി

റബര്‍ 4 ഗ്രേഡ് : 15300
റബര്‍ 5 ഗ്രേഡ് : 14400

റബര്‍ : കോട്ടയം

റബര്‍ 4 ഗ്രേഡ് : 15300
റബര്‍ 5 ഗ്രേഡ് : 14400

സ്വര്‍ണം : 4565, ഇന്നലെ :4550
വെള്ളി : 65.80 , ഇന്നലെ : 65.50




 




Tags:    

Similar News